Kerala
ജപ്തി നടപടി ഒഴിവാക്കാന്‍ ഇടപെട്ടില്ലെന്ന്; ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ അക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സഹപാഠി പിടിയില്‍
എംപിയുടെ വീട്ടില്‍ അക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു.
കൊച്ചി | ഹൈബി ഈഡന്‍ എംപിയുടെ വീട്ടുവളപ്പില്‍ കടന്ന് അക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സഹപാഠി പിടിയില്‍. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു
എംപിയുടെ വീട്ടില്‍ അക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്സാപ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഫോണില്‍ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ 3 മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടതായി ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ പറഞ്ഞു.രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികള്‍ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകര്‍ത്തതു കണ്ടത്.
സിസിടിവി ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും, അക്രമവിവരം പോലീസില്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും ഹൈബിക്കും ഭാര്യക്കും വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു.ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അക്രമം നടത്തിയ അലക്സ്.
വീടിന്റെ ജപ്തി നടപടികള്‍ ഹൈബി ഇടപെട്ടു തടയണം എന്ന് പ്രതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബേങ്ക് നടപടികളില്‍ സാധ്യമാകുന്ന തരത്തില്‍ ഇടപെട്ടിരുന്നുവെന്നും, പൂര്‍ണമായും ലോണ്‍ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ഹൈബി അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു
Content Highlights: The residence of Hibi Eden MP in Kochi was attacked by his pre degree classmate Alex Chacko who also issued death threats. The accused vandalized property after the MP refused to completely halt bank foreclosure proceedings on his home. Police arrested the suspect using CCTV and WhatsApp evidence.




