Connect with us

National

ഉത്തരാഖണ്ഡില്‍ ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം മൂന്ന് മണിക്കൂര്‍ വൈകും; അധികൃതര്‍

ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലായി.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്ന് അധികൃതര്‍. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്. സ്റ്റീല്‍ പാളികള്‍ മുറിച്ച് മാറ്റുന്നത് തുടരുന്നുണ്ട്.

അതേസമയം, രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലായി. ഇതേതുടര്‍ന്ന് ദൗത്യം വീണ്ടും മണിക്കൂറുകള്‍ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും.

കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താന്‍ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇടാനുള്ളതെന്ന് ട്രഞ്ച്‌ലസ് മെഷീന്‍ വിദഗ്ധന്‍ കൃഷ്ണന്‍ ഷണ്‍മുഖന്‍ ഇന്നലെ അറിയിച്ചിരുന്നു. അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

 

 

 

Latest