Connect with us

editorial

ഒറ്റമഴയില്‍ തകരുന്ന ദേശീയ പാത?

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലവര്‍ഷത്തിന്റെ ദൈര്‍ഘ്യവും മറ്റും വേണ്ടത്ര മനസ്സിലാക്കാതെയാണ് കമ്പനി റോഡ് നിര്‍മിച്ചതെന്ന് സംശയിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. തകര്‍ച്ചക്ക് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഈടാക്കാനുള്ള നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

Published

|

Last Updated

നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത 66ല്‍ ഒന്നിനു പിറകെ ഒന്നായി വിള്ളല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചത്തെ ശക്തമായ മഴയില്‍ മലപ്പുറം ജില്ലയിലെ കൂരിയാടാണ് ആദ്യം വിള്ളല്‍ പ്രത്യക്ഷപ്പെടുകയും സര്‍വീസ് റോഡ് ഇടിയുകയും ചെയ്തത്. പിന്നാലെ സമീപ പ്രദേശമായ തലപ്പാറയിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. രണ്ട് സ്ഥലങ്ങളിലും മണ്ണിട്ട് ഉയര്‍ത്തിയ ഭാഗങ്ങളിലാണ് റോഡുകള്‍ പിളര്‍ന്നത്. കാസർകോട് മാവുങ്കലിനു സമീപമാണ് പിന്നത്തെ തകര്‍ച്ച. ആറുവരിപ്പാതാ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ചെങ്കളം- നീലേശ്വരം റീച്ചില്‍ ചൊവ്വാഴ്ചയാണ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല മേൽപ്പാലത്തിലായിരുന്നു അടുത്ത വിള്ളല്‍. 50 മീറ്റര്‍ നീളത്തിലേറെയാണ് ഇവിടെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ഈ ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. എങ്കിലും വിള്ളലിലൂടെ വെള്ളമിറങ്ങി റോഡ് തകരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുപ്പത്തും സംഭവിച്ചു ദേശീയ പാതയില്‍ മണ്ണിടിച്ചില്‍.

വിള്ളലുകളുടെ കാരണങ്ങൾ മൂന്നംഗ വിദഗ്ധ സംഘത്തിന്റെ പഠനത്തിനു ശേഷമേ വ്യക്തമാകുകയുള്ളൂ. നിര്‍മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്നും വയല്‍ വികസിച്ച് വിള്ളലുണ്ടായതാണ് കൂരിയാട്ടെ റോഡ് തകര്‍ച്ചക്ക് കാരണമെന്നുമാണ് പ്രാഥമിക പരിശോധനക്കു ശേഷം എന്‍ എച്ച് ഐ പ്രൊജക്ട് ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്. കനത്ത മഴയില്‍ റോഡിന്റെ അടിത്തറയിലുണ്ടായ സമ്മർദമാണത്രെ തകര്‍ച്ചക്ക് കാരണം. അതേസമയം, പ്രകൃതിയുടെ സന്തുലിതാവസ്ഥ പാലിക്കാതെയും വയലുകളിലെയും നീര്‍ത്തട പ്രദേശങ്ങളിലെയും റോഡ് നിര്‍മാണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമുള്ള നിര്‍മാണമാണ് തകര്‍ച്ചക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വയല്‍ രണ്ടായി പകുത്ത് റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ഇരുവശങ്ങളിലോ ഏതെങ്കിലുമൊരു വശത്തോ വെള്ളം കെട്ടിനില്‍ക്കാനും അത് റോഡിന്റെ അടിത്തറയില്‍ സമ്മര്‍ദം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഈ സമ്മർദത്തെ അതിജയിക്കാനും വയല്‍ തുടങ്ങി മണ്ണുകള്‍ക്ക് ഉറപ്പ് കുറഞ്ഞ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് സുരക്ഷിതത്വം ലഭിക്കാനും റോഡിന്റെ അടിത്തറ ശക്തവും ഭദ്രവുമായിരിക്കേണ്ടതുണ്ട്. അണക്കെട്ടുകളും ഉയരം കൂടിയ കെട്ടിടങ്ങളും നിര്‍മിക്കുന്ന രീതിയില്‍ അടിത്തറ കരിങ്കല്ലില്‍ നിര്‍മിച്ചു വേണം ഇത്തരം പ്രദേശങ്ങളില്‍ റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്താനെന്നാണ് റോഡ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, റോഡ് നിര്‍മിക്കുന്ന ഭൂമിയിലെ മണ്ണിന്റെയും റോഡ് ഉയര്‍ത്താനായി കൊണ്ടുവരുന്ന മണ്ണിന്റെയും ഘടന ശാസ്ത്രീയമായി പരിശോധിക്കണം. നിലവിലുള്ള മണ്ണിന് അനുയോജ്യമാം വിധം മണ്ണിന് ശാസ്ത്രീയ പരിചരണം നല്‍കണം. മണ്ണിന്റെ പ്ലാസ്റ്റിസിറ്റി, ജലാംശം ഉള്‍ക്കൊള്ളാനുള്ള കഴിവ്, പശിമ തുടങ്ങിയ ഘടകങ്ങള്‍ ക്രമപ്പെടുത്തി ചെറിയ പാളികളായി മണ്ണുനിരത്തി ഉറപ്പിച്ച് ക്രമത്തില്‍ വേണം റോഡ് ഉയര്‍ത്താന്‍.

കൂരിയാട് ഭാഗത്തെ നിര്‍മാണത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും പരിസ്ഥിതി പരിഗണിക്കാതെയുള്ള നിര്‍മാണം അപകടത്തിന് വഴിവെക്കുമെന്നും നിര്‍മാണ ഘട്ടത്തില്‍ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറിയ പാളികളായി മണ്ണിട്ട് ഉയര്‍ത്തുന്നതിനു പകരം ഇവിടെ വന്‍തോതില്‍ ഒന്നിച്ച് മണ്ണിട്ടു നികത്തുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. മഴക്കാലത്ത് ആറ് മാസം വെള്ളംകെട്ടി നില്‍ക്കുന്ന വയലില്‍ പത്ത് മീറ്ററോളം ഉയരത്തിലാണ് ഇവിടെ ദേശീയ പാതക്കു വേണ്ടി റോഡ് കെട്ടിപ്പൊക്കിയത്. വയൽ പോലുള്ള മണ്ണിന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ നിര്‍മിച്ചതു പോലുള്ള വയഡക്ട് (തൂണുകളില്‍ റോഡ് നിര്‍മിക്കുന്ന രീതി) സംവിധാനമാണ് സുരക്ഷിതവും അഭികാമ്യവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദേശീയ പാതയുടെ അവസാന റീച്ചുകള്‍ ഈ മാസാവസാനത്തോടെ തുറക്കുമെന്ന ബന്ധപ്പെട്ടവരുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയുണ്ടായ റോഡ് തകര്‍ച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. കേരളത്തിലെ റോഡുകള്‍ ലോകശ്രദ്ധ നേടുന്നുവെന്നാണ് 2023 മേയില്‍ കോഴിക്കോട്- പേരാന്പ്ര റോഡിലെ ബൈപാസ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞത്. ഈ സര്‍ക്കാറിന്റെ കാലത്ത് റോഡ് വികസനത്തില്‍ കേരളം ഏറെ മുന്നേറിയെന്നും ദേശീയ പാതകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകള്‍ വരെ ഉന്നത നിലവാരത്തിലാണ് നിര്‍മിക്കുന്നതെന്നും അടുത്തിടെ പൊതുമരാമത്ത് മന്ത്രിയും പറഞ്ഞിരുന്നു. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലം ഈടു നില്‍ക്കുന്നതും കാലാവസ്ഥക്ക് അനുയോജ്യവുമായ നിര്‍മാണ രീതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി. എന്‍ എച്ച് 66ന്റെ കാര്യത്തില്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന് വേണം കരുതാന്‍. ചെറിയൊരു മഴയിലാണ് സംസ്ഥാനത്തിന്റെ വൻ പ്രതീക്ഷയായ ദേശീയപാത 66 വിവിധയിടങ്ങളിലായി തകര്‍ന്നത്. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ എന്താകും ഈ റോഡിന്റെ ഗതി?

ആന്ധ്ര ആസ്ഥാനമായുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്്ഷൻ കമ്പനിയാണ് കൂരിയാട് ഈ റോഡിന്റെ നിര്‍മാണം നടത്തുന്നത്. റോഡ് നിര്‍മാണത്തിന് മികച്ച പരിചയവും തഴക്കവുമുള്ള കമ്പനിയാണിതെന്നും ഇതിനകം 8,000 കി.മീറ്റര്‍ ദേശീയ പാത കമ്പനി നിര്‍മിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലവര്‍ഷത്തിന്റെ ദൈര്‍ഘ്യവും മറ്റും വേണ്ടത്ര മനസ്സിലാക്കാതെയാണ് കമ്പനി റോഡ് നിര്‍മിച്ചതെന്ന് സംശയിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. തകര്‍ച്ചക്ക് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഈടാക്കാനുള്ള നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. കൂരിയാട് റോഡ് തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് റോഡ് തകരാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായം മാനിച്ച് ഈ ഭാഗത്ത് വയഡക്ട് രീതിയില്‍ റോഡ് പുനര്‍നിര്‍മിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest