Connect with us

Kerala

രണ്ടാംവട്ടവും വീണ ഇ ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടു

രാവിലെ 9.30ന് ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തിയ വീണ രാത്രി എട്ടരയോടെയാണ് പുറത്തുവന്നത്.

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയെ ഇ ഡി ഇന്ന് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. സി എം ആര്‍ എല്‍ ഡയറക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും എസ് എഫ് ഐ ഒയില്‍ നിന്ന് ലഭിച്ച രേഖകളും മുന്‍നിര്‍ത്തിയായിരുന്നു വീണയുടെ രണ്ടാം വട്ട ചോദ്യം ചെയ്യല്‍. രാവിലെ 9.30ന് ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തിയ വീണ രാത്രി എട്ടരയോടെയാണ് പുറത്തുവന്നത്.

തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച വീണ നേരത്തെ ഹാജരാകാന്‍ സാധിക്കുമോ എന്ന് ഇ ഡിയോട് ചോദിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇ ഡി അനുമതി നല്‍കിയത്.

ജൂണ്‍ 17ന് വീണയെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്ന് വീണ നല്‍കിയ മൊഴികള്‍ വസ്തുതാപരമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സി എം ആര്‍ എല്‍ ഡയറക്ടര്‍മാരായ ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും സി എം ആര്‍ എല്ലിലെ പ്രധാന ഉദ്യോഗസ്ഥരെയും ഇ ഡി കഴിഞ്ഞ രണ്ടാഴ്ചകളില്‍ ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിലും വീണയുടെ മൊഴികളിലുമുള്ള പൊരുത്തക്കേടുകള്‍ എസ് എഫ് ഐ ഒ രേഖകളുടെ കൂടി അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് ഇ ഡി ഇന്ന് വീണയെ വീണ്ടും ചോദ്യം ചെയ്തത്.

നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയതിന്റെ പിന്നിലുള്ള യഥാര്‍ഥ സാമ്പത്തിക താത്പര്യങ്ങള്‍ എന്തെല്ലാമാണെന്നാണ് ഇ ഡി സൂക്ഷ്മമായി പരിശോധിക്കുന്നത്. കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം വായ്പ എടുത്ത സാഹചര്യം, ഈ പണത്തിന്റെ തിരിച്ചടവ്, വീണ്ടും വായ്പ വാങ്ങിയ സാഹചര്യം, വീണക്ക് അബൂദബിയില്‍ ഉണ്ടായിരുന്ന ബേങ്ക് അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍, സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, എക്‌സാലോജിക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യം തുടങ്ങി ഇതിനോടകം ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലാണ് ഇന്നലെ ഉണ്ടായതെന്ന് ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു.

എഴുതി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യത്തെ ചോദ്യം ചെയ്യലെങ്കില്‍ എസ് എഫ് ഐ ഒ ഇ ഡിക്ക് കൈമാറിയ സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐ ടി റിട്ടേണ്‍ അടക്കമുള്ള 134 സുപ്രധാന സുപ്രധാന രേഖകള്‍ മുന്നില്‍ വച്ച് കൂടുതല്‍ സമയമെടുത്തുള്ള ചോദ്യം ചെയ്യലാണ് ഇന്ന് ഉണ്ടായത്.

സേവനം ലഭിക്കാതെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയത് ഭരണത്തില്‍ സ്വാധീനം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നോ എന്നതാണ് ഇ ഡിക്ക് അറിയേണ്ടത്. സേവനം നല്‍കാതെ പണം വാങ്ങിയതിന് വ്യക്തവും കൃത്യവുമായ വിശദീകരണം നല്‍കാന്‍ വീണക്ക് കഴിയുന്നില്ലെങ്കില്‍ ഇ ഡി അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ ഇ ഡിക്ക് കഴിയും. വിജിലന്‍സ് കേസെടുത്താല്‍ ഇ ഡിക്ക് ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയ ഉന്നത രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ സാധിക്കും.

Content Highlights:
The Enforcement Directorate questioned Veena Vijayan for over nine hours in Kochi. The investigation pertains to alleged financial irregularities between Exalogic Solutions and CMNRL. She appeared before the central agency following a directive to clarify the controversial transactions.

 

 

---- facebook comment plugin here -----

Latest