Connect with us

K Muraleedharan

പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബി ജെ പിക്ക് കിട്ടില്ല: കെ മുരളീധരന്‍

വടകരയില്‍ മത്സരിക്കുമെന്നും ജനങ്ങള്‍ക്ക് വര്‍ഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബി ജെ പിക്ക് കിട്ടില്ലെന്ന പ്രതികരണവുമായി സഹോദരന്‍ കെ മുരളീധരന്‍ എം പി.

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കിയെന്നും പറയുന്നത് കേട്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് പത്മജക്ക് കൊടുത്തത്. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. 52,000 വോട്ടിന് യു ഡി എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12,000 വോട്ടിന് ജയിച്ച സീറ്റില്‍ 7,000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താന്‍ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുമെങ്കില്‍ താന്‍ തോല്‍ക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു.

ജനങ്ങള്‍ക്ക് വിധേയമായി നില്‍ക്കണം. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തില്‍ പോലും കെ കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. പാര്‍ട്ടിയില്‍ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോള്‍ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താന്‍ ബി ജെ പിയില്‍ പോയിട്ടില്ല. അച്ഛന്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും മറന്നില്ല. 1978 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി, അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആള്‍ക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങള്‍ക്ക് അറിയാം വടകരയില്‍ മത്സരിക്കുമെന്നും ജനങ്ങള്‍ക്ക് വര്‍ഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

Latest