അതിഥി വായന
ഹൃദയഭാഷയിലൊരു ആത്മസഞ്ചാരം
മുപ്പത് ശീർഷകങ്ങളിലായി, ശുദ്ധഹൃദയമുള്ള ഒരു നല്ല വ്യക്തിത്വത്തെ എങ്ങനെ വളർത്തിയെടുക്കാമെന്ന ചോദ്യത്തിന് ഡോ. നിസാമി മനോഹരമായ ഉത്തരം നൽകുന്നു.
ഹൃദയംകൊണ്ട് സംവദിക്കാൻ കഴിയുമ്പോഴാണ് ആശയവിനിമയം യഥാർഥത്തിൽ മനോഹരവും സാർഥകവുമാകുന്നത്. മനസ്സിൽ തട്ടുന്ന വാക്കുകൾക്കേ ചേതോഹരതയുള്ളൂ. ഈ സത്യമാണ് വിശുദ്ധ ഖുർആൻ “ഖൗലൻ സദീദൻ’ (നേരായ വാക്ക്) എന്ന സങ്കൽപ്പത്തിലൂടെ പഠിപ്പിക്കുന്നത്; ഹൃദ്യമായി സംസാരിച്ചാൽ പ്രവർത്തനങ്ങൾ ശ്ലാഘനീയമാകുമെന്നർഥം. ഈ ആശയത്തിന്റെ അക്ഷരരൂപമാണ് ഡോ. അബൂബക്കർ നിസാമി രചിച്ച “ഹൃദയ മർമരം’.
ജീവിതം ഒരിക്കലും ഒരു നേർരേഖയല്ല; സുഖദുഃഖങ്ങളും വിജയപരാജയങ്ങളും പ്രതീക്ഷകളും നിരാശകളും മാറിമറിയുന്ന മഹാപ്രവാഹമാണത്. ഈ യാത്രയിൽ തളരുന്ന മനസ്സ് തേടുന്നത് ആശ്വാസം പകരുന്ന വാക്കിനെയും ഇരുളകറ്റുന്ന വെളിച്ചത്തെയുമാണ്. അത്തരമൊരു തേടലിനുള്ള പരിഹാരമായാണ് ഈ ചിന്താസമാഹാരം പിറന്നത്.
വിശ്വാസം, ധാർമികത, മനുഷ്യബന്ധങ്ങൾ, ആത്മപരിശോധന തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളെ ഗ്രന്ഥകാരൻ സമീപിക്കുന്നത് ഒരു സുഹൃത്തിന്റെ ആർദ്രതയോടെയാണ്. രചയിതാവിന്റെ ശാന്തസ്വഭാവവും വിനയവും കൃതിയിലുടനീളം തെളിഞ്ഞുനിൽക്കുന്നു. ലാളിത്യമുള്ള വാക്കുകളും ഹൃദയത്തെ തൊടുന്ന ഭാഷയും ഒത്തുചേരുമ്പോൾ ഈ കൃതി കേവലം വായനക്കുള്ള പുസ്തകമല്ലാതായി മാറുന്നു; അത് വായനക്കാരന്റെ ഹൃദയവുമായി നടത്തുന്ന ഒരു ആത്മസംഭാഷണമായി പരിണമിക്കുന്നു.
മുപ്പത് ശീർഷകങ്ങളിലായി, ശുദ്ധഹൃദയമുള്ള ഒരു നല്ല വ്യക്തിത്വത്തെ എങ്ങനെ വളർത്തിയെടുക്കാമെന്ന ചോദ്യത്തിന് ഡോ. നിസാമി മനോഹരമായ ഉത്തരം നൽകുന്നു. “ബുദ്ധിമാന്റെ നാവ് ഹൃദയത്തിലും വിഡ്ഢിയുടെ ഹൃദയം നാവിലുമാണ്’ എന്ന സൂഫിവചനത്തിന്റെ ആഴം ഈ താളുകളിൽ പ്രതിഫലിക്കുന്നു. മൂസാ നബി(അ)യുടെ പ്രാർഥനയും തിരുനബി(സ)യോടുള്ള അല്ലാഹുവിന്റെ ഹൃദയവിശാലതാ ചോദ്യവും ഓർമിപ്പിച്ചുകൊണ്ട്, ഉത്തമ ഭാഷണത്തിന് അനിവാര്യമായ ഹൃദയവിശാലതയെ ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു.
ആഴമുള്ള ചിന്തകളെ ഭാരമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് ഓരോ അധ്യായത്തിന്റെയും സവിശേഷത. വായനക്കാരനെ സ്വയം തിരിച്ചറിവിലേക്കും ജീവിതത്തിന്റെ അർഥാന്വേഷണത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന ഈ പുസ്തകം, ശബ്ദമുഖരിതമായ ജീവിതത്തിൽ സ്വന്തം ഹൃദയത്തിന്റെ നിശ്ശബ്ദ മർമരങ്ങൾ കേൾക്കാൻ മറന്നുപോയവർക്ക് ഒരു ഓർമപ്പെടുത്തലാണ്. ഇരുളിൽ ജ്വലിക്കുന്ന മെഴുകുതിരി പോലെ, അന്ധകാരം നിറഞ്ഞ ഹൃദയപരിസരങ്ങളിൽ പ്രകാശം പൊഴിക്കാൻ ഈ കൃതിക്ക് കഴിവുണ്ട്.
അക്ഷരങ്ങൾക്കപ്പുറം ഒരു ആത്മീയ സഹയാത്ര വാഗ്ദാനം ചെയ്യുന്ന ഈ കൃതി, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള ഒരു പാലമായി മാറുന്നു. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും കുടുംബിനികൾക്കും ഒരുപോലെ പ്രസക്തമായ ഈ ഗ്രന്ഥം, മടുപ്പിക്കാതെ ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നന്മയുടെ ഹൃദയവെളിച്ചം തേടുന്ന സുമനസ്സുകൾക്ക് ഡോ. അബൂബക്കർ നിസാമിയുടെ “ഹൃദയ മർമരം’ ഒരു മികച്ച വഴികാട്ടിയാണ്.പ്രസാധനം: ഐ പി ബി ബുക്സ്, പേജ്:160, വില: 140.
Content Highlights:
Dr. Abubacker Nisami’s latest book Hridayamarmaram explores faith, morality, and human relations with immense depth. Published by IPB Books, this compilation of thirty chapters acts as a gentle spiritual guide for readers. The book offers a comforting and simplistic approach to self-realization and moral growth.

