Poem
കളിപ്പാട്ടങ്ങളുടെ ശ്മശാനം
ഫലസ്തീനിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക്
കരയിൽ നിന്നും
ആകാശത്തുനിന്നും
ജലത്തിൽ നിന്നും
ഒരുപോലെ മരണം വരുമ്പോൾ
എല്ലാ കുട്ടികളും
കളിക്കുകയായിരുന്നു.
കളിപ്പാട്ടങ്ങളുടെ ചിറകുകളിൽ
അതിരുകളില്ലാത്ത ആകാശം
ആരെയും പുറത്താക്കിയിരുന്നില്ല.
ഉരുണ്ടു വരുന്ന കളിവണ്ടിയുടെ
ചുണ്ടുകളിൽ
ചുംബിക്കുമ്പോഴാണ്
കുഞ്ഞു തലച്ചോറ്
ചിതറിത്തെറിച്ചത്.
മേഘങ്ങളിൽ നിന്ന്
പറന്നിറങ്ങുന്ന പന്തുകൾ ഓടിപ്പിടിക്കുമ്പോഴാണ്
കുഞ്ഞു കൈകൾ
അറ്റുവീണത്.
കടലാസുതോണിയിൽ
കയറ്റിയാണ്
കുഞ്ഞുങ്ങളുടെ ജഡങ്ങൾ
കളിപ്പാട്ടങ്ങളുടെ
ശ്മശാനത്തിലേക്ക്
കൊണ്ടുപോകുന്നത്.







