Connect with us

ആത്മായനം

നോന്പുകാരനെന്നാൽ...

പൂർവസൂരികൾ നമ്മെ ഉപദേശിച്ചത് "നിങ്ങൾ വ്രതമനുഷ്ഠിക്കുന്നുവെങ്കിൽ നിങ്ങളുടെ കാതും കണ്ണും നാവും വേണ്ടാതീനങ്ങളെ തൊട്ട് വ്രതമനുഷ്ഠിക്കട്ടെ' എന്നാണ്. കളവ്, പരദൂഷണം എന്നിവകൊണ്ട് നോമ്പ് മുറിയുമെന്നാണ് ബഹുമാന്യരായ ഔസാഇ(റ) പറഞ്ഞത്. അഥവാ നോമ്പിന്റെ പ്രതിഫലങ്ങൾ നഷ്ടപ്പെടാൻ ഇത്തരം ദുഷ്ക്രിയകൾ നിമിത്തമാകുമെന്ന് തന്നെ.

Published

|

Last Updated

നോമ്പ്, ഒരു ഹൈക്ലാസ് സെക്യൂരിറ്റി സിസ്റ്റമാണ്. എല്ലാ തരം ഭീതികളിൽ നിന്നുമുള്ള സുരക്ഷിതത്വം അത് ഉറപ്പ് നൽകുന്നു. മനുഷ്യൻ അനുഭവിക്കേണ്ടി വരുന്നതിൽ വെച്ചേറ്റവും വലിയ ഭീതി നരകവാസമാണ്. നോമ്പ് നരകത്തെ തടുക്കുന്നു. എല്ലാ ഭയവിഹ്വലതകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് വിശുദ്ധി നേടിയ യഥാർഥ വിശ്വാസിയെ പണിയുകയെന്ന ദൗത്യമാണ് നോമ്പ് നിർവഹിക്കുന്നത്. അതുവഴി മനുഷ്യനെ മുത്തഖി എന്ന അതീവ ജാഗ്രതയുള്ള വ്യക്തിത്വത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുന്നു. ജാഗ്രതയുള്ള വ്യക്തികൾ അച്ചടക്കമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ഈ ലോകത്തെ സമാധാനമുള്ളതാക്കാൻ അവർക്ക് സാധിക്കുന്നു, അതിനാലവർ പരലോകത്തും സമാധാനം അനുഭവിക്കുന്നു. എല്ലാ കാലത്തുള്ള സമുദായങ്ങൾക്കും വ്രതമനുഷ്ഠിക്കാനുള്ള കൽപ്പനയുണ്ടായിട്ടുണ്ട്. “സത്യവിശ്വാസികളേ… നിങ്ങളുടെ പൂർവികർക്ക് വ്രതം നിർബന്ധമാക്കിയ പോലെ നിങ്ങൾക്കും വ്രതം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു’ എന്ന സൂക്തം അതാണ് വ്യക്തമാക്കുന്നത്.

പൈശാചികതകൾക്ക് കൂച്ചുവിലങ്ങിട്ട് നരകകവാടങ്ങൾ കൊട്ടിയടക്കാൻ മാത്രം പ്രൗഢമായ സ്ഥാനം നോമ്പിന് അല്ലാഹു നൽകിയിരിക്കുന്നു. തിരുദൂതർ (സ) വിവരിക്കുന്നത് കേൾക്കാം: “തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് പറയുന്നു എല്ലാ സുകൃതങ്ങൾക്കും പത്തിരട്ടി മുതൽ എഴുപതിരട്ടി വരെ പ്രതിഫലം നൽകും, നോമ്പിനങ്ങനെയല്ല, നോമ്പെനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം നാം നൽകും. വ്രതം നരകത്തിൽ നിന്നുള്ള കവചമാണ്, നോന്പുകാരന്റെ വായയുടെ ഗന്ധം പോലും അല്ലാഹുവിങ്കൽ കസ്തൂരിയുടെ സുഗന്ധത്തെക്കാൾ സൗരഭ്യമുള്ളതാണ്’.
കർമങ്ങളിലെ ആത്മാർഥത, ഭയഭക്തി, ക്ഷമ, തെറ്റുകളോടുള്ള പ്രതിരോധം തുടങ്ങി നിരവധി ശീലങ്ങളുടെ പാഠശാലയാണ് നോമ്പ്. ആത്മാവിനെ സംസ്കരിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് യഥാർഥ ദിവ്യാടിമത്തത്തിലേക്ക് (ഉബൂദിയ്യ ) മനുഷ്യരെ അതെത്തിക്കുന്നു. വിശപ്പിന്റെയും ദാഹത്തിന്റെയും അനുഭവത്തെയല്ല നോമ്പെന്ന് വിളിക്കുന്നത്. അത് നോമ്പിന്റെ ചെറിയൊരു ഘടകം മാത്രമാണ്. അഴുക്കു പറ്റാത്ത ജീവിതം സൃഷ്ടിക്കുന്നവനാണ് നോന്പുകാരൻ (സാഇം).

പകലിൽ അന്നപാനീയങ്ങൾ വെടിഞ്ഞ് തെറ്റുകളിൽ വ്യാപൃതനാകുന്നവൻ സാഇം അല്ല. വെറുതെയൊരു ദിനം പട്ടിണി കിടന്നുവെന്നല്ലാതെ പ്രതിഫലങ്ങളൊന്നും അയാൾക്കു ലഭിക്കാനില്ല. നോന്പുകാരൻ കളവ് പറയില്ല, തർക്കങ്ങൾക്ക് പോകില്ല, പരദൂഷണം നടത്തില്ല, വഞ്ചിക്കില്ല, അങ്ങനെയങ്ങനെ ഒരു തിന്മയെയും അയാൾ സ്പർശിക്കില്ല. “പിഴച്ച വർത്തമാനങ്ങളും തെറ്റായ പ്രവർത്തനങ്ങളും ഒഴിവാക്കാത്തവൻ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നതിൽ അല്ലാഹുവിന് ഒരാവശ്യവുമില്ല’ (ബുഖാരി), “കർമത്താൽ കേവലം പട്ടിണി മാത്രം നേടിയ എത്ര നോന്പുകാരുണ്ട് ! ‘ (നസാഇ) തുടങ്ങിയ തിരുദൂതരുടെ സംസാരങ്ങൾ പ്രഛന്നമായ നോമ്പിന്റെ നിർജീവതയെ തുറന്ന് കാട്ടുന്നുണ്ട്. കാട്ടിക്കൂട്ടലല്ല നോമ്പ്, എല്ലാ തരം ശരികേടുകളോടുമുള്ള ഉപരോധമാണത്. (വ്രതം എന്നതിന്റെ അറബി പദമായ സൗമ്‌ എന്നതിന്റെ ഭാഷാർഥം ഉപരോധമെന്നാണ്.)

പൂർവസൂരികൾ നമ്മെ ഉപദേശിച്ചത് “നിങ്ങൾ വ്രതമനുഷ്ഠിക്കുന്നുവെങ്കിൽ നിങ്ങളുടെ കാതും കണ്ണും നാവും വേണ്ടാതീനങ്ങളെ തൊട്ട് വ്രതമനുഷ്ഠിക്കട്ടെ’ എന്നാണ്.കളവ്, പരദൂഷണം എന്നിവകൊണ്ട് നോമ്പ് മുറിയുമെന്നാണ് ബഹുമാന്യരായ ഔസാഇ(റ) പറഞ്ഞത്. അഥവാ നോമ്പിന്റെ പ്രതിഫലങ്ങൾ നഷ്ടപ്പെടാൻ ഇത്തരം ദുഷ്ക്രിയകൾ നിമിത്തമാകുമെന്ന് തന്നെ.
മുസ്നദിൽ ഇമാം അഹ്മദ് (റ) വിവരിക്കുന്ന ഒരു സംഭവം കൂടി വായിച്ചാലോ. “തിരുനബി(സ)യുടെ കാലത്താണ്. രണ്ട് സ്ത്രീകൾ നോമ്പ് നോറ്റ് വല്ലാതെ ക്ഷീണിച്ചവശകളായി, മരിച്ചു പോയേക്കുമെന്നായഘട്ടത്തിൽ നോമ്പ് മുറിക്കാൻ സമ്മതം തേടാൻ തിരുനബിക്കരികിലേക്ക് ആളെ വിട്ടു. തിരുദൂതർ (സ) ആഗതനോട് ആ സ്ത്രീകളിലേക്ക് ഒരു പാത്രമെടുത്ത് ചെല്ലാനും അവരോടതിൽ ഛർദിക്കാൻ ആവശ്യപ്പെടാനും നിർദേശിച്ചു.

സ്ത്രീകൾ ഛർദിച്ചു. കട്ടച്ചോരയും മാംസക്കഷ്ണങ്ങളും!! ജനങ്ങൾ ആശ്ചര്യപ്പെട്ട നേരം തിരുനബി (സ) സംസാരിച്ചു ” ഇവർ രണ്ടു പേരും അല്ലാഹു അനുവദിച്ച വിധം നോമ്പെടുക്കുകയും അല്ലാഹു നിരോധിച്ച വിധം നോമ്പ് മുറിച്ചവരുമാണ്. ഒരുത്തി മറ്റൊരാളുടെ അടുത്ത് ചെന്ന് മനുഷ്യന്മാരുടെ കുറ്റം പറച്ചിലാണിവരുടെ പണി. ഈ കാണുന്നതത്രയും അവരുടെ പച്ചയിറച്ചിയാണ്’ നോമ്പ് നോറ്റ് തെറ്റ് ചെയ്തതിന്റെ ദൂഷ്യമാണ് നമ്മളീ സംഭവത്തിൽ കണ്ടത്. വ്രത വിശുദ്ധിയുടെ മാസം നമ്മുടെ വീട്ടുപടിക്കലെത്താനിരിക്കുന്നു. വെറും പട്ടിണിക്കാരനാകാതെ, നോമ്പുകാരനാകാൻ നമുക്ക് ശ്രമിക്കാം. അല്ലാഹു സഹായിക്കട്ടെ.