Connect with us

Malappuram

ആത്മീയ ചൈതന്യ നിറവില്‍ മഅ്ദിന്‍ ഹിജ്റ കോണ്‍ഫറന്‍സിന് പ്രൗഢ സമാപനം

മുഹര്‍റം പത്തും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയ സന്തോഷത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറില്‍ സംഗമിച്ചത്.

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറില്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഹിജ്‌റ കോണ്‍ഫറന്‍സിന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.

മലപ്പുറം | ആയിരങ്ങള്‍ക്ക് ആത്മീയ പ്രഭ ചൊരിഞ്ഞ് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഹിജ്റ കോണ്‍ഫറന്‍സിന് പ്രൗഢ സമാപനം. മുഹര്‍റം പത്തും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയ സന്തോഷത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറില്‍ സംഗമിച്ചത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസത്തിന്റെ പവിത്രത നേടാന്‍ വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും പ്രത്യേകം തയ്യാറാക്കിയ പന്തല്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലും ഒരുമിച്ചു കൂടിയിരുന്നു. ജീവിതത്തില്‍ വന്നുപോയ അവിവേകങ്ങള്‍ക്ക് നാഥനോട് മാപ്പിരന്നും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചും ജീവിതത്തിന്റെ സുഖ ദുഃഖങ്ങളേറ്റെടുക്കാന്‍ തയ്യാറായുമാണ് വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റത്.

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹര്‍റം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യദിനങ്ങളില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പിന്തുണയില്ലെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഹിജ്‌റ കോണ്‍ഫറന്‍സിന് സംബന്ധിക്കാനായി നിരവധി വിശ്വാസികള്‍ വ്യാഴാഴ്ച രാത്രി തന്നെ മഅ്ദിന്‍ അക്കാദമിയില്‍ എത്തിയിരുന്നു.

സംഗമത്തിനെത്തിയ വിശ്വാസികള്‍ക്ക് വിഭവസമൃദ്ധമായ നോമ്പ്തുറയും ഒരുക്കി. നോമ്പുതുറക്കുള്ള പലഹാരങ്ങള്‍ പരിസര പ്രദേശങ്ങളിലെ ഉമ്മമാരാണ് തയ്യാറാക്കിയത്. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ചരിത്ര സന്ദേശപ്രഭാഷണം, തഹ്‌ലീല്‍, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ എട്ടിന് മഅ്ദിന്‍ ഗ്രാന്റ്് മസ്ജിദില്‍ ആരംഭിച്ച സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ അലോസരങ്ങളില്ലാതെ കാണുന്നതിനും കേള്‍ക്കുന്നതിനും എല്‍ ഇ ഡി വാള്‍ അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയായിരുന്നു സമ്മേളനം. കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍ സംബന്ധിച്ചു.

Content Highlights:
The annual Ma’din Hijra Conference concluded with a grand spiritual gathering. Thousands of believers attended the event led by prominent Islamic scholars. The conference emphasized the message of peace, Islamic values, and community development.

 

 

 

Latest