Connect with us

Kerala

തീപ്പിടിച്ച കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ടവര്‍ക്ക്‌ ചികിത്സ മംഗളൂരുവില്‍; നാല് പേരെ ഇനിയും കണ്ടെത്താനായില്ല

നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ സാധിച്ചിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | കേരള തീരം ചേര്‍ന്ന് ബേപ്പൂരിനടുത്ത് ഉള്‍ക്കടലില്‍ തീപ്പിടിച്ച ചരക്കുകപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെയും ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐ എന്‍ എസ് സൂറത്തിലാണ് കൊണ്ടുപോകുക. 22 ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ടവരാണിവര്‍. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കപ്പലിലകപ്പെട്ട നാല് പേരെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ക്ക് തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചേക്കുമെന്ന് വിവരങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 15 ആംബുലന്‍സുകള്‍ ബേപ്പൂരില്‍ നിലയുറപ്പിച്ചിരുന്നു. കപ്പലിലെ തീ അണക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തിയമര്‍ന്നിട്ടുണ്ട്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ സാധിച്ചിട്ടില്ല. കപ്പലും കണ്ടെയ്നറും ഒഴുകി നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

 

---- facebook comment plugin here -----

Latest