Connect with us

Kerala

വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

ഡോക്ടര്‍ക്ക് സിങ്കപ്പൂരില്‍ ഉപരിപഠനത്തിന് അഞ്ച് ലക്ഷവും ബ്രിട്ടനില്‍ എം ബി എക്ക് സീറ്റിന് ഒമ്പത് ലക്ഷം രൂപയും തട്ടിയ കേസിലാണ് അറസ്റ്റ്.

Published

|

Last Updated

കല്‍പ്പറ്റ | വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ മാനേജരായ കോഴിക്കോട് സ്വദേശി ആകാശ് ശശി (28) യെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

സുൽത്താൻ ബത്തേരി സ്വദേശിയായ ഡോക്ടര്‍ക്ക് സിങ്കപ്പൂരില്‍ ഉപരിപഠനത്തിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചു അഞ്ച് ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് ബ്രിട്ടനില്‍ എം ബി എക്ക് സീറ്റ് നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപയും തട്ടിയ കേസിലാണ് അറസ്റ്റ്.
ഈ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നിരുന്നു. ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ എന്ന സ്ഥാപനത്തിനെതിരെ 23ഓളം കേസുകളാണ് പിന്നീട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഓഫീസ് ഉണ്ട് എന്നവകാശപെടുന്ന സ്ഥാപനത്തിന്റെ ഈ ഓഫീസുകള്‍ വര്‍ഷങ്ങള്‍ക് മുമ്പേപൂട്ടി പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉടമയായ റോജര്‍ എന്നയാളെ നേരെത്തേ പോലീസ് പിടികൂടിയിരുന്നു. എച്ച് ആര്‍ മാനേജര്‍ ആയ ആകാശ് ആണ് വിദ്യാര്‍ഥികളെ തന്ത്രപൂര്‍വം ഈ തട്ടിപ്പില്‍ വീഴ്ത്തികൊണ്ടിരുന്നത്. ഇയാളുടെ ബേങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് തട്ടിപ്പ് കമ്പനിയില്‍ നിന്നും ഭീമമായ പണം ഇയാള്‍ വാങ്ങിയെടുത്തതായി മനസിലാക്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോവുകയും പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുകയും ചെയ്തുവെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു.

പ്രതിയെ അന്വേഷണ സംഘം കല്‍പ്പറ്റ സി ജെ എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ എസ് ഐ ജോയ്സ് ജോണ്‍, എസ് സി പി ഒ അബ്ദുസ്സലാം, സി പി ഒ ജിസണ്‍ ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest