Kerala
ചര്‍ച്ച ഇനിയും തുടരുമെന്ന് അന്‍വര്‍; നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന
ബസ്സില്‍ എന്തായാലും യാത്ര തുടരുമെന്നും അത് സീറ്റില്‍ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്‌നമല്ലെന്നും അന്‍വര്‍

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഇടഞ്ഞ പി വി അന്‍വര്‍ നിലപാട് മയപ്പെടുത്തുന്നു. കോണ്‍ഗ്രസ്സ് വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെയാണ് അന്‍വര്‍ കടുപിടിത്തം ഒഴിവാക്കുന്നതെന്നാണ് സൂചന. ചര്‍ച്ച ഇനിയും തുടരുമെന്നും തീരുമാനമെടുക്കുന്നതിന് രണ്ട് ദിവസമുണ്ടല്ലോ എന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബസ്സില്‍ എന്തായാലും യാത്ര തുടരും. അത് സീറ്റില്‍ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്‌നമല്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണെന്നും അന്‍വര്‍ വ്യക്തമാക്കി.
ആര്യാടന്‍ ശൗക്കത്തിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് അതൃപ്തി പരസ്യപ്പെടുത്തി അന്‍വര്‍ രംഗത്തെത്തിയത്. എന്നാല്‍ രണ്ട് ദിവസം പിന്നിട്ടിട്ടും അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങാതെ യു ഡി എഫ് നിലപാടില്‍ ഉറച്ചുമുന്നോട്ടുപോവുകയാണ്. ഇതോടെ അന്‍വര്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും അയയാതിരുന്ന അന്‍വര്‍ ഗത്യന്തരമില്ലാതെയാണ് ഭീഷണി സ്വരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് സൂചന.
പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.