Kozhikode
ഇന്ത്യയിലെ ഏറ്റവും വലിയ മൗലിദ് സംഗമം തിങ്കളാഴ്ച ജാമിഉല്‍ ഫുതൂഹില്‍
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല്‍ ആസാറിനും പതിനായിരങ്ങളെത്തും.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്-ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന അല്‍മൗലിദുല്‍ അക്ബര്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൗലിദ് സംഗമമായി മാറും. തിങ്കളാഴ്ച (ആഗസ്റ്റ് 17) പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന സംഗമത്തില്‍ സംബന്ധിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി എത്തുന്ന പതിനായിരക്കണക്കിന് പ്രവാചക സ്നേഹികളെ സ്വീകരിക്കാനാണ് ജാമിഉല്‍ ഫുതൂഹ് ഒരുങ്ങിയിരിക്കുന്നത്.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിയുടെ പ്രാരംഭ പ്രാര്‍ഥനയോടെ തുടങ്ങുന്ന സംഗമത്തില്‍ മന്‍ഖൂസ്, ശറഫല്‍ അനാം, റൗളുല്‍ മൗറൂദ് തുടങ്ങിയ മൗലിദുകളുടെ പാരായണം നടക്കും. അതോടൊപ്പം ഖസീദത്തുല്‍ ബുര്‍ദ, ഖസീദത്തുല്‍ അല്ലഫല്‍ അലിഫ്, ഖസീദത്തുല്‍ മുളരിയ്യ, ഖസീദത്തുല്‍ മുഹമ്മദിയ്യ, ഖസീദത്തുല്‍ സ്വല്ലല്‍ ഇലാഹു, ഖസീദത്തുല്‍ നുഅ്മാനിയ്യ, ഖസീദത്തുല്‍ വിതിരിയ്യ തുടങ്ങിയ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ ആലാപനവും സംഗമത്തെ പ്രൗഢമാക്കും.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മീലാദ് സന്ദേശ പ്രഭാഷണം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, സയ്യിദ് അലി ബാഫഖി, സയ്യിദ് കെ എസ് ആറ്റക്കോയ കുമ്പോല്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഐദ്റൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് കോയ അല്‍ബുഖാരി ചെരക്കാപറമ്പ്, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് 12 ന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ഥനാ സംഗമത്തോടെ സമ്മേളനം സമാപിക്കും.
സമസ്ത് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഹാജി സുല്‍ത്താന്‍ അത്താരി അല്‍ഖാദിരി ഡല്‍ഹി തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, കൃഷി മന്ത്രി ടി സിദ്ദിഖ്, തമിഴ്നാട് ന്യൂനപക്ഷകാര്യ ക്ഷേമ-വഖ്ഫ് വകുപ്പ് മന്ത്രി എ എം ഷാജഹാന്‍, സി കെ ഖാസി എം എല്‍ എ, പി കെ ഫിറോസ് എം എല്‍ എ, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ-വ്യാവസായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകിട്ടോടെ നോളജ് സിറ്റിയിലെത്തുന്ന പ്രവാചക സ്നേഹികളെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. നോളജ് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും താമസക്കാര്‍ക്കും ജീവനക്കാര്‍ക്കും പുറമെ സംഘടനാ പ്രവര്‍ത്തകരും പരിസര പ്രദേശത്തെ 40 ഗ്രാമവാസികളും ഉള്‍പ്പെടെയുള്ളവരാണ് സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. സ്വാഗതസംഘം ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Content Highlights: India’s largest Mawlid gathering will be held on Monday at Jamiul Futooh in Markaz Knowledge City, Kozhikode. Thousands of devotees and prominent Islamic scholars are expected to attend the historic event. The grand spiritual conference features traditional Mawlid recitations and special prayers.



