Connect with us

From the print

മുത്തങ്ങ വെടിവെപ്പിന് 21 വര്‍ഷം; ആദിവാസികളെ കൈയൊഴിഞ്ഞ് ഗോത്ര മഹാസഭയും

എല്ലാ കുടുംബങ്ങള്‍ക്കും ഒരേക്കര്‍ വീതം ഭൂമി ലഭ്യമാക്കിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, നല്‍കിയ ഭൂമി 90 ശതമാനത്തിലധികം വാസയോഗ്യമല്ലെന്നാണ് ആദിവാസി കുടുംബങ്ങള്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ ആദിവാസി സമരത്തില്‍ ശ്രദ്ധേയ മായ മുത്തങ്ങ സമരത്തിന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ആവശ്യപ്പെട്ട് 2001 ല്‍ സെക്രട്ടേറിയറ്റ് നടയില്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 2003ലെ മുത്തങ്ങ സമരം.

ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി വീതം നല്‍കാമെന്ന് സെക്രട്ടേറിയറ്റ് സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മുത്തങ്ങയില്‍ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചത്. തകരപ്പാടി മുതല്‍ അമ്പുകുത്തി വരെയുള്ള സ്ഥലങ്ങളില്‍ ഊര് സ്ഥാപിച്ചും പിന്നീട് വനഭൂമി കൈയേറിയും മുന്നോട്ടുപോയ സമരം പോലീസ് നടപടിയിലാണ് കലാശിച്ചത്. 2003 ഫെബ്രുവരി 19ന് നടന്ന പോലീസ് വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും സ്ത’രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വെടിവെപ്പിന് ശേഷം സര്‍ക്കാറും സമരക്കാരും തമ്മിലുണ്ടായ ചര്‍ച്ചയില്‍ 281 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനമായിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഒരേക്കര്‍ വീതം ഭൂമി ലഭ്യമാക്കിയെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, നല്‍കിയ ഭൂമി 90 ശതമാനത്തിലധികം വാസയോഗ്യമല്ലെന്നാണ് ആദിവാസി കുടുംബങ്ങള്‍ പറയുന്നത്. കൈവശാവകാശ രേഖ ലഭിച്ച പല കുടുംബങ്ങള്‍ക്കും എവിടെയാണ് ഭൂമി എന്നുപോലുമറിയില്ല.

ആദിവാസി ഭൂപ്രശ്നം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വ്യാപക ചര്‍ച്ചക്ക് വിധേയമാക്കാന്‍ മുത്തങ്ങ സമരത്തിന് സാധിച്ചു. പക്ഷേ, സമരത്തിന്റെ മുഖ്യ സംഘാടകരായ ഗോത്ര മഹാസഭ പോലും പിന്നീട് ആദിവാസികളെ കൈയൊഴിയുന്നതാണ് കണ്ടത്. സമരാനന്തര പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലോ സമരത്തിന്റെ ഭാഗമായ കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാനോ ആദിവാസി ഗോത്ര മഹാസഭ സന്നദ്ധമായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

 

Latest