Kerala
ലഹരിവിരുദ്ധ ക്യാമ്പയിന് വിപുലമാക്കാന്‍ സര്‍ക്കാര്‍; വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കൂടുതല്‍ പദ്ധതികള്‍
പരിശീലന പരിപാടികളില്‍ രക്ഷിതാക്കളെക്കൂടി ഉള്‍പ്പെടുത്തും

തിരുവനന്തപുരം | ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ അഞ്ചാംഘട്ടത്തിന് സംസ്ഥാനത്ത് തുടക്കമാകും. 2026 ജനുവരി 30 വരെ നീളുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനങ്ങള്‍ അതാത് ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘ആര്‍ട്ട് ഡിക്ഷന്‍ ദി വേ ഓഫ് ഇന്സ്പിരേഷന്’ എന്ന പ്രോഗ്രാം കോളജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസുകളിലും ഒരേ സമയം പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ ജി ഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
റെസിഡന്റ്സ് അസ്സോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ എന്ന പരിപാടിക്ക് തുടക്കം കുറിക്കും. മൂന്ന് മാസത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബമാക്കുകയും ചെയ്യുന്ന റെസിഡന്റ്സ് അസ്സോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കും.
സ്കൂള്‍, കോളജ് തലത്തില്‍ എന്‍ എസ് എസ്, എസ് പി സി, ലഹരിവിരുദ്ധ ക്ലബ്ബുകള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലങ്ങളില്‍ സ്കൂള്‍ പാര്‍ലിമെന്റ്് സംഘടിപ്പിക്കും. ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11ന്് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 10 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓപറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 13,700 പേരെ പരിശോധനക്ക് വിധേയരാക്കി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം ഡി എം എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്സ് റിപോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്കൂള്‍ തലത്തിലെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും എന്ന പോലെ രക്ഷകര്‍ത്താക്കളും മനസ്സിലാക്കേണ്ടതുണ്ട്. പരിശീലന പരിപാടികളില്‍ രക്ഷകര്‍ത്താക്കളെക്കൂടി ഉള്‍പ്പെടുത്തി മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേളയില്‍ ഈ സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിപ്രോത്സാഹിപ്പിക്കുന്നതിന് എസ് സി ഇ ആര് ടി പ്രത്യേക പുസ്തകങ്ങള്‍ തയ്യാറാക്കി.
ലഹരി ഉപയോഗത്തിലുപരിയായി കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുക്തയും തിരിച്ചറിയുന്നതിനും ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്കാന് ആരംഭിച്ചു. പ്രാഥമിക കൗണ്‍സിലിംഗ് നല്‍കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ഈ പരിശീലനങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.