Connect with us

Prathivaram

എഴുത്ത് എഴുത്തിലേക്കുള്ള പരിശ്രമം

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതയെന്നോ പാട്ടെന്നോ കഥയെന്നോ വേര്‍തിരിക്കാനാകാത്ത ചില കുത്തിക്കുറിക്കലുകള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞുവല്ലോ. എന്നാല്‍, അതൊന്നും പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചിരുന്നില്ല. പ്രസിദ്ധീകരണങ്ങള്‍ കൈയില്‍ കിട്ടുന്നത് തന്നെ അപൂർവമായിരുന്നു. അച്ഛന്‍ പണിക്ക് പോയിരുന്ന പൂക്കണ്ണിമനയിലെ തണ്ടികമുറിയില്‍ വലിയ ഒരു പത്തായപ്പെട്ടി കിടന്നിരുന്നു. അതിനുള്ളില്‍ മാതൃഭുമിയുടെയും കലാകൗമുദിയുടെയും വളരെ പഴയ ലക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. അവയാണ് ഞാന്‍ വായിച്ച ആനുകാലികങ്ങള്‍.| മനോജ് വെങ്ങോല സംസാരിക്കുന്നു

Published

|

Last Updated

? വളരെ കാലം മുമ്പേ എഴുതിത്തുടങ്ങിയ ഒരാളാണ് താങ്കൾ. സ്കൂൾ പഠനകാലം തൊട്ടേ എന്നു തന്നെ പറയാം. എന്തൊക്കെയാണ് കുട്ടിക്കാല ഓർമകൾ ? വായനയുടെ വാതായനങ്ങൾ താങ്കൾ സ്വയം തുറന്നതാണെന്ന് പറയാമോ?

= എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയാണ് ഞാന്‍. ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ വെങ്ങോലയിലെ ഓണംകുളം ഗവ. എല്‍ പി സ്കൂളിലും തുടര്‍ന്ന്‍ പത്താം ക്ലാസ് വരെ പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. പ്രീ ഡിഗ്രിയും ബിരുദപഠനങ്ങളും ആലുവ യു സി കോളജില്‍. എന്നെ പഠിപ്പിച്ച അധ്യാപകരെല്ലാം തന്നെ തങ്ങളുടെ വിദ്യാര്‍ഥികളോട് സ്നേഹവാത്സല്യങ്ങളോടെ പെരുമാറുന്നവരായിരുന്നു. പാട്ട്, കവിത തുടങ്ങിയവയോട് എനിക്കുള്ള ഇഷ്ടം അവര്‍ വലിയ താത്പര്യത്തോടെ പരിഗണിച്ചു. എന്നെക്കൊണ്ട് പാടിച്ചു. ഓരോ വിഷയങ്ങള്‍ തന്ന് പ്രസംഗിക്കാന്‍ ക്ഷണിച്ചു. നോട്ട്ബുക്കിന്റെ പിന്നില്‍ ഞാന്‍ എഴുതുന്ന നാലുവരികള്‍ക്കപ്പുറം പോകാത്ത വിഡ്ഢിത്തങ്ങള്‍ക്കും നല്ല പരിഗണന കിട്ടി. എന്റെ സാഹിത്യ താത്പര്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താന്‍ അവര്‍ നന്നായി ശ്രദ്ധിച്ചു എന്നാണ് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. വളരെ ദരിദ്രമായിരുന്നു വീട്ടിലെ അവസ്ഥ. കൂലിപ്പണിയായിരുന്നു അച്ഛനും അമ്മക്കും. അവര്‍ പണിക്ക് പോകുന്ന സമ്പന്ന ഭവനങ്ങളിലെ കുട്ടികളുടെ പഴയ ഉടുപ്പുകളാണ് ഞാന്‍ അക്കാലത്ത് ധരിച്ചിരുന്നത്. വെള്ള ഷര്‍ട്ടും കാക്കി നിക്കറുമായിരുന്നു ആശ്രമം സ്കൂളിലെ ആണ്‍കുട്ടികളുടെ യൂണിഫോം. കാക്കി നിക്കറിന് പകരം ഞാന്‍ വെള്ളമുണ്ടാണ് ഉടുത്തിരുന്നതെന്നു മാത്രം. വെള്ളനിറമുള്ള ഷര്‍ട്ടും മുണ്ടും. ഒരൊറ്റ ജോഡിയേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഒന്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഈ വെള്ളഷര്‍ട്ടില്‍ ഒരു ദിവസം ഞാന്‍ യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ അദ്ദേഹം ടിക്കറ്റ് എഴുതാന്‍ ഉപയോഗിക്കുന്ന പേന വെച്ച് നീണ്ട ഒരു വര തന്നെ വരച്ചുകളഞ്ഞു. തിരക്കുള്ള ബസിലെ തിക്കിത്തിക്കിയുള്ള യാത്രക്കിടയില്‍ അറിയാതെ പറ്റിയതാണ്. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. ആകെയുള്ള ഒരു ഷര്‍ട്ടാണ്. ആ ഷര്‍ട്ടിലാണ് ബോള്‍പോയിന്റ് പേനകൊണ്ടുള്ള വര. അതു മായ്ക്കാന്‍ കഴിയാതെ സ്കൂളിലെ വാട്ടര്‍പൈപ്പിനു മുന്പില്‍ വിഷമിച്ചുനില്‍ക്കുന്ന എന്നെ എനിക്കിപ്പോഴും കാണാം. അപ്പോഴാണ് ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വി ജി എബ്രഹാം സര്‍ അതുവഴി വരുന്നത്. എന്നോട് അദ്ദേഹം കാര്യം തിരക്കി. എന്റെ അന്നത്തെ നിസ്സഹായാവസ്ഥയില്‍ ഞാനൊരൊറ്റ കരച്ചിലായിരുന്നു. കരഞ്ഞുകൊണ്ട്‌ തന്നെ കാര്യം പറഞ്ഞു. മനസ്സലിഞ്ഞ അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ച്, അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. അടുത്തിരുത്തി. ആശ്വസിപ്പിച്ചു. പഠിത്തത്തെ കുറിച്ചൊക്കെ ചോദിച്ചു. വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചു. പിന്നെ, ഓഫീസ് മുറിയിലെ വലിയ പുസ്തക അലമാര തുറന്ന് രണ്ട് പുസ്തകങ്ങള്‍ എനിക്ക് സമ്മാനിച്ചു. ഒന്ന് ഇംഗ്ലീഷ് വ്യാകരണമാണ്. മറ്റൊന്ന് ആശാന്റെ നളിനി. പുസ്തകങ്ങള്‍ തന്നിട്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ തലയില്‍ മുഴങ്ങുന്നുണ്ട്: “വായിക്കണം’. മൃദുശബ്ദത്തിലെങ്കിലും, വാത്സല്യത്തോടെ എന്റെ അധ്യാപകന്‍ ഉച്ചരിച്ച ആ വാക്കിന്റെ മുഴക്കം ഭയങ്കരമായിരുന്നു. അതില്‍പ്പിന്നെയാണ് പുസ്തകങ്ങളിലേക്ക് ഞാന്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നതെന്ന് നിസ്സംശയം പറയാം.

? ആദ്യ കഥ ആരെ കുറിച്ചായിരുന്നു ?

= സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കവിതയെന്നോ പാട്ടെന്നോ കഥയെന്നോ വേര്‍തിരിക്കാനാകാത്ത ചില കുത്തിക്കുറിക്കലുകള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞുവല്ലോ. എന്നാല്‍, അതൊന്നും പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചിരുന്നില്ല. പ്രസിദ്ധീകരണങ്ങള്‍ കൈയില്‍ കിട്ടുന്നത് തന്നെ അപൂർവമായിരുന്നു. അച്ഛന്‍ പണിക്ക് പോയിരുന്ന പൂക്കണ്ണിമനയിലെ തണ്ടികമുറിയില്‍ വലിയ ഒരു പത്തായപ്പെട്ടി കിടന്നിരുന്നു. അതിനുള്ളില്‍ മാതൃഭുമിയുടെയും കലാകൗമുദിയുടെയും വളരെ പഴയ ലക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. അവയാണ് ഞാന്‍ വായിച്ച ആനുകാലികങ്ങള്‍. പ്രീഡിഗ്രിക്ക് ആലുവയില്‍ എത്തിയതോടെ ലോകം വലുതായി. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേയും റയില്‍വേ സ്റ്റേഷനിലേയും ബുക്ക് സ്റ്റാളിന്റെ ഭിത്തി ചാരിനിന്നാണ് ഞാന്‍ പിന്നെ ആനുകാലികങ്ങള്‍ വായിക്കുന്നത്. അങ്ങനെയാണ് പട്ടാമ്പിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന “കല്യാണസൗഗന്ധികം’ എന്ന മാസികയുടെ വിലാസം കിട്ടുന്നത്. ആ മാസികയുടെ ഒരു പേജില്‍ സൃഷ്ടികള്‍ അയക്കേണ്ട വിലാസം എന്ന് കണ്ടതിനുശേഷമാണ് ഞാനൊരു കഥ എഴുതാന്‍ ആലോചിക്കുന്നതും. മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ നാടുവിട്ടുപോയ മകനെ കാത്തിരിക്കുന്ന ഒരമ്മയെ എനിക്ക് അറിയാമായിരുന്നു. ആ വിചാരങ്ങളാണ് ഞാന്‍ കഥയായി എഴുതിയത്. എഴുത്ത് അത്ര സുഗമമായിരുന്നില്ല. വെട്ടിയും തിരുത്തിയും ആവര്‍ത്തിക്കുന്ന വാക്കുകള്‍ക്ക്, പകരം വാക്കുകള്‍ ആലോചിച്ചും അതങ്ങനെ നീണ്ടുനീണ്ടുപോയി. ഒടുവില്‍ ഇത്തിരി തൃപ്തി തന്ന ഒന്നാണ് മാസികക്ക് അയച്ചത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം കഥ അച്ചടിച്ച്‌ വന്നു. പത്രാധിപരുടെ കത്തും മാസികയും അയച്ചുകിട്ടി. എങ്കിലും എനിക്ക് സന്തോഷം തോന്നിയില്ല. ഞാനപ്പോഴേക്കും കടുത്ത വിഷാദരോഗിയായി തീര്‍ന്നിരുന്നു.

? ലിറ്റിൽ മാഗസിൻ പ്രസ്ഥാനവുമായി താങ്കൾക്ക് നല്ല ബന്ധമായിരുന്നു. ഇന്ന് വലിയ എഴുത്തുകാരായി അറിയപ്പെടുന്നവർ മിക്കവരും മിനി മാസികയുടെ തണലിൽ വളർന്നവരാണ്. താങ്കൾക്കത് പറയാൻ മടിയുണ്ടോ?

= എന്തിന് മടിക്കണം. അതൊരു കാലമായിരുന്നല്ലോ. എന്റെ കോളജ് പഠനകാലത്ത് ധാരാളമായി ലിറ്റില്‍ മാഗസിനുകള്‍ കിട്ടിയിരുന്നു. അതിലെല്ലാം പ്രശസ്തരും അല്ലാത്തവരുമായ എത്രയോ ആളുകള്‍ എഴുതിയിരുന്നു. എന്റെ സമീപപ്രദേശമായ കീഴില്ലത്ത് നിന്നും സാഹിതീസായകം എന്ന പേരില്‍ ഒരു ലിറ്റില്‍ മാസിക ഇറങ്ങുന്നുണ്ടായിരുന്നു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ സുരേഷ് കീഴില്ലമായിരുന്നു എഡിറ്റര്‍. അദ്ദേഹവുമായുള്ള ബന്ധം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് സാഹിതീസായകം മാസികയുടെ പത്രാധിപസമിതിയിലും ഞാന്‍ പ്രവര്‍ത്തിച്ചു. മലയാളത്തിലെ ഉന്നതരായ എഴുത്തുകാര്‍ മിക്കവരും സാഹിതീസായകത്തില്‍ എഴുതിയിട്ടുണ്ട്. യു സി കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ മലയാളവിഭാഗം ഒരു ലിറ്റില്‍ മാസികാപ്രദര്‍ശനം തന്നെ സംഘടിപ്പിക്കുകയുണ്ടായി. ആ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി, ലിറ്റിൽ മാഗസിനുകളുടെ വന്‍ശേഖരം തന്നെ സ്വന്തമായുള്ള കവിയും ആകാശവാണി ജീവനക്കാരനുമായ ആന്റണി മുനിയറയെ ഞാനാണ്‌ ക്ഷണിച്ചുകൊണ്ടുവന്നത്. വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ ലിറ്റില്‍ മാസികകളുമായി ആന്റണി മുനിയറ കെ എസ് ആര്‍ ടി സി ബസില്‍ വന്നിറങ്ങിയത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. കോളജ് ഹാളില്‍ ഡസ്കുകള്‍ നിരത്തിയിട്ട് ഞങ്ങള്‍ കുട്ടികളും കൂടി ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്. അധ്യാപകരും വിദ്യാർഥികളും ആ ലിറ്റില്‍ മാസികകളുടെ വന്‍ശേഖരം കണ്ടും മറിച്ചുനോക്കിയും വിസ്മയിച്ചുനിന്നത് എങ്ങനെ മറക്കും. ലിറ്റിൽ മാഗസിനുകളുടെ ആ കാലം ഓര്‍ത്തുപറയാന്‍ ആരെങ്കിലും മടിക്കുമോ?

? ആരും ഇതേവരെ ചോദിക്കാത്ത ഒരു ചോദ്യവും, എന്നാൽ ചോദിച്ചിരുന്നെങ്കിൽ വായനക്കാരുമായി പങ്കുവെക്കാമായിരുന്നു എന്ന് വിചാരിക്കുകയും ചെയ്ത ഒരുത്തരവും താങ്കളുടെ ഉള്ളിലുണ്ട്. എന്താകാം ആ ചോദ്യവും ഉത്തരവും?

= എന്നെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഉണ്ട്. എന്റെ എഴുത്ത് സ്വീകരിക്കുന്നവരും തിരസ്കരിക്കുന്നവരും ഉണ്ട്. പ്രശംസിക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. അവരൊന്നും എന്നോട് ഇന്നേവരെ “എന്തിനെഴുതുന്നു..?’ എന്ന് ചോദിച്ചിട്ടില്ല. പക്ഷേ, ആ ചോദ്യം ഞാന്‍ എന്നോട് നിരന്തരം ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഞാന്‍ എനിക്ക് നല്‍കുന്ന മറുപടി ഇതാണ്: “എഴുതുമ്പോള്‍ മറ്റെന്ത് ചെയ്യുന്നതിലും കൂടുതല്‍ അളവില്‍ ആനന്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ എഴുതുന്നു. എഴുത്തിലേക്ക് എത്താനുള്ള പരിശ്രമമായി എഴുതുന്നു.’