ആത്മായനം
പശിയടങ്ങിയ പറവകളെപ്പോലെ...
അല്ലാഹുവിൽ പൂർണമായി ഭരമേൽപ്പിച്ച് (തവക്കുൽ ചെയ്ത്) മുന്നോട്ട് പോകണം. കാരണം, കാര്യങ്ങൾ നിയന്ത്രിക്കുന്നതും നടത്തിത്തരുന്നതും അല്ലാഹുവാണ്. കാര്യങ്ങൾ ഏൽപ്പിക്കപ്പെടാൻ ഏറ്റവും മികച്ചവൻ അല്ലാഹുവാണ്. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്.
എന്റെ വീട് സി സി ടി വി സർവൈലൻസിലാണ്, വാതിലുകൾ ബലിഷ്ഠമാണ്, വിലപിടിപ്പുള്ളവയെല്ലാം സുരക്ഷിത മുറിയിലാണ് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ആ ആധുനിക സംവിധാനങ്ങളാണ് എന്റെ ആത്യന്തികമായ രക്ഷാകവചമെന്ന് നാം വിശ്വസിക്കുന്നുവെങ്കിലോ? അവിടെയാണ് തെറ്റുപറ്റുന്നത്.
”എനിക്കിപ്പോൾ നല്ല ജോലിയുണ്ട്, മികച്ച വരുമാനമുണ്ട്, അതുകൊണ്ട് എന്റെ ലൈഫ് സേഫാണ്’ എന്ന് പറയുന്നതിലും കുഴപ്പമില്ല. പക്ഷേ, ആ ജോലിയെയും വരുമാനത്തെയും മാത്രം ആശ്രയിച്ചാണ് തന്റെ ആയുസ്സും മുന്നോട്ടുപോക്കും എന്ന് കരുതുന്നിടത്താണ് പ്രത്യാഘാതം.
മറ്റൊരു വിഭാഗമുണ്ട്; “ഞാൻ എന്ത് ചെയ്തിട്ടും കാര്യമില്ല, എനിക്ക് എപ്പോഴും ദുശ്ശകുനമാണ്, തുടങ്ങിയതെന്തും മുളയിലേ കരിയും’ എന്ന് നിരാശപ്പെടുന്നവർ. ഈ ചിന്താഗതി തികച്ചും തെറ്റാണ്. അതുപോലെ തന്നെ, “ഞാൻ എത്രകാലമായി പ്രാർഥിക്കുന്നു! എന്നെ അല്ലാഹു കേൾക്കുന്നതേയില്ല’ എന്ന് പരിഭവിക്കുന്നതിലാവട്ടെ വലിയൊരു ദുരന്തം ഒളിച്ചിരിപ്പുണ്ട്.
പ്രിയ കൂട്ടുകാരേ, നമുക്ക് ഈ വിഷയത്തെക്കുറിച്ച് അൽപ്പം ഗൗരവമായി ചിന്തിക്കാം…
സകലതും അല്ലാഹുവിന്റെ വിധിപ്രകാരം നമുക്ക് കൈവന്ന നേട്ടങ്ങളും നമ്മെ ബാധിച്ച കോട്ടങ്ങളുമെല്ലാം അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധി (ഖദ്ർ) പ്രകാരം മാത്രമാണ് സംഭവിക്കുന്നത്. ഈ പ്രപഞ്ചത്തിലുള്ള സകല ശക്തികളും നിങ്ങൾക്കൊപ്പം ഒത്തുപിടിച്ചാലും, അല്ലാഹു നിങ്ങൾക്ക് നിശ്ചയിക്കാത്ത ഒന്ന് നിങ്ങളെ തേടിയെത്തുകയില്ല. നേരെമറിച്ച്, ലോകം മുഴുവൻ നിങ്ങൾക്കെതിരെ തിരിഞ്ഞാലും, അല്ലാഹുവിന്റെ അനുമതിയില്ലെങ്കിൽ നിങ്ങൾക്കൊരു പോറലുമേൽപ്പിക്കാൻ അവർക്ക് സാധിക്കുകയുമില്ല.
ഭൗതിക സങ്കേതങ്ങളിലൂടെ ഇന്ന് നമുക്ക് ലഭിക്കുന്ന സുരക്ഷിതത്വവും സമാധാനവും രോഗശമനവുമൊക്കെ യഥാർഥത്തിൽ നൽകുന്നത് അല്ലാഹുവാണ്. ആ സങ്കേതങ്ങളെല്ലാം ഇത്തരം ഫലങ്ങൾക്കായി അല്ലാഹു നിശ്ചയിച്ച ഭൗതിക കാരണങ്ങൾ (അസ്ബാബുകൾ) മാത്രമാണ്. നമ്മുടെ സമ്പാദ്യവും തൊഴിലും മറ്റ് സൗകര്യങ്ങളുമെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്. കാര്യങ്ങളെല്ലാം സ്രഷ്ടാവിൽ സമർപ്പിക്കുകയും, അതോടൊപ്പം ഭൗതികമായ കാരണങ്ങളുമായി ബന്ധപ്പെടുകയുമാണ് ചെയ്യേണ്ടത്. ഇതാണ് ദൈവിക നിർദേശം.
ജീവിക്കാൻ തൊഴിലെടുക്കണം, രോഗം മാറാൻ ചികിത്സ തേടണം, സുരക്ഷിതത്വത്തിന് ആവശ്യമായ സംവിധാനങ്ങളൊരുക്കണം. വിഭവങ്ങൾ അതിന്റെ ഭൗതിക സ്രോതസ്സുകളിൽ നിന്ന് തന്നെ ശേഖരിക്കണം. എന്നാൽ, ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും അല്ലാഹുവിൽ പൂർണമായി ഭരമേൽപ്പിച്ച് (തവക്കുൽ ചെയ്ത്) മുന്നോട്ട് പോകണം. കാരണം, കാര്യങ്ങൾ നിയന്ത്രിക്കുന്നതും നടത്തിത്തരുന്നതും അല്ലാഹുവാണ്.
കാര്യങ്ങൾ ഏൽപ്പിക്കപ്പെടാൻ ഏറ്റവും മികച്ചവൻ അല്ലാഹുവാണ്. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാണ്. മനുഷ്യരും ഇതര ജീവികളും ഒരുനാൾ മൺമറയും; ഭൗതിക സങ്കേതങ്ങളെല്ലാം നശിച്ച് നിർവീര്യമാകും. അതിനാൽ, വിവേകികളായ മനുഷ്യർ സർവതും അല്ലാഹുവിൽ സമർപ്പിക്കുന്നു. അവർക്ക് ഭാവിയെക്കുറിച്ച് അനാവശ്യ ഭയമോ ആകുലതകളോ ഇല്ല; ഭൗതിക വസ്തുക്കളിൽ അതിരുകവിഞ്ഞ പ്രതീക്ഷകളുമില്ല.
നിങ്ങൾക്കെതിരായി ശത്രുസേന സംഘടിച്ചു വരുന്നുണ്ടെന്നും അതിനാൽ അവരെ പേടിക്കണമെന്നും പലരും മുന്നറിയിപ്പ് നൽകിയപ്പോൾ, തിരുദൂതർക്കോ അനുചരന്മാർക്കോ ഒട്ടും ബേജാറുണ്ടായില്ല. മറിച്ച്, അവരുടെ വിശ്വാസം കൂടുതൽ വർധിക്കുകയാണുണ്ടായതെന്ന് വിശുദ്ധ ഖുർആൻ (സൂറ: ആലു ഇംറാൻ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവിൽ സമർപ്പിച്ചവർക്ക് അവരുടെ ജീവനെക്കുറിച്ച് പോലും ആശങ്കയില്ല!
”വല്ലവനും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്.’ (സൂറ: അത്ത്വലാഖ്: 3)
വിശ്വാസികളുടെ ഏറ്റവും പ്രധാന സവിശേഷത തന്നെ അവർ കാര്യങ്ങൾ അല്ലാഹുവിൽ സമർപ്പിക്കുന്നവരാണ് (മുതവക്കിലീങ്ങൾ) എന്നതാണ്. സ്വർഗത്തിൽ ചിലർ പ്രവേശിക്കുമെന്നും അവരുടെ ഹൃദയങ്ങൾ പക്ഷികളുടെ ഹൃദയങ്ങൾക്ക് സമാനമാണെന്നുമുള്ള തിരുനബി(സ)യുടെ വചനം, അചഞ്ചലമായ തവക്കുലോടെ ജീവിച്ച വിശ്വാസികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നജ്‌ദിലേക്ക് നടത്തിയ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ, റസൂലും കൂട്ടരും മുള്ളുകളുള്ള മരങ്ങൾ നിറഞ്ഞ ഒരു താഴ്‌വരയിൽ വിശ്രമിക്കാനൊരുങ്ങി. തണൽ തേടി സ്വഹാബികൾ പല ഭാഗങ്ങളിലേക്ക് മാറി. ഒരു സമുറാ മരത്തിന്റെ ചുവട്ടിൽ തന്റെ വാൾ തൂക്കിയിട്ട് തിരുനബി (സ) അൽപ്പം ഉറങ്ങി. ഈ സമയം തക്കം നോക്കി മുശ്‌രിക്കുകളിൽ പെട്ട ഒരാൾ (ഗൗറസ് ബിൻ ഹാരിസ്) അവിടെയെത്തി ആ വാൾ കൈക്കലാക്കി.
വാൾ ഊരിപ്പിടിച്ച് റസൂലിന് നേരെ അയാൾ ശബ്ദമുയർത്തി: “നിനക്കെന്നെ പേടിയുണ്ടോ?’
“ഇല്ല’ – നബി (സ) ശാന്തതയോടെ മറുപടി നൽകി. “എങ്കിൽ എന്നിൽ നിന്നും ഇപ്പോൾ നിന്നെ ആര് തടയും / രക്ഷിക്കും?’ അയാൾ ചോദിച്ചു.
“അല്ലാഹ്!’
ആ ഉറച്ച മറുപടിക്ക് മുന്നിൽ ആ അക്രമി വിറച്ചുപോയി. അവന്റെ കൈയിൽ നിന്ന് വാൾ താഴെ വീണു. അല്ലാഹുവിൽ തവക്കുലാക്കിയാൽ പിന്നെ സായുധരായ ശത്രുക്കൾ പോലും നിരായുധർക്ക് മുന്നിൽ നിശ്ചലരായിപ്പോകും! അവിടെ ബലഹീനമായ ചിലന്തിവലകൾക്ക് ഉരുക്കുകോട്ടകളെക്കാൾ ബലം കൈവരും.
സൗർ ഗുഹയിൽ റസൂലും (സ) അബൂബക്കർ സിദ്ദീഖും (റ) അഭയം തേടിയ നേരം, ശത്രുക്കൾ ഗുഹാമുഖത്ത് വന്നെത്തി. “അവരിലാരെങ്കിലും ഒന്ന് കീഴ്പ്പോട്ട് നോക്കിയാൽ നമ്മെ കാണുമല്ലോ നബിയേ…’ എന്ന് വേവലാതിപ്പെട്ട തന്റെ ആത്മസുഹൃത്തിനോട്, “മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ട് പേരെക്കുറിച്ച് താങ്കളെന്താണ് കരുതുന്നത്?!’ എന്ന ആശ്വാസവാക്കുകൾ കൊണ്ട് പൊതിയാൻ തിരുനബി(സ)ക്ക് സാധിച്ചത്, ആ ദൗത്യം അല്ലാഹുവിൽ പൂർണമായി സമർപ്പിച്ചതാണെന്ന തീർച്ചയുള്ളതുകൊണ്ടാണ്.
അനുനിമിഷം നമ്മൾ അല്ലാഹുവിൽ സമർപ്പിതരാകേണ്ടതുണ്ട്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ സകല കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കണം. ”ബിസ്‌മില്ലാഹി തവക്കൽതു അലല്ലാഹ്, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്’ (അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു, ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവുമില്ല) എന്ന സമർപ്പണ മന്ത്രമുച്ചരിച്ച് വീട്ടിൽ നിന്നിറങ്ങുന്നവനോട് മലക്കുകൾ പറയും: “നീ നേർവഴിയിലാക്കപ്പെട്ടിരിക്കുന്നു, നിനക്ക് വേണ്ടതെല്ലാം നൽകപ്പെട്ടിരിക്കുന്നു, നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’ ഇതു കേൾക്കുമ്പോൾ അവനെ പിഴപ്പിക്കാൻ കാത്തുനിൽക്കുന്ന പിശാചുക്കൾ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞ് നിരാശയോടെ പിരിഞ്ഞുപോകുമെന്ന് ഹദീസുകളിൽ (അബൂദാവൂദ്, തിർമുദി, നസാഈ) കാണാം. തിരുനബി (സ) അരുളി:”നിങ്ങൾ അല്ലാഹുവിൽ യഥാവിധി ഭരമേൽപ്പിക്കുകയാണെങ്കിൽ, പക്ഷികൾക്ക് അവൻ ആഹാരം നൽകുന്നത് പോലെ നിങ്ങൾക്കും അവൻ ആഹാരം നൽകും. അവ രാവിലെ ഒട്ടിയ വയറുമായി പുറപ്പെടുന്നു, വൈകുന്നേരം നിറഞ്ഞ വയറുമായി തിരിച്ചെത്തുന്നു.’ (തിർമുദി)
പക്ഷികൾക്ക് നാളെയെക്കുറിച്ചുള്ള വേവലാതികളോ സംഭരണശാലകളോ ഇല്ല. അവ അല്ലാഹുവിൽ തവക്കുലാക്കി അന്നം തേടിയിറങ്ങുന്നു, അല്ലാഹു അവയ്ക്ക് നൽകുകയും ചെയ്യുന്നു.
അതുകൊണ്ട് കൂട്ടുകാരേ, ഭൗതികമായ കാരണങ്ങളെ മുൻനിർത്തി ജീവിക്കുമ്പോഴും നമ്മുടെ ഹൃദയം സ്രഷ്ടാവായ അല്ലാഹുവിലേക്ക് മാത്രം കെട്ടിയിടുക. ആ അചഞ്ചലമായ വിശ്വാസമാണ് യഥാർഥ വിജയത്തിലേക്കുള്ള വഴി.
Content Highlights:
True safety and success come from placing unwavering trust in Allah rather than relying solely on material possessions or wealth. While Islam encourages utilizing worldly means and hard work, a believer’s heart must remain anchored in divine decree and destiny. Historical instances from the life of Prophet Muhammad demonstrate how absolute reliance on the Almighty eliminates fear and brings miraculous relief. Embracing the concept of Tawakkul shields a person from unnecessary anxiety regarding the future and paves the path to true spiritual contentment.

