Kerala
രാഷ്ട്രീയക്കാര്‍ മതരാഷ്ട്രവാദക്കാരെ കൂട്ടുപിടിക്കുന്നത് അപകടകരം: കേരള മുസ്‌ലിം ജമാഅത്ത്
തിരുവനന്തപുരത്ത് സംസ്ഥാനതല ആദര്‍ശ സെമിനാര്‍ നടത്തി
തിരുവനന്തപുരം | താത്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മതരാഷ്ട്രവാദമുന്നയിക്കുന്ന സംഘടനകളെ കൂട്ടുപിടിക്കുന്നത് അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. രാജ്യത്ത് വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നതും സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നതും മതവിരുദ്ധമാണെന്ന ആശയം അടിസ്ഥാനമായി അംഗീകരിച്ച് പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അത് മറച്ചുവെച്ച് അധികാര രാഷ്ട്രീയത്തിന്റെ കൂടെ കൂടുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ആദര്‍ശ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രമേയ പ്രഭാഷണം നടത്തി.
സമസ്ത കേന്ദ്രമുശാവറയംഗം അബ്ദുറഹ്മാന്‍ സഖാഫി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ഹൈദ്രോസ് ഹാജി എറണാകുളം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, മുന്‍ എം എല്‍ എ വര്‍ക്കല കഹാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി, അബുല്‍ ഹസന്‍ വഴിമുക്ക്, സാബിര്‍ സൈനി നടയറ, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി, അഡ്വ. കെ എച്ച് എം മുനീര്‍, ഷറഫുദീന്‍ പോത്തന്‍കോട് സംബന്ധിച്ചു.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിന്റെ തുടര്‍ച്ചയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.







