Connect with us

AVASARAM

വൈദ്യശാസ്ത്ര മേഖലയില്‍ അനന്തസാധ്യത ശ്രീചിത്രയില്‍ പഠിക്കാം

ഉന്നത നിലവാരമുള്ളതും മികച്ചതൊഴിലവസരങ്ങള്‍ ലഭിക്കുന്നതുമായ വിവിധ ഡിപ്ലോമ, പി ജി, ഡിപ്ലോമ കോഴ്സുകളുംഇവിടെ പഠിക്കാം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയപ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിച്ച സര്‍വകലാശാലാ പദവിയുള്ള സ്ഥാപനമാണ് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (SCTIMST). ലോകോത്തര നിലവാരമുള്ള ചികിത്സാ കേന്ദ്രമായ ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റിക്ക് ശേഷമുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, മെഡിക്കല്‍-ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണം, ബിരുദാനന്തര ബിരുദപഠനം എന്നിവക്കെല്ലാം അവസരമുണ്ട്. ഈ ഉന്നത ഗവേഷണ പഠനങ്ങള്‍ കൂടാതെ, ബിരുദധാരികള്‍ക്ക് പഠിക്കാവുന്ന ഉന്നതനിലവാരമുള്ളതും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതുമായ വിവിധ ഡിപ്ലോമ, പി ജി, ഡിപ്ലോമ കോഴ്സുകളും ഇവിടെ പഠിക്കാം.

പി ജി ഡിപ്ലോമ- ഡിപ്ലോമ

1. കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി (പി ജി ഡിപ്ലോമ)
ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയിലും രോഗനിര്‍ണയത്തിലും സഹായകരമായ ലബോറട്ടറി സാങ്കേതിക വിദ്യകളാണ് പഠന വിഷയം. സ്ഥാപനത്തിന്റെ കാര്‍ഡിയോളജി ആന്‍ഡ് ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പിന് കീഴിലുള്ള ഈ കോഴ്സ് രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. ഫിസിക്സ് ഐച്ഛിക വിഷയമായോ ഉപ ഐച്ഛിക വിഷയമായോ ബി എസ് സി ബിരുദം 50 ശതമാനം മാര്‍ക്കോടെ നേടിയവര്‍ക്ക് അപേക്ഷിക്കാം.

2.ന്യൂറോ ടെക്നോളജി (പി ജി ഡിപ്ലോമ)
ന്യൂറോളജി ആന്‍ഡ് ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പാണ് കോഴ്സ് നടത്തുന്നത്. രണ്ട് വര്‍ഷം ദൈര്‍ഘ്യം. ന്യൂറോ ഫിസിയോളജിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം ഏറെയാണ്. ഇത്തരം ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും പഠനവിഷയമാണ്. കൂടാതെ ന്യൂറോ ഫിസിയോളജിയിലെ വിവിധ സമ്പ്രദായങ്ങളും പഠിക്കാം. ഫിസിക്സ്, കെമിസ്ട്രി, ജീവശാസ്ത്രം, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.

3.മെഡിക്കല്‍ റെക്കോര്‍ഡ്സ് സയന്‍സ് (പി ജി ഡിപ്ലോമ)
ചികിത്സാ രേഖകളുടെയും അനുബന്ധമായ മറ്റ് രേഖകളുടെയും ക്രമീകരണവും പരിപാലനവും രഹസ്യസ്വഭാവമുള്ളതും നിയമപരമായ ബാധ്യതയുള്ളതുമാണ്. ഈ വിഷയത്തില്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ദ്വിവത്സര കോഴ്സ് മെഡിക്കല്‍ റെക്കോര്‍ഡ്സ് വകുപ്പാണ് നടത്തുന്നത്. ഏതെങ്കിലുമൊരു വിഷയത്തില്‍ ബി എസ് സി ബിരുദമാണ് യോഗ്യത (50 ശതമാനം മാര്‍ക്ക്).

4.ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ (പി ജി ഡിപ്ലോമ)
രക്തചംക്രമണ വിഷയത്തില്‍ വൈദഗ്ധ്യമുള്ളവരെയാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഹൃദയ സംബന്ധ ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ രക്തചംക്രമണം Heart-Lung Machineലേക്ക് വഴി മാറ്റി വിടുകയും ശസ്ത്രക്രിയക്ക് ശേഷം ഹൃദയത്തിലേക്ക് രക്തം മടക്കിക്കൊണ്ടുവരികയും വേണം. ഈ മെഷീനും മറ്റ് അനുബന്ധ യന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കാനും മറ്റുമാണ് പഠിക്കുക. സുവോളജി ഒരു വിഷയമായി ബി എസ് സി ബിരുദം നേടിയവര്‍ക്ക് 50 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. ദൈര്‍ഘ്യം രണ്ട് വര്‍ഷം.

5.ബ്ലഡ് ബേങ്ക് ടെക്നോളജി (പി ജി ഡിപ്ലോമ)
രക്തദാനം ഏറെ കരുതല്‍ വേണ്ട ഒരു പ്രക്രിയയാണ്. ബ്ലഡ് ബേങ്കുകളിലെ തൊഴിലിനായി പഠിതാക്കളെ സജ്ജമാക്കുകയെന്നതാണ് കോഴ്സിന്റെ ലക്ഷ്യം. ജീവശാസ്ത്ര ശാഖകളിലൊന്നില്‍ ബി എസ് സി ബിരുദം 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ഈ ദ്വിവത്സര കോഴ്സിന് അപേക്ഷിക്കാം.

6.ഓപറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്തീഷ്യ ടെക്നോളജി
രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സാണിത്. ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ ഡിപ്ലോമ മികച്ച നിലവാരത്തോടെ പാസ്സായവര്‍ക്കാണ് പഠനയോഗ്യതയുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ ഓപറേഷന്‍ തിയേറ്ററില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും മാനേജ്മെന്റാണ് പഠന വിഷയം.

7.അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമേജിംഗ് സയന്‍സസ് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം ഏറ്റവും ആധുനിക ഉപകരണങ്ങളുള്ളതും ലോകനിലവാരമുള്ളതുമാണ്. ഇവിടത്തെ റേഡിയോഗ്രഫി, ടോമോഗ്രഫി, മെലോഗ്രഫി, സി ടി സ്‌കാന്‍, ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രഫി, എം ആര്‍ ഐ യൂനിറ്റ്, പി എ സി എസ് സിസ്റ്റം എന്നിവയിലൊക്കെയാണ് ഈ കോഴ്സ് പഠിക്കുന്നവര്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദ്വിവത്സര ഡിപ്ലോമ കോഴ്സാണിത്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് അമ്പത് ശതമാനം മാര്‍ക്കോടെ റേഡിയോഗ്രാഫിക് അസിസ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സോ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമകോഴ്സോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

8.നഴ്സിംഗ് സ്പെഷ്യാലിറ്റി കോഴ്സുകള്‍

ബി എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പഠിക്കാവുന്ന രണ്ട് സ്പെഷ്യാലിറ്റി ഡിപ്ലോമ കോഴ്സുകള്‍ ശ്രീചിത്രയിലുണ്ട്. ഒന്ന്, കാര്‍ഡിയോ വാസ്‌ക്കുലര്‍ ആന്‍ഡ് തൊറാസിക് നഴ്സിംഗ് ഡിപ്ലോമ. രണ്ട്. ന്യൂറോ നഴ്‌സിംഗ് ഡിപ്ലോമ. രണ്ട് കോഴ്സുകളുടെയും ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്. പഠന കാലത്ത് സ്‌റ്റൈപന്‍ഡ് ലഭിക്കും.

മറ്റ് പ്രോഗ്രാമുകള്‍
1. ഡി എം: കാര്‍ഡിയോളജി/ ന്യൂറോളജി/ന്യൂറോ ഇമേജിംഗ് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ ന്യൂറോ ഓഡിയോളജി/ കാര്‍ഡിയോ വാസ്‌കുലാര്‍ ഇമേജിംഗ് ആന്‍ഡ് വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി/ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്തീസിയ/ ന്യൂറോ അനസ്തീസിയ
2.എം സി എച്ച്: കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി/ ന്യൂറോ സര്‍ജറി (എം എസ് കഴിഞ്ഞ്)/ വാസ്‌കുലാര്‍ സര്‍ജറി
3. ഇന്റഗ്രേറ്റഡ് എം ഡി- പി എച്ച് ഡി / എം സി എച്ച്-പി എച്ച് ഡി
4.പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്: ഡി എം / എം സി എച്ച് / ഡി എന്‍ ബി യോഗ്യതയുള്ളവര്‍ക്ക്
5. പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ ട്രാന്‍സ്മിറ്റഡ് ഡിസീസസ് ടെസ്റ്റിംഗ്/ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍/ ന്യൂറോപതോളജി
6. എം ഡി ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍
7.മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്
8. പി എച്ച് ഡി: ഫിസിക്കല്‍/ കെമിക്കല്‍/ ബയോളജിക്കല്‍ / ബയോമെറ്റീരിയല്‍/ മെഡിക്കല്‍/ ഹെല്‍ത്ത് സയന്‍സസ്; ബയോഎന്‍ജിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഗവേഷണത്തിലൂടെ പി എച്ച് ഡി നേടാം.

വേറിട്ട കോഴ്സുകള്‍

1. ഐ ഐ ടി മദ്രാസ്, സി എം സി വെല്ലൂര്‍ എന്നിവയുമായി ചേര്‍ന്ന് എം ടെക് ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് / പി എച്ച് ഡി ബയോമെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ടെക്നോളജി
2. ഐ സി എം ആര്‍ – നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈയുമായി സഹകരിച്ചുള്ള മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് – എപിഡെമിയോളജി ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ്
3. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, വെല്ലൂരുമായി സഹകരിച്ചുള്ള എം എസ് ബയോ എന്‍ജിനീയറിംഗ്; പി എച്ച് ഡി ബയോ എന്‍ജിനീയറിംഗ് / ബയോമെഡിക്കല്‍ സയന്‍സസ് / ഹെല്‍ത്ത് സയന്‍സസ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്.

പ്രവേശന രീതി
മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകളുടെയും പ്രവേശനം അഡ്മിഷന്‍ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ്. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലാണ് പ്രവേശന പരീക്ഷ. കേന്ദ്ര സര്‍ക്കാറിന്റെ സംവരണ ചട്ടങ്ങള്‍ പാലിച്ചാണ് അഡ്മിഷന്‍ നടത്തുന്നത്. ശ്രീചിത്രയിലെ കോഴ്സുകളുടെ ഒരു പ്രത്യേകത, സീറ്റുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ്. അതുകൊണ്ടുതന്നെ കഠിന മത്സരത്തിലൂടെ മാത്രമേ മികച്ച നിലവാരമുള്ള ഈ കോഴ്സുകള്‍ക്ക് പ്രവേശനം നേടാനാകൂ.

ഇപ്പോള്‍ അപേക്ഷിക്കാം
മെഡിക്കല്‍ / പാരാമെഡിക്കല്‍ മേഖലകളിലെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളിലേക്ക് 2024 ജനുവരിയിലെ പ്രവേശനത്തിന് അടുത്ത മാസം നാലിന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
വിലാസം: The Registrar, Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum- 695 011; ഫോണ്‍: 0471- 2524269, regoffice@sctimst.

ജാഫര്‍ സാദിഖ് പുളിയക്കോട്
(കരിയര്‍ കൗണ്‍സിലര്‍,
വെഫി
ഫോണ്‍: 9633872234)

കടപ്പാട് : ആര്‍ ആന്‍ഡ് ഡി, സിജി

 

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234