Connect with us

prathivaram coverstory

ഹൃദയ നൂലുകൾ നെയ്യുന്ന ജീവിതം

കാലോചിതമായ മാറ്റങ്ങളിൽ പ്രാചീനമായ, ഇന്നലെകളെ അതിസമ്പുഷ്ടമാക്കിയ പലതും മാഞ്ഞു പോകുന്നതുപോലെ വസ്ത്ര സാംസ്‌കാരികതയിലും മാറ്റങ്ങൾ വന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ആഗോള കുത്തകകൾ കുഗ്രാമത്തിൽ വേരാഴ്ത്തിയപ്പോൾ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിഷ്‌കളങ്കരും പാവങ്ങളുമായ കൈത്തറി തൊഴിലാളികളും വിസ്മൃതിയിലാണ്ടു. നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും വരച്ചുവെക്കുന്ന ഇത്തരം അമൂല്യനിധികളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്.

Published

|

Last Updated

ള്ളുവനാടൻ പ്രകൃതി ഭംഗി. സഹ്യാദ്രിയുടെ ഇളം കുളിരേറ്റൊഴുകുന്ന കരിമ്പുഴ. പ്രകൃതി മനോഹാരിതയും പൈതൃകത്തനിമയും ഉറഞ്ഞ് തുളുമ്പുന്ന കരിമ്പുഴ ദേശത്തെ പ്രസിദ്ധമാക്കിയതിൽ കൈത്തറി വ്യവസായത്തിന് പ്രധാന പങ്കുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്താണ് കരിമ്പുഴ ദേശം. സാമൂതിരി രാജാവിന്റെ നിർദേശപ്രകാരം കർണാടകയിൽ നിന്നും കരിമ്പുഴയിലെത്തി ഇവിടുത്തെ മണ്ണും മനസ്സും നെഞ്ചോട് ചേർത്തവർ. നൂറ്റാണ്ടുകൾക്കിപ്പുറം പഴമയുടെ തനിമ വിടാതെ വസ്ത്രം നെയ്യുന്ന പച്ച മനുഷ്യരെ ഇവിടെ കാണാം. കാലത്തിന്റെ ശരവേഗ സഞ്ചാരങ്ങളിൽ പോലും തളരാത്ത നിശ്വാസങ്ങളോടെ.

ഒഴുകിയെത്തിയ നെയ്ത്തിന്റെ കഥ

“നമ്മ പൂർവജരു കർണാടകട ഹംപിയാ വരു’….
കൃഷ്‌ണേട്ടൻ പറഞ്ഞത് ഒട്ടും മനസ്സിലാവാതെ രണ്ട് ജോഡി കണ്ണുകൾ ചുളിവ് വീണ മുഖത്തേക്ക് ആഴ്ന്നു പതിച്ചു. അയാൾ തുടർന്നു. “കർണാടകയിലെ ഹംപി ദേശക്കാരാണ് ഞങ്ങളുടെ പൂർവികർ.’ ശുദ്ധ മലയാളം! നീര് കെട്ടി വീർത്ത വലതു കാല് കൃഷ്‌ണേട്ടൻ കസേരയിലേക്ക് ചേർത്ത് വെച്ചു. “ഞാൻ ജനിച്ചതും വളർന്നതും ഇവിടെ തന്നെയാണ്. വീട്ടുകാർ തമ്മിൽ സംസാരഭാഷ കന്നടയാണെങ്കിലും മലയാളം, തമിഴ് ഭാഷകളും അറിയാം.’
നൂറ്റാണ്ടുകളുടെ നെയ്ത്തനുഭവങ്ങൾ കരിമ്പുഴ ദേശത്തെ ഒരോ ശീലയിലും കൊത്തിവെച്ചിട്ടുണ്ട്. പൂർവ ചരിത്രത്തിന്റെ ഇലയനക്കങ്ങൾ. ഇവിടുത്തെ ഓരോ പ്രഭാതത്തിനും കഞ്ഞി മുക്കിയ പാവിന്റെ മണമുണ്ട്. കൈത്തറിയുടെ മരക്കോലുകൾ കൂട്ടിമുട്ടുന്ന സംഗീത ശബ്ദവും. ഏകദേശം അറുനൂറ് വർഷങ്ങൾക്ക് മുമ്പാണ് നെയ്ത്ത് മേഖലയിൽ വിശുദ്ധ പാരമ്പര്യവും വൈദഗ്ധ്യവുമുള്ള ദേവാംഗർ – ചെട്ടിയാർ വിഭാഗം കരിമ്പുഴയിലെത്തുന്നത്. നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച് ഹംപി ആസ്ഥാനമായി ജീവിതം നയിച്ചിരുന്ന വിഭാഗമാണിവർ.

ശുഭശബ്ദങ്ങളുടെ പ്രഭാതം

പുലരിയിൽ തന്നെ നെയ്ത്തു ഗ്രാമം സജീവമാകും. പാവ് തയ്യാറാക്കുന്ന പ്രഭാതങ്ങളിൽ ദിവസങ്ങളായി ശേഖരിച്ചുവെച്ച കഞ്ഞിയുടെ മുഷിഞ്ഞ വാട ഗ്രാമം മുഴുക്കെ ഒഴുകും. വെള്ളത്തിൽ കുതിർത്തിയെടുത്ത് ഉണക്കിയ പാവിനെ നിവർത്തിവിരിച്ച് കഞ്ഞിപ്പശ പൂശി ദൃഢമാക്കുന്ന കാഴ്ച അതിമനോഹരമാണ്. അമ്പത് മീറ്ററിലേറെ നീളത്തിൽ രണ്ട് ബദ്നിയകൾക്കിടയിൽ അഞ്ചിലധികം പേർ സൂക്ഷ്മ നിരീക്ഷണത്തോടെ തൊഴിലിലേർപ്പെടുന്നത് നെയ്ത്തിന്റെ ജീവനാഡിയിൽ പ്രധാനിയാണ്.

“തു ധർത്തി പെ ചാഹി യഹാം ഭീ രഹേങ്കി…’
തുരുമ്പ് തുന്നിയ റേഡിയോയിൽ നിന്ന് ഒരു മൂളക്കം പുറത്തുവരുന്നു.
“ടക് ട കട്..’
തങ്കവേലു തറിയിൽ താളം പിടിക്കുന്നത് പോലെ തോന്നി.
മാറിൽ നരച്ച ചിലന്തിവല,
കൈകാലുകൾക്ക് യന്ത്രവേഗത.
മൂക്കിനു മുകളിൽ ക്ലാവു പിടിച്ച കണ്ണാടി.

കാവി തേച്ച തറയിലിരുന്ന് അമ്പതു കഴിഞ്ഞ ഒരു സ്ത്രീയുടൽ ഊട നൂൽ തയ്യാറാക്കുകയാണ്.
“നമ്മലി എനു ഉളിദില്ല, മദ്യവർത്തികളു ഹന ഗളിസുത്താരേ’
ഇത്രയും കഷ്ടപ്പാടുകളെല്ലാം സഹിച്ചു നെയ്യുന്ന വസ്ത്രത്തിന്റെ നല്ലൊരു ലാഭവിഹിതം ഇടനിലക്കാരാണ് സ്വന്തമാക്കുന്നത്. തങ്കവേലു പറഞ്ഞു.

പള്ളിക്കൂടത്തിൽ പോകുന്ന കാലത്തു തന്നെ അച്ഛനോടൊപ്പം നെയ്യാൻ തുടങ്ങിയതാണയാൾ. അച്ഛന്റെ വറ്റി വരണ്ട കൈകളിലെ നൂലിഴ പൂർവീകരുടെ വേരുകളിൽ കെട്ടുപിണഞ്ഞിരിക്കുന്നു. അയാളും ആ വേരുകളിലഭയം തേടി.
“പുതിയ ചെക്കന്മാർക്ക് ഇപ്പോ ഇതൊന്നും വേണ്ട ‘
തങ്കവേലുവിന്റെ കണ്ഠമിടറി.

“അവരെ പറഞ്ഞിട്ടും കാര്യമില്ല. 400 രൂപയാണ് ദിവസവരുമാനം. ഇത് ഒത്തു പോവണ്ടേ ..?!’
അയാൾക്ക് മൂന്ന് പെൺമക്കളാണ്. അവരെയെല്ലാം വേളി കഴിപ്പിച്ചു. ഇപ്പൊ ആ വീട്ടിൽ രണ്ട് ഹൃദയങ്ങൾ മാത്രം.
തറയുടെ തണുപ്പിലിരുന്ന് ഊടു നൂലൊരുക്കി ഭാര്യ തങ്കവേലുവിന് നൽകും. അത് പാവിനോടിഴ ചേർന്ന് തൂവെള്ള വസ്ത്രമാവുന്നു. ആ ഹൃദയനൂലുകൾ കെട്ടുപിണഞ്ഞ് ജീവിതം വരയ്ക്കുന്നു.
അഴിയാക്കുരുക്കുള്ള ജീവിതം

മുണ്ടുടുക്കാൻ എളുപ്പമാണ്. എന്നാൽ അത് നെയ്യാനോ..? രണ്ടിലധികം ദിവസത്തെ അഞ്ചാറ് പേരുടെ അധ്വാനം നെയ്ത്തിനാവശ്യമാണ്. പൊട്ടുന്നത് ഒറ്റ നൂലാണെങ്കിൽ പോലും ആ മുണ്ട് മുഴുവൻ കേടാവും. കണ്ണും കാതും കൈകാലുകളുമെല്ലാം ഒരേ സമയം ചലിക്കണം, ആരാധന പോലെ ഏകാഗ്രത ഏറ്റവും ആവശ്യമായ തൊഴിൽ. കരിമ്പുഴക്കാർക്ക് നെയ്ത്താണ് എല്ലാം. കരള് കീറി പാത്തു വെച്ച നെയ്ത്ത്!

കൃഷ്‌ണേട്ടൻ ജീവിതത്തിന്റെ രണ്ടറ്റം ഏച്ചു കെട്ടാനുള്ള നൂലുകെട്ടുമെടുത്ത് പുഴക്കരയിലേക്ക് പോകും. ഒരു പാവിനുള്ള നൂലാണ്, ഹിമകണമുതിർന്നു വീണ കരിമ്പുഴയിൽ നൂല് മുക്കി പാറപ്പുറത്തെ ഉരക്കല്ലിൽ വെച്ച് ചവിട്ടി മെതിച്ച് പരുവമാക്കും. പിന്നെ മൂന്ന് ദിവസം നൂല് വെള്ളത്തിൽ തന്നെ. ശേഷം നൂല് പിഴിഞ്ഞ് ഉണക്കും. ബദനിയ എന്ന കോൽ റോഡിൽ കുത്തിനിർത്തി അതിൽ അച്ച് വെച്ചാണ് പാവ് ഉണക്കിയെടുക്കുക. കഴി ഒന്ന് ഒരു പി വി സി പൈപ്പിനുള്ളിൽ എന്ന തോതിൽ രണ്ട് ഇഞ്ചിന്റെ പി വി സി പൈപ്പിനുള്ളിലേക്ക് ഓരോ ഇഴയായി നൂല് കയറ്റി വെക്കും. ഇതു കൊണ്ടുപോയി പാവ് മെഷീനിൽ ഘടിപ്പിക്കും. ഭൂമി കുഴിച്ച് സ്ഥാപിക്കുന്ന വലിയൊരു ചർക്കയുള്ള മെഷീനാണിത്. തറിയുമായി ബന്ധപ്പെട്ട മുഴുവൻ ഉപകരണങ്ങൾക്കും കന്നട പേരുകളാണ്.

സിഗുറു (മുളക്കോൽ), പടസലയ (നൂൽ എടുക്കാനായി അച്ചിൽ നടുഭാഗത്ത് വെക്കുന്ന വടി), ചക്രഗാഡ (അച്ച് നിർത്തുന്ന സാധനം), മൊട്ടിൻചക്കെ (ചവിട്ട് പലക), ശേണ്ടു (തുണി വീതി കുറയാതിരിക്കാൻ വേണ്ടിയുള്ളത്), നാളി (അച്ചിൽ നൂൽ ചുറ്റിവെക്കുന്ന ഉപകരണം) തുടങ്ങി കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന പേരുകളാണുള്ളത്. ഒരു പാവെന്നാൽ നാൽപ്പത്തിരണ്ട് മീറ്ററാണ്. ഈ പൈപ്പിനുള്ളിലെ നൂൽ മുഴുവൻ മെഷീനിൽ ചുറ്റിവെക്കും. അത് അഴിച്ചെടുത്ത് മുറ്റത്ത് കൊണ്ടുവന്ന് നിവർത്തും. ഇതാണ് ഒരു പാവ്. ഈ പാവ് ഇരുവശത്തേക്കും നന്നായി വലിച്ചു വെച്ച് കഞ്ഞിപ്പശയിടും. പഴകിയ കഞ്ഞിവെള്ളമാണിത്. നൂലുകളുടെ ഉറപ്പിനു വേണ്ടിയാണിങ്ങനെ ചെയ്യുന്നത്.

കഞ്ഞിവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ഉണക്കാൻ വെക്കും. ഉണങ്ങിയതിനു ശേഷം കൈത്തറിയിലെ മറ്റൊരു പാവിനോട് ഇതിനെ ബന്ധിപ്പിക്കും. ഇനി തുടർച്ചയായി നെയ്യാം. ഒരു പാവിൽ നാലായിരത്തി ഇരുന്നൂറ് അഴി നൂലുകളാണുണ്ടാവുക. അതിൽ രണ്ടായിരത്തിയൊരുനൂറ് അഴി മുകളിലും രണ്ടായിരത്തിയൊരുനൂറ് അഴി താഴെയും. ഇതിനിടയിലൂടെ ഒരു ഊട നൂൽ കടത്തി വിട്ടാണ് നെയ്യുന്നത്. ഇതിന്റെ ബലത്തിനു വേണ്ടി രണ്ടോ അതിലധികമോ ദിവസം കഞ്ഞിവെള്ളത്തിൽ മുക്കിയിടും. പാവിന് കുറുകെ ഓടുന്ന ഊട നൂൽ തുണിയായി പേറ്റു നോവോടെ പുറത്തുവരുന്നു. കൃഷ്‌ണേട്ടന്റെ നെറ്റിത്തടത്തിൽ നിന്നൊരു തുള്ളി കസവുമുണ്ടിലലിഞ്ഞു.
“നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലേ?’
തളർന്ന കണ്ണുകളിലേക്ക് നോക്കി ഞങ്ങൾ ചോദിച്ചു.
അയാളൊന്നു ചുമച്ചു. ശേഷം പറഞ്ഞു തുടങ്ങി.

പത്ത് നാൽപ്പത് വർഷം മുമ്പ് കരിമ്പുഴ കൈത്തറി നെയ്ത്തുസംഘം എന്ന പേരിൽ ഒരു സഹകരണസംഘം കരിമ്പുഴയിൽ പ്രവർത്തിച്ചിരുന്നു. നെയ്ത്ത് ജീവിതോപാധിയായി തിരഞ്ഞെടുത്ത ഗ്രാമത്തിലെ പച്ച മനുഷ്യരുടെ ആവശ്യങ്ങൾ അധികാരികളോട് സംസാരിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും ആ സംഘം മുന്നിലുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയപ്പാർട്ടികളുടെ സ്വാധീനം ഈ സംഘത്തിൽ വിള്ളലുണ്ടാക്കി. സ്വന്തം പാർട്ടിക്കാർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകിയത് സംഘത്തിനുള്ളിൽ ചേരിതിരിവ് സൃഷ്ടിച്ചു. അടിപിടിയായി. പലരും അഴിക്കുള്ളിലായി. അടുപ്പിൽ കഞ്ഞി വേവാതെയായി. അവസാനം ആ വാതിലിൽ പൂട്ട് വീണു. “അന്ന് കുറേ ജയിലിൽ കിടന്നതാ.

ഞാ കമ്മ്യൂണിസ്റ്റാണ്. ചോരയും നീരുമുള്ള എഴുപതിലെ സഖാവ്.’ കൃഷ്ണേട്ടൻ വീണ്ടും ചുമച്ചു. ഉള്ളിൽ ഓർമക്കഫം കുറുകുന്നു. തൊണ്ടയൊന്നനക്കി അയാളത് വിസ്മൃതിക്കുഴിയിലേക്ക് നീട്ടിത്തുപ്പി. “തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിലുള്ള നെയ്ത്തുകാർക്ക് പവർലൂമിന് അനുമതിയുള്ളതു പോലെ ഇവിടെയും നൽകിയാൽ പുതിയ തലമുറയും നെയ്ത്തിനെ തൊഴിലായി ഏറ്റെടുക്കും. ഒന്ന് നെയ്യുന്നിടത്ത് പത്ത് നെയ്യാം, വരുമാനവും വർധിപ്പിക്കാം.’ അയാൾ ദീർഘമായി നിശ്വസിച്ചു. കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന കൈത്തറിയുടെ സംരക്ഷണം സർക്കാറിന്റെ കൂടെ അജൻഡയാകുമ്പോഴേ അതിജീവനം സാധ്യമാകൂ…

അതിർത്തി ഭേദിച്ച കൈത്തറിപ്പെരുമ

ഏതോ രാഷ്ട്രീയക്കാരനെത്തിക്കാനുള്ള കഞ്ഞി മുക്കിയ ഷർട്ട്പീസ് പാക്ക് ചെയ്യുന്ന തിരക്കിലാണ് ദാസ് ഹാൻഡ്്ലൂംസിന്റെ ഉടമസ്ഥനായ കൃഷ്ണ ദാസ്. കൃഷ്ണേട്ടന്റെ മകനാണ് അദ്ദേഹം. വീടിനോട് തൊട്ടുരുമ്മിത്തന്നെയാണ് കടയും. എറണാംകുളത്ത് നിന്നും തുണിയെടുക്കാനെത്തിയ ഒരു കുടുംബവും കടയിലുണ്ട്. കച്ചവടത്തിരക്കുകൾക്കിടയിലും സംസാരിക്കാനും വിവരങ്ങൾ പങ്കുവെക്കാനും അദ്ദേഹം പൂർണ താത്പര്യം പ്രകടിപ്പിച്ചത് ഞങ്ങളിൽ അതിശയമുളവാക്കി.

അമ്പലവാസികൾക്ക് തുണിയൊരുക്കാൻ കരിമ്പുഴയിലെത്തിയ നെയ്ത്തുകാർ പിന്നീട് തങ്ങളുടെ കുലത്തൊഴിലിനെ ഉപജീവനമാർഗമാക്കി അവിടെ തന്നെ സ്ഥിരതാമസമാക്കി. വൈകാതെ തന്നെ കരിമ്പുഴയുടെ കൈത്തറി വിശേഷങ്ങൾ പുറം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ആവശ്യക്കാരുടെ എണ്ണം കുടി. തലമുറകൾ മാറുന്നതിനോടൊപ്പം നെയ്ത്ത് രീതിയിലും വ്യത്യാസങ്ങൾ വന്നു. കേരളത്തിലെ കൈത്തറിയുടെ വിപണന സാധ്യത മനസ്സിലാക്കിയ ദേവാംഗർ വീടുകൾക്കുള്ളിലും വീടിനോട് ചേർന്ന ചെറിയ മുറികളിലും കൈത്തറി വസ്ത്രങ്ങളുടെ വിൽപ്പനയാരംഭിച്ചു. കാലോചിതമായ മാറ്റങ്ങളിലൂടെ നൂറ്റാണ്ടുകൾ പ്രകാശ വേഗത്തിൽ ഓടിമറഞ്ഞു. ചെറിയ മുറികൾ വലിയ സ്ഥാപനങ്ങളായി വളർന്നു. നെയ്ത്തുപകരണങ്ങളിലും അസംസ്‌കൃത വസ്തുക്കളിലും സാങ്കേതികതയുടെ കൈയൊപ്പുകൾ പ്രത്യക്ഷപ്പെട്ടു. സ്വന്തം കടകളിൽ ആവശ്യക്കാരെ കാത്തിരിക്കുന്നതിന് പകരം വിപണിയിലേക്ക് നേരിട്ടിറങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടും അല്ലാതെയും വസ്ത്രങ്ങൾ എത്തിച്ചു. ഇന്ന്, യൂറോപ്പ് അടക്കമുള്ള വൻകരകളിൽ പാലക്കാട്ടെ ഈ കുഗ്രാമത്തിലെ ഉത്പന്നങ്ങൾക്ക് പ്രൗഢിയും പത്രാസുമുണ്ട്.
“അങ്ങാടീന്ന് കുറേ മാറിയല്ലേ കടയുള്ളത്. കച്ചോടമൊക്കെ ഉണ്ടാകുമോ?’

സ്വാഭാവികമായി ഉള്ളിലുണ്ടായേക്കാവുന്ന ഒരാശങ്ക ദാസേട്ടനുമായി പങ്കുവെച്ചു. നഗരത്തിൽ നിന്നും വിട്ടുമാറി ചെറുതും വലുതുമായ ഒട്ടനവധി കച്ചവട സ്ഥാപനങ്ങൾ കരിമ്പുഴ ദേശത്തുണ്ട്. കടകളും ആവശ്യത്തിലേറെ വ്യാപാരികളും നഗരങ്ങളിലുണ്ടാകുമ്പോൾ ഗ്രാമങ്ങൾ തേടി ആരു വരാനാണ്. പക്ഷേ, തികഞ്ഞ ആത്മാഭിമാനത്തോടെയുള്ള മറുപടി കേട്ടപ്പോൾ ചോദ്യം അസ്ഥാനത്തായി എന്ന തിരിച്ചറിവുണ്ടായി. കൃഷ്ണദാസ് തന്റെ മൊബൈൽ ഫോൺ എടുത്ത് പരതാൻ തുടങ്ങി. ഞങ്ങൾ സ്‌ക്രീനിലേക്ക് കണ്ണെറിഞ്ഞു. കൈത്തറി ഉത്പന്നങ്ങളുടെ വിവിധയിനം മോഡലുകളുടെയും ആവശ്യക്കാരുടെയും നീണ്ട നിര. ഇടതൂർന്ന നൂലിഴകൾ പോലെ തിങ്ങിക്കൂടിയ ചിത്രങ്ങൾക്കിടയിൽ നിന്നും ഒരു ചിത്രം വിരൽതുമ്പ് കൊണ്ട് തലയുയർത്തി. കേരള രാഷ്ട്രീയത്തിലെ പ്രധാനിയായ ഒരു എം എൽ എ കടയിൽ നേരിട്ട് വന്ന് മുണ്ട് വാങ്ങുന്ന ചിത്രമായിരുന്നു അത്. ശേഷം ജർമനിയിൽ നിന്നുള്ള ഉപഭോക്താവിന്റെ ഫീഡ്ബാക്ക് വീഡിയോ. പിന്നാലെ സ്വദേശികളും അന്യദേശക്കാരുമായ അനേകം പേരുടെ പ്രശംസകളും കൃതജ്ഞതകളും.

കൃഷ്‌ണേട്ടന്റെ ഒറ്റ മകനാണ് കൃഷ്ണദാസ്. അധിക ജോലിയും ലാഭമില്ലായ്മയും ഗ്രാമത്തിലെ യുവാക്കളെ മറ്റു ജോലികളിലേക്കും വിദേശങ്ങളിലേക്കും ചേക്കേറാൻ പ്രേരിപ്പിച്ചപ്പോൾ കുലത്തൊഴിലിനോടുള്ള ആദരവും ബഹുമാനവും കാരണം മകനെ മറ്റൊരു തൊഴിലിലേക്ക് പറഞ്ഞയക്കാൻ അദ്ദേഹത്തിന്റെ മനസ്സിനായില്ല. പൂർവികരുടെ വിയർപ്പുറ്റിയ മണ്ണിനോടുള്ള കരുതലും പരിഗണനയും!. ഗ്രാമത്തിൽ നെയ്തുണ്ടാക്കുന്ന കൈത്തറി ഉത്പന്നങ്ങളെ കേരളത്തിനകത്തും പുറത്തുമുള്ള കച്ചവടക്കാരിലേക്ക് എത്തിക്കുന്ന സംരംഭമായാണ് ദാസ് ഹാൻഡ്്ലൂംസ് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ചത്.

കരിമ്പുഴക്ക് പുറത്തുള്ള നെയ്ത്തുകാരിൽ നിന്നും തമിഴ് നാട്ടിൽനിന്നും ചരക്കുകളെത്തിച്ച് സംരംഭത്തെ വിശാലമാക്കി. പക്ഷേ, അടുക്കളയും അങ്ങാടിയും നിശബ്ദമായ, അന്താരാഷ്ട്ര വിപണികൾ പോലും സ്തംഭിച്ച കൊറോണയുടെ പ്രത്യാഘാതങ്ങൾ എല്ലാവരെയും പോലെ കൈത്തറി തൊഴിലാളികളെയും ബാധിച്ചു. വിൽപ്പന ഇല്ലാതെ ഉത്പന്നങ്ങൾ തുണിക്കടകളിൽ കെട്ടിക്കിടക്കുന്നത് കൊറോണക്ക് ശേഷവും പുതിയ ഓർഡറുകൾ കിട്ടാൻ പ്രയാസമായി. പലരും മറ്റു ജോലികൾ തേടിപ്പോയി. നൂറിലേറെ തറികൾ രാപ്പകലില്ലാതെ സംഗീതം നെയ്ത കരിമ്പുഴയിൽ ഇന്ന് ഇരുപത്തഞ്ചോളം തറികൾ മാത്രമേ പ്രവർത്തനസജ്ജമായുള്ളൂ. ദേശപ്പെരുമയുടെ നിറം മങ്ങിയ അസ്തമയത്തെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് ഒരു ജനത. ഉള്ളിൽ തിളച്ചു മറിയുന്ന സങ്കടക്കടൽ ഉൾക്കൊള്ളാനാകാതെ.

മനുഷ്യരുള്ളിടത്തോളം കാലം ശരീരം മറയ്ക്കാനുള്ള വസ്ത്രങ്ങളുമുണ്ടാകും. കാലോചിതമായ മാറ്റങ്ങളിൽ പ്രാചീനമായ, ഇന്നലെകളെ അതിസമ്പുഷ്ടമാക്കിയ പലതും മാഞ്ഞു പോകുന്നതുപോലെ വസ്ത്ര സാംസ്‌കാരികതയിലും മാറ്റങ്ങൾ വന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ആഗോള കുത്തകകൾ കുഗ്രാമത്തിൽ വേരാഴ്ത്തിയപ്പോൾ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിഷ്‌കളങ്കരും പാവങ്ങളുമായ കൈത്തറി തൊഴിലാളികളും വിസ്മൃതിയിലാണ്ടു. ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും വരച്ചുവെക്കുന്ന ഇത്തരം അമൂല്യനിധികളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്.

Content Highlights:
The traditional handloom weavers of Karimpuzha in Palakkad struggle to preserve their 600-year-old heritage. Originating from Hampi, the Devanga community faces severe financial hardships despite global demand. Government support and modern upgrades like powerlooms are crucial for their survival.

Latest