Kerala
സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം
ഈ മാസം 30ാം തിയതി വരെ se.census. gov.in എന്ന പോര്‍ട്ടലിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താം.
തിരുവനന്തപുരം| സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, ജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം ഇന്ന് ലഭ്യമാകും. ഈ മാസം 30ാം തിയതി വരെ വിവരങ്ങള്‍ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.
പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം.
തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.
നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെന്‍സസില്‍ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.
ജനങ്ങള്‍ സ്വയം രേഖപ്പെടുത്തിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം ജൂലൈ ഒന്നു മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളില്‍ സന്ദര്‍ശനത്തിനെത്തും. ഈ സമയം, നേരത്തെ സെല്‍ഫ് എന്യൂമറേഷന്‍ വഴി വിവരങ്ങള്‍ നല്‍കിയവര്‍ തങ്ങള്‍ക്ക് ലഭിച്ച റഫറന്‍സ് നമ്പര്‍ മാത്രം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ മതി.
രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും കേരളത്തില്‍ നടക്കുക. പ്രവാസി മലയാളികള്‍ക്ക് സെന്‍സസ് ബാധകമാകില്ലെന്ന് ചീഫ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ മിത്ര ടി ഐ എ എസ് വ്യക്തമാക്കി.
Content Highlights:
The census process begins in Kerala today with a self-enumeration facility open until June 30. Citizens can update their details through the official portal before official verification. Chief Principal Census Officer Mitra T IAS clarified that the census is not applicable to non-resident Keralites.







