Connect with us

From the print

ത്രികോണപ്പോരിലും ആത്മവിശ്വാസത്തോടെ കുട്ടികളുടെ മന്ത്രിയപ്പൂപ്പന്‍

നേമത്ത് അഭിമാനപ്പോരാട്ടം.

Published

|

Last Updated

തിരുവനന്തപുരം | കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഇക്കുറി തീപാറുന്ന പോരാട്ടമാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യു ഡി എഫിനുവേണ്ടി മുന്‍ എം എല്‍ എ. കെ എസ് ശബരീനാഥും മത്സര രംഗത്തുണ്ട്. കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലാദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ മുന്നണികള്‍ക്കിത് അഭിമാനപ്പോരാട്ടമാണ്.

23 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 17ഉം ഭരിക്കുന്നത് ബി ജെ പിയാണ്. എന്നാല്‍, കഴിഞ്ഞ തവണ ബി ജെ പിയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചതും മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ് ഇക്കുറി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്. കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ കോടികളുടെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് ശിവന്‍കുട്ടിയുടെ മുന്നേറ്റം.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലും എം എല്‍ എയെന്ന നിലയിലും താന്‍ നടത്തിയ പോരാട്ടം വോട്ടാകുമെന്നാണ് ശിവന്‍കുട്ടി കണക്കാക്കുന്നത്. മന്ത്രിയപ്പൂപ്പനായും പൂക്കി ഇമേജിലൂടെയുമെല്ലാം കിട്ടിയ ജനസ്വീകാര്യത വോട്ടാകുമെന്നും ശിവന്‍കുട്ടി കരുതുന്നു.

പരമ്പരാഗതമായ ഇടത് വോട്ടുകള്‍ക്കൊപ്പം മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയുമുണ്ടായാല്‍ വീണ്ടും നേമത്ത് ചുവന്ന കൊടി പാറിപ്പിക്കാമെന്നാണ് ഇടതിന്റെ വിലയിരുത്തല്‍. മുസ്ലിം സമുദായം ഇത്തവണ ശിവന്‍കുട്ടിക്ക് പിന്നില്‍ അണിനിരക്കുമെന്ന വിലയിരുത്തലുകള്‍ ഇതിനകം പുറത്ത് വന്നുകഴിഞ്ഞു. ക്രിസ്ത്യന്‍ വോട്ടുകളില്‍ എത്രത്തോളം ശിവന്‍കുട്ടിക്ക് കിട്ടുമെന്നതും നിര്‍ണായകമാണ്.

നിയമസഭയിലേക്ക് ഒരിക്കല്‍ കിട്ടിയ സീറ്റ് തിരികെ പിടിക്കാനുള്ള പ്രചാരണമാണ് ബി ജെ പി നടത്തുന്നത്. സംസ്ഥാന അധ്യക്ഷനെ മത്സരരംഗത്തിറക്കി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറക്കുകയാണ് ബി ജെ പി ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റമാണ് അവര്‍ ലക്ഷ്യമിടുന്നത്.

ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മുന്നേറ്റത്തിന് കളമൊരുക്കിയെന്ന വിമര്‍ശം കേള്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ്സ് അതൊഴിവാക്കാനാണ് കെ എസ് ശബരീനാഥനെ ഇറക്കിയത്. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി നേമത്ത് മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്സ്. 2011, 2016 തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ക്കാണ് കോണ്‍ഗ്രസ്സ് സീറ്റ് നല്‍കിയത്. എന്നാല്‍, ഇക്കുറി കോണ്‍ഗ്രസ്സ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നതും പ്രവചനാതീതമാണ്.

 

Latest