Connect with us

National

വിമാന യാത്രയിലെ അതിക്രമങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

വിമാനയാത്രക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | വിമാനയാത്രക്കിടെ യാത്രക്കാരുടെ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിമാനയാത്രക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

ഇതിനായി സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകള്‍ (SOP) നടപ്പിലാക്കാന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിസിഎ മേധാവി ഫൈസ് അഹമ്മദ് കിദ്വായ് മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങള്‍ അനുസരിച്ച്, ഇത്തരം സംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ രൂപീകരിക്കണമെന്നും വ്യക്തമാക്കി.

യാത്രക്കാരുമായി നേരിട്ട് ഇടപെടുന്ന വിമാനത്താവള ജീവനക്കാരും വിമാന ജീവനക്കാരും പ്രത്യേക പരിശീലനം നേടണമെന്നും നിര്‍ദേശിക്കുന്നു. യാത്രക്കാരുടെയും അവരുടെ വസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടികളെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന യാത്രക്കാർക്കും ബാധകമായിരിക്കും. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമേ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇത് ബാധകമാണ്.

യാത്രക്കാരുടെ മോശം പെരുമാറ്റത്തെ അതിന്റെ തീവ്രത അനുസരിച്ച് നാല് വിഭാഗങ്ങളായി ഡി.ജി.സി.എ തരംതിരിച്ചിട്ടുണ്ട്.

ഘട്ടം 1: മോശം ആംഗ്യങ്ങൾ കാണിക്കുക, വാക്കാലുള്ള അധിക്ഷേപം, മദ്യപിച്ച് ബഹളമുണ്ടാക്കുക തുടങ്ങിയവ.

ഘട്ടം 2: ശാരീരികമായ ഉപദ്രവങ്ങൾ. തള്ളുക, ചവിട്ടുക, അടിക്കുക, കടന്നുപിടിക്കുക, ലൈംഗിക അതിക്രമം അല്ലെങ്കിൽ മോശമായ രീതിയിലുള്ള സ്പർശനം.

ഘട്ടം 3: ജീവന് ഭീഷണിയാകുന്ന പെരുമാറ്റങ്ങൾ. വിമാനത്തിന്റെ പ്രവർത്തന സംവിധാനങ്ങൾ കേടുവരുത്തുക, ശ്വാസം മുട്ടിക്കാൻ ശ്രമിക്കുക, കണ്ണിന് പരിക്കേൽപ്പിക്കുകയോ വധശ്രമം നടത്തുകയോ ചെയ്യുക.

ഘട്ടം 4: കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയോ അല്ലെങ്കിൽ കയറുകയോ ചെയ്യുന്നത്.

Latest