National
ഇറാനെ ആക്രമിച്ചതില്‍ അപലപിച്ച് സി പി എം; ഇസ്റാഈല്‍ തെമ്മാടിരാഷ്ട്രം പോലെ പെരുമാറുന്നു
20 മാസമായി ഫലസ്തീന് നേരെ ഇസ്റാഈല്‍ വംശഹത്യ യുദ്ധം നടത്തുകയാണ്. തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാന്‍ ഇസ്റാഈല്‍ തയ്യാറാകുമെന്ന് ഇറാന് നേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായി

ന്യൂഡല്‍ഹി | ഇറാനില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തെ സി പി എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്കുനേരെ ആക്രമണം തുടരുന്ന ഇസ്റാഈല്‍ തെമ്മാടിരാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്നും സി പി എം വ്യക്തമാക്കി.
ഇസ്റാഈല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേര്‍ കൊല്ലപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് ഇസ്റാഈല്‍ അധികൃതരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യന്‍ മേഖലയില്‍ ഇസ്റാഈലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതേണ്ട സ്ഥിതിയാണ്. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താന്‍ ഇസ്രാഈലിന് ആത്മവിശ്വാസം ലഭിക്കില്ല. ഇസ്രാഈലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടയാന്‍ അവര്‍ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്.
ആണവവിഷയത്തില്‍ ഇറാനുമായി കൂടിയാലോചനകള്‍ നടന്നുവരവെയാണ് ഇപ്പോഴത്തെ ആക്രമണം. ഇത് വിപുലമായ തോതില്‍ മേഖലയെ സംഘര്‍ഷങ്ങളിലേക്കും പശ്ചിമേഷ്യയെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിടുന്നതിലേക്കും എത്തിയേക്കാം. 20 മാസമായി ഫലസ്തീന് നേരെ ഇസ്റാഈല്‍ വംശഹത്യ യുദ്ധം നടത്തുകയാണ്. തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാന്‍ ഇസ്റാഈല്‍ തയ്യാറാകുമെന്ന് ഇറാന് നേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണെന്നും സി പി എം വ്യക്തമാക്കി.