Editors Pick
സിട്രോണിന്റെ പുതിയ ഇലക്ട്രിക് കാർ വിപണിയിൽ; വില 6.89 ലക്ഷം മുതൽ
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കോൺട്രാസ്റ്റ് കളർ സ്കിഡ് പ്ലേറ്റുകൾ എന്നിവ പുറംമോടിയിലെ പ്രധാന ആകർഷണങ്ങളാണ്.
ന്യൂഡൽഹി | പ്രമുഖ കാർ നിർമ്മാതാക്കളായ സിട്രോൺ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനമായ ഇസി ത്രീ എക്സ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 10.25 ലക്ഷം രൂപ മുതലാണ് ബാറ്ററി ഉൾപ്പെടെ കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ആകർഷകമായ ബാസ് (ബാറ്ററി ആസ് എ സർവീസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബാസ് പദ്ധതി പ്രകാരം 6.89 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ബാറ്ററി ഇഎംഐ ആയി കിലോമീറ്ററിന് 2.26 രൂപ വീതം നൽകണം. പുതിയ മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ വാഹനം എത്തിയിരിക്കുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കോൺട്രാസ്റ്റ് കളർ സ്കിഡ് പ്ലേറ്റുകൾ എന്നിവ പുറംമോടിയിലെ പ്രധാന ആകർഷണങ്ങളാണ്. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, കോസ്മോ ബ്ലൂ, പെർല നെര ബ്ലാക്ക്, ഗാർനെറ്റ് റെഡ്, ഡീപ്പ് ഫോറസ്റ്റ് ഗ്രീൻ എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

വൈറ്റ്, ബ്ലൂ ഡ്യുവൽ ടോൺ അപ്ഹോൾസ്റ്ററിയും ഡാഷ്‌ബോർഡുമാണ് വാഹനത്തിന്റെ ഉൾവശത്തിന് പ്രീമിയം ലുക്ക് നൽകുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പരിഷ്കരിച്ച 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് മൊബൈൽ ചാർജർ, സിട്രോൺ കണക്റ്റഡ് കാർ ടെക്നോളജി 2.0, സുരക്ഷയ്ക്കായി 6 എയർബാഗുകൾ എന്നിവ ഇതിലുണ്ട്. കൂടാതെ ഡ്യുവൽ ഡാഷ്‌കാം സെറ്റപ്പും ജെബിഎൽ മ്യൂസിക് സിസ്റ്റവും ഓപ്ഷണൽ ഫീച്ചറുകളായി സ്വന്തമാക്കാം.

സാങ്കേതികവിദ്യയിൽ മാറ്റങ്ങളില്ലാതെ മുൻപത്തെ 29.2കിലോവാട്ട്അവർ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. 56ബിഎച്ച്പി കരുത്തും 143എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ളതിനാൽ വെറും 57 മിനിറ്റ് കൊണ്ട് ബാറ്ററിയുടെ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
Content Highlights
Citroen has launched the new eC3X EV in India starting at Rs. 10.25 lakh, and at Rs. 6.89 lakh under the BaaS battery rental program. It retains the 29.2kWh battery offering a 320km range, while adding upgraded styling, a 10.25-inch touchscreen, and enhanced safety with 6 airbags.







