Kerala
പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ വയോധികന് അറസ്റ്റില്‍
ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് വണ്ടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം | മലപ്പുറം വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി മുഹമ്മദലിയാണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിലാണ് 10 വയസുകാരന് പീഡനത്തെ കുറിച്ച് ഡോക്ടറോട് വെളിപ്പെടുത്തിയത്.
അത്തര്‍ കച്ചവടക്കാരനായ മുഹമ്മദലി 2018 മുതല്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ അത്തര്‍ വില്ക്കാന് മുഹമ്മദലി സ്ഥിരമായി എത്താറുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി വിദ്യാര്‍ഥിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൗണ്‍സിലിങ്ങിന് വിധേയനായപ്പോള്‍ കുട്ടി ഡോക്ടര്‍ക്ക് മുമ്പില്‍ പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്.