Connect with us

Cover Story

ചോര നിറച്ച കപ്പും ഭക്ഷണമില്ലാത്ത പ്ലേറ്റും

ആതിഥേയർ സാധാരണ ലോകത്തെ തുറന്നമനസ്സോടെ സ്വാഗതം ചെയ്യുകയാണ്‌ പതിവെങ്കിലും ചിലർ വരാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നാണ്‌ യു എസ്‌ നേതൃത്വത്തിന്റെ സമീപനം. യോഗ്യത നേടിയ നിരവധി രാജ്യങ്ങളിൽ ഭാഗികമായോ പൂർണമായോ യാത്രാ വിലക്ക് നേരിടുന്ന ഫുട്ബോൾ പ്രേമികളുണ്ട്. ഹെയ്തിക്കും ഇറാനും പൂർണ നിരോധനം. ഐവറി കോസ്റ്റ്, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്ക് ഭാഗിക നിയന്ത്രണങ്ങൾ. ഇറാനിയൻ ദേശീയ ടീം തുർക്കിയിലെ യു എസ് കോൺസുലേറ്റിൽ വിസ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ദിവസങ്ങളോളം ചെലവഴിച്ചു. മത്സര ദിവസങ്ങളിലേ പ്രവേശനം അനുവദിച്ചുള്ളൂ.

Published

|

Last Updated

ളരെ വർഷങ്ങൾക്കുശേഷം ഒരുപാട് കാര്യങ്ങൾ കണ്ടു, ധാർമികതയും മനുഷ്യ കടമയും സംബന്ധിച്ച്‌ തനിക്ക് ഏറ്റവും തെളിമയോടെ അറിയാവുന്ന കാര്യങ്ങൾക്കും ഉറച്ച പാഠങ്ങൾക്കും ഫുട്ബോളിനോട് കടപ്പെട്ടിരിക്കുന്നുവെന്ന്‌ ആൽബേർ കാമു വെളിപ്പെടുത്തിയത്‌ 1953 ഏപ്രിലിൽ തന്റെ മുൻ സ്പോർട്സ് ക്ലബായ റേസിംഗ് യൂനിവേഴ്സിറ്റി ഡി’ അൽജറിന്റെ പൂർവ വിദ്യാർഥി മാസികയിലെ ലേഖനത്തിലാണ്. സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയതിന് തൊട്ടുപിന്നാലെ 1957 ഡിസംബർ 17ന് ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പിൻപേജിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ ആ ഉദ്ധരണി ആഗോള പ്രശസ്തി നേടി. ആർ യു എ ടീമിന്റെ ഗോൾകീപ്പറായിരുന്ന അദ്ദേഹത്തിന്‌ ക്ഷയരോഗ ബാധയെ തുടർന്ന് 17ാം വയസ്സിൽ കളി നിർത്തേണ്ടിവന്നു. ഫുട്ബോൾ ഗ്രൗണ്ടും നാടകവേദിയുമാണ് തന്റെ രണ്ട് യഥാർഥ സർവകലാശാലകളെന്ന് പിന്നീട് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കളും മതമേധാവികളും സ്വന്തം അജൻഡകൾക്ക് അനുയോജ്യമാംവിധം കെട്ടിച്ചമച്ച സങ്കീർണമായ ധാർമിക വ്യവസ്ഥകളെക്കാൾ കാമു ഇഷ്ടപ്പെട്ടത് ടീം വർക്ക്, ധൈര്യം, ന്യായമായ കളി തുടങ്ങി മൂർത്തവും അലിഖിതവുമായ കായിക നിയമങ്ങളാണ്.

എന്നാലിതാ 2026 ഫിഫ വേൾഡ്‌ കപ്പിന്റെ പന്തുരുണ്ട്‌ മൂന്നാം ദിവസത്തിലും വലുതാവുന്ന ഉൽക്കണ്‌ഠകൾ പലത്‌. അഞ്ച്‌ ആഴ്‌ചയിലേറെ അതിർത്തികൾ മങ്ങും. കോടിക്കണക്കിനാളുകൾ ഒരൊറ്റ കാഴ്ചയിൽ മതിമറന്ന്‌ ലയിക്കും. ലോകകപ്പ് ഒരിക്കലും വെറും ഫുട്ബോൾ മാത്രമല്ല, അത്‌ ഭൂഗോളത്തെ ഒന്നിപ്പിക്കുന്നുവെന്ന് അവകാശപ്പെടാറുള്ള ഫിഫ നിറങ്ങൾക്കും സംഗീതത്തിനും ആഘോഷങ്ങൾക്കും കീഴിൽ രാഷ്ട്രീയ തർക്കങ്ങൾ മാഞ്ഞുപോകുമെന്നും വാദിക്കാറുണ്ട്‌. 2026ൽ ആ അവകാശവാദം ഏറ്റവും സങ്കീർണമായ പരീക്ഷണങ്ങൾ നേരിടുകയാണ്‌. കാണാതായ 13,300 പേരെ അന്വേഷിക്കുന്ന അധ്യാപകർ മുതൽ അമ്മമാർ വരെ മെക്സിക്കോയിൽ വമ്പിച്ച പ്രതിഷേധങ്ങളുടെ മുന്നണിയിൽ. പന്ത് വീട്ടിലേക്ക് വരുന്നു, എപ്പോഴാണ് അവർ.

ഗോൾ നേടുന്നതിനെക്കാൾ വലുതാണ് ലക്ഷ്യങ്ങൾ. ഞങ്ങൾക്ക് നീതി വേണം, മെക്സിക്കോയ്ക്ക് അത് ലഭിക്കുന്ന ദിവസം ആഘോഷിക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്നാണ്‌ ആക്ടിവിസ്റ്റുകൾ കുറിച്ചത്‌. ഫിഫയും സർക്കാറുകളും പ്രാദേശികാവശ്യങ്ങൾക്കും പരിസ്ഥിതിക്കും പകരം വിനോദസഞ്ചാരികൾക്കും കോർപറേറ്റുകൾക്കും മുൻഗണന നൽകുന്നതിനാൽ കഴിഞ്ഞ മാസങ്ങളിൽ ഇരമ്പിയ നൂറുകണക്കിന് മാർച്ചുകളുടെ തുടർച്ച. മെക്സിക്കോയുടെ ചോള പരമാധികാരം നഷ്ടപ്പെടുത്തുകയും യു എസ്‌ ആധിപത്യവും ആ രാജ്യത്തിന്റെ ഘടനാപരവും സാമ്പത്തികവുമായ ആശ്രിതത്വത്തെ സ്ഥാപനവത്കരിക്കുകയും നദികളും മണ്ണും യു എസ്, കനേഡിയൻ ഖനികൾക്കായി ബലിയർപ്പിക്കുകയും ചെയ്യുന്നു.

ഐക്യമല്ല, മയക്കമാണ് ലോകകപ്പ്

ലോകകപ്പ് കാഴ്ചയുടെ കൊതിപ്പിക്കുന്ന ആകർഷണം ഐക്യമല്ല, മയക്കമാണ്. സ്റ്റേഡിയത്തിലെ ലൈറ്റുകൾ സാമ്രാജ്യത്വത്തിന്റെ വിശദാംശങ്ങളെയും അതിർത്തികൾ വെട്ടിമുറിച്ചതിന്റെയും വേതന വർണവിവേചനത്തിന്റെയും നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ദ്രോഹത്തിന്റെയും യാഥാർഥ്യങ്ങൾ മറച്ചുപിടിക്കുന്നു. കോർപറേറ്റ് സ്പോൺസർമാർക്ക് വിൽപ്പന വർധിപ്പിക്കുന്നതിനും ഉത്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്ത അനുഭവപരമായ വിപണന തന്ത്രം. ഫെബ്രുവരി അവസാനം മെക്സിക്കോ സിറ്റി വിമാനത്താവളത്തിൽ കൊക്ക കോള വിമാനത്തിലാണ് കപ്പ് എത്തിച്ചത്. സർക്കാർ ചുവന്ന പരവതാനി വിരിച്ചു. തുടർന്ന് ട്രോഫിയും കൂറ്റൻ കൊക്കകോള ബോർഡുകളുമായി രാജ്യം മുഴുവൻ ചുറ്റി. 1950 മുതൽ എല്ലാ ഫിഫ ടൂർണമെന്റുകളിലും പരസ്യങ്ങൾ സ്ഥാപിക്കുന്ന ആ കുത്തക പെപ്സി, നെസ്‌ലെ തുടങ്ങിയവയുമായി ചേർന്ന് വർഷം 13,300 കോടി ലിറ്ററിലധികം വെള്ളം മെക്സിക്കോയിൽനിന്ന് മോഷ്ടിക്കുകയാണ്‌.

നഗരസൗന്ദര്യവത്കരണത്തിന്റെ വംശീയവും വർഗീയവുമായ ഊന്നലുകളിലൂടെ സാമൂഹിക ശുദ്ധീകരണം, നാടുകടത്തൽ, റെയ്ഡുകൾ, അടിച്ചമർത്തൽ, കുടിയൊഴിപ്പിക്കൽ എന്നിവ നടപ്പിലാക്കുന്നു. ആതിഥ്യമര്യാദ പ്രദർശിപ്പിക്കാനുള്ള വേദിയായ ലോകകപ്പിനെ അടച്ചിട്ട അതിർത്തികൾ, ഐ സി ഇ വംശീയ പ്രൊഫൈലിംഗ്, നിയമവിരുദ്ധവും ക്രൂരവുമായ നാടുകടത്തലുകൾ എന്നിവയിലൂടെ നിരവധി മനുഷ്യാവകാശങ്ങൾ ലംഘനങ്ങളുടെ തുടർച്ചയാക്കിയിട്ടുമുണ്ട്‌. ജീവജാലങ്ങളെക്കാൾ കൂടുതൽ ലോകകപ്പ് ചിഹ്നങ്ങളായി മെക്സിക്കോ വിലമതിക്കുന്നത്‌ മനോഹരമായ ആക്സോലോട്ടുകളെ; അതിന്‌ 6. 2 കോടി പെസോ ചെലവഴിച്ചു.

പലസ്തീൻ വംശഹത്യക്കും ജലം കൊള്ളയടിക്കുന്നതിനുമെതിരെ എങ്ങും ശബ്ദമുയരുന്നു. പത്രപ്രവർത്തകൻ ആലോൺ മിസ്രാഹി മാനവികതയോട് അഭ്യർഥിച്ചത്‌, വാക്കുകളെ ചെറുതാക്കാനും ഫാന്റസികൾ വിൽക്കാനും ദ്വന്ദ്വത്തിന് അനുമതി നൽകാനുമുള്ള സമയം ഏറെക്കഴിഞ്ഞു. ഭയാനകമായ മനുഷ്യവിരുദ്ധ ശ്രമം അവസാനിപ്പിക്കണമെന്ന് നാം ക്ഷമാപണമില്ലാതെ അസന്ദിഗ്ധമായി ആവശ്യപ്പെടേണ്ടതുണ്ട്. ഇസ്്റാഈൽ അടിസ്ഥാനപരമായി അന്തർലീനമായി മാറ്റാനാവാത്തവിധം പരസ്യമായി ദുഷ്ടമാണ്. സയണിസ്റ്റ് അല്ലാത്ത മനുഷ്യന്റെ ഏറ്റവും വന്യമായ സങ്കൽപ്പങ്ങൾക്കും അപ്പുറം. എല്ലായിടത്തും പ്രവർത്തിക്കുന്ന മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് ഇത് ഭ്രാന്തും മാരകവും കൂടുതൽ അപകടകരവുമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ്‌.

ലോകകപ്പിനായി മെക്സിക്കൻ സേനയെ ഒരുക്കുന്നതിന്‌ യു എസ് സായുധ സേനയെ വിന്യസിക്കാനും അംഗീകാരം നൽകി. മൂന്ന് മാസത്തെ സ്കൂൾ അവധി പ്രഖ്യാപിച്ചു. പല അധ്യാപകർക്കും ക്ലാസ്സ് സമയത്തിന് മാത്രമേ ശമ്പളം അനുവദിക്കുന്നുള്ളൂ. മെയ് മാസം പകുതി തൊട്ട്‌ അവർ പണിമുടക്കുകയും ലോകകപ്പിനോട്‌ സഹകരിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തുകയും പ്രതിഷേധങ്ങൾ, മാർച്ചുകൾ, റോഡ് തടയലുകൾ എന്നിവ നടത്തുകയും പെൻഷൻ അവകാശങ്ങൾ ഉൾപ്പെടെ ഉയർത്തുകയും ചെയ്തു. നൂറുകണക്കിന് പോലീസുകാർ പ്രതിഷേധങ്ങൾ തടഞ്ഞ്‌ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് അടിച്ചമർത്തുകയുമായിരുന്നു. അതിൽ ഒരു അധ്യാപകന് ഇടതുകണ്ണും മറുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിലെ തൊഴിലാളികൾ മെച്ചപ്പെട്ട വേതനവും സുരക്ഷയും ആവശ്യപ്പെട്ട് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി പണിമുടക്കി. ഇതെല്ലാം നിങ്ങളെ ചിന്തിപ്പിച്ചേക്കാം, ഈ ലോകകപ്പ് കൃത്യമായി ആരെ ഉദ്ദേശിച്ചാണ്. ശരാശരി കഠിനാധ്വാനികൾക്ക് വേണ്ടിയല്ല. അതൊരു നിരാശാജനകമായ കാര്യമാണ്‌. കായികരംഗത്തെ ഏറ്റവും മികച്ച ആസ്തി അതിനെ സ്നേഹിക്കുന്നവരിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നുമാണ്‌ ദി അത്‌ലറ്റിക്‌സിൽ ജെറി ബ്രൂവർ എഴുതിയത്‌.
ഗാർസിയയുടെ വര

ഖത്വർ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കുറി സമ്മാനത്തുകയിലെ വർധന 50 ശതമാനത്തിലധികമാണ്‌. കുതിച്ചുയരുന്ന പ്രക്ഷേപണാവകാശങ്ങൾ, വികസിപ്പിച്ച സ്റ്റേഡിയം ശേഷികൾ, ലാഭകരമായ പുതിയ കോർപറേറ്റ് സ്പോൺസർഷിപ്പുകൾ, വൻതോതിലുള്ള ടിക്കറ്റ് വിൽപ്പന എന്നിവ പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നു. മത്സരങ്ങൾ സാധാരണക്കാർക്ക്‌ താങ്ങാനാകാത്തതായി മാറി. ചില ടിക്കറ്റുകൾക്ക് ആയിരക്കണക്കിന് ഡോളർ വിലവരും, പാർക്കിംഗ് സ്ഥലങ്ങൾക്ക് 300 ഡോളറും ട്രെയിൻ യാത്രാ നിരക്കുകൾ 714 ശതമാനം അധികവും. ലോകകപ്പിന്റെ ആരവങ്ങൾക്കിടയിൽ പ്രശസ്‌ത മെക്‌സിക്കൻ കാർട്ടൂണിസ്റ്റ് ജോസ് അന്റോണിയോ റോഡ്രിഗസ് ഗാർസിയ വരച്ച ‘കപ്പും പ്ലേറ്റും’ എന്ന ചിത്രീകരണം ഏറെ ശ്രദ്ധ നേടി. അടിച്ചേൽപ്പിക്കുന്ന ദാരിദ്ര്യം, അധിനിവേശത്തിന്റെ പ്രഹരങ്ങൾ, അതിസാധാരണക്കാരെ പോക്കറ്റടിക്കുന്ന ബഹുരാഷ്ട്ര ഭീമന്മാർ, കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുന്ന മനുഷ്യവിരുദ്ധത എന്നിവയെല്ലാം തുറന്നുകാട്ടി അത്‌. യു എസിൽ നടക്കുന്ന രണ്ടാം ലോകകപ്പാണ്‌ ഇപ്രാവശ്യത്തേത്‌. ആദ്യത്തേത് 1994ൽ.

ആതിഥേയർ സാധാരണ ലോകത്തെ തുറന്നമനസ്സോടെ സ്വാഗതം ചെയ്യുകയാണ്‌ പതിവെങ്കിലും ചിലർ വരാതിരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നാണ്‌ യു എസ്‌ നേതൃത്വത്തിന്റെ സമീപനം. യോഗ്യത നേടിയ നിരവധി രാജ്യങ്ങളിൽ ഭാഗികമായോ പൂർണമായോ യാത്രാ വിലക്ക് നേരിടുന്ന ഫുട്ബോൾ പ്രേമികളുണ്ട്. ഹെയ്തിക്കും ഇറാനും പൂർണ നിരോധനം. ഐവറികോസ്റ്റ്, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്ക് ഭാഗിക നിയന്ത്രണങ്ങൾ. ഇറാനിയൻ ദേശീയ ടീം തുർക്കിയിലെ യു എസ് കോൺസുലേറ്റിൽ വിസ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ദിവസങ്ങളോളം ചെലവഴിച്ചു. മത്സര ദിവസങ്ങളിലേ പ്രവേശനം അനുവദിച്ചുള്ളൂ. ടീം പരിശീലന ക്യാമ്പ് യു എസ് ലൊക്കേഷനിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റി, അതിനാൽ സ്ക്വാഡിന്‌ മത്സരങ്ങൾക്ക്‌ യു എസിലേക്ക് പോകണം. ഇറാനും യു എസും ഓരോ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയാൽ നോക്കൗട്ടുകളിൽ പരസ്പരം ഏറ്റുമുട്ടും.

ഇറാൻ ആരാധകർക്ക്‌ അനുവദിച്ച ടിക്കറ്റുകൾ അമേരിക്കൻ സമ്മർദത്തെ തുടർന്ന്‌ ഫിഫ റദ്ദാക്കി. ഭീകരവാദികളെ കടത്തിവിടാൻ ഇറാൻ ടീം ലോകകപ്പ് ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നാണ്‌ യുഎസ് കുറ്റാരോപണം. ഇറാഖ് സ്റ്റാർ സ്‌ട്രൈക്കർ അയ്മാൻ ഹുസൈനെയും സഹതാരങ്ങളെയും ചിക്കാഗോയിൽ എത്തിയപ്പോൾ ഏഴ്‌ മണിക്കൂർ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ടെന്ന് ശഠിച്ച ഉദ്യോഗസ്ഥർ ഒരു ടീം ഫോട്ടോഗ്രാഫർക്ക് പ്രവേശനം നിഷേധിച്ചു. ഹുസൈന്റെ സെൽഫോൺ പോലും പരിശോധിച്ചതായി റിപ്പോർട്ടുണ്ട്. സ്വിസ് കളിക്കാരനായ ബ്രീൽ എംബോലോയ്ക്കും ഹെയ്തിയൻ കളിക്കാരനായ വുഡൻസ്കി പിയറിക്കും വിസ നേടുന്നതിൽ വലിയ കാലതാമസം നേരിട്ടു.

ഇരുവരും കറുത്ത വർഗക്കാരാണ്; എംബോലോ കാമറൂണിലാണ് ജനിച്ചത്. സി എ എഫിയുടെ 2025ലെ മികച്ച ആഫ്രിക്കൻ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട സൊമാലിയക്കാരൻ ഒമർ അബ്ദുൽ ഖാദിർ അർതാന് 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിസ നിഷേധിക്കപ്പെട്ടു. ഇസ്താംബൂളിൽ നിന്നുള്ള വിമാനയാത്രക്ക് ശേഷം മിയാമിയിൽ എത്തിയപ്പോഴാണ്‌ തടസ്സമുയർത്തിയത്‌. ട്രംപ് ഭരണകൂടത്തിന്റെ യാത്രാ വിലക്ക് ബാധിച്ച 39 രാജ്യങ്ങളിൽ ഒന്നാണ് സൊമാലിയ. എന്തുകൊണ്ടാണ് അർതാന് പ്രവേശനം നിഷേധിച്ചതെന്ന് സി ബി പി വക്താവ് വിശദാംശങ്ങൾ നൽകിയിട്ടില്ല, എന്നാൽ ട്രംപിന്റെ യാത്രാ വിലക്കിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലെ പൗരന്മാരെ കൂടുതൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. 2025ൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച പുരുഷ റഫറിയായി ആദരിക്കപ്പെട്ട അർതാനെ ഈ ലോകകപ്പിലേക്ക്‌ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ തിരഞ്ഞെടുത്തു. നയതന്ത്ര പാസ്‌പോർട്ടുമായി യു എസിലേക്ക് യാത്ര ചെയ്തിട്ടും പ്രവേശനം നിഷേധിക്കുകയും തിരിച്ചയക്കുകയും ചെയ്തു.

ലോകകപ്പ് മത്സരം റഫറിയായി എത്തുന്ന ആദ്യ സൊമാലിയൻ ആകുമായിരുന്നു അർതാൻ. തനിക്ക് വിസയടക്കം ശരിയായ രേഖകളെല്ലാം ഉണ്ടായിരുന്നുവെന്നാണ്‌ അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്‌. പ്രവേശനം നിഷേധിച്ചതിന് മറുപടിയായി ആർക്കാണ് വിസ നൽക്കേണ്ടതെന്നും ആരെയാണ് അവരുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതെന്നും ആത്യന്തികമായി ആതിഥേയ ഗവൺമെന്റ് തീരുമാനിക്കുമെന്ന ഒഴുക്കൻ പ്രസ്‌താവനയിലൂടെ ആഗോള ഫുട്ബോൾ ഫെഡറേഷൻ കൈകഴുകി. അർതാന് ലോകകപ്പിനായി യു എസിലേക്കുള്ള പ്രവേശനം നിഷേധിച്ചെങ്കിലും ആഗസ്റ്റ് 12ന് പി എസ് ജിയും ആസ്റ്റൺ വില്ലയും തമ്മിലുള്ള സൂപ്പർ കപ്പിനായി യുവേഫ അദ്ദേഹത്തെ നിയമിച്ചു. അപമാനിതനായി മടങ്ങിയെത്തിയ അദ്ദേഹത്തിന്‌ സ്വന്തം നാടായ മൊഗാദിഷുവിൽ വീരോചിതമായ വരവേൽപ്പാണ്‌ ലഭിച്ചത്‌. ആഫ്രിക്കൻ, മധ്യപൂർവദേശ ആരാധകർ യു എസിൽ പ്രവേശിക്കുന്നതിന് ആനുപാതികമല്ലാത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്, ഒട്ടേറെ മൊറോക്കൻ വംശജരുടെ വിസ ഒരു വിശദീകരണവുമില്ലാതെ തടഞ്ഞു. ഈ നിഷേധങ്ങൾ വംശീയത കലർന്നതാണെന്നത്‌ വ്യക്തം. ഇന്റർനാഷനൽ സ്പോർട്സ് പ്രസ് അസ്സോസിയേഷന്റെ കണക്കനുസരിച്ച് ടൂർണമെന്റ് റിപ്പോർട്ട് ചെയ്യുന്നതിന്‌ അപേക്ഷിച്ച നിരവധി ഇറാനിയൻ, ആഫ്രിക്കൻ മാധ്യമപ്രവർത്തകർക്ക് അനുമതി കിട്ടിയില്ല.

ആ ജേഴ്സിക്ക് എന്താണ് കുഴപ്പം?

മെക്സിക്കോയിൽ സ്പാനിഷ് ദേശീയ ടീമിനെ സംഗീതവും ആഘോഷങ്ങളാലും മറ്റും വർണാഭമായി സ്വീകരിച്ചപ്പോൾ സെനഗലീസ്, ഉസ്ബെക്ക് കളിക്കാർ യു എസിൽ പ്രവേശിച്ചപ്പോൾ സമഗ്ര പരിശോധനക്ക് വിധേയരാക്കി. പ്രതിനിധി സംഘത്തിലെ ചിലർക്ക്‌ വിസ അനുവദിക്കാത്തതിനാൽ ദക്ഷിണാഫ്രിക്കൻ ടീം ആസൂത്രണം ചെയ്തതിലും ഏറെ വൈകിയാണ് എത്തിയത്. സെനഗൽ സ്റ്റാഫംഗങ്ങളെ ഷൂസ് ഊരാൻ നിർബന്ധിക്കുകയും നീണ്ട പരിശോധനകൾക്ക് വിധേയരാക്കുകയും ചെയ്തു. ബോംബ് മണക്കുന്ന പട്ടികളെ ഉപയോഗിച്ച്‌ ഉസ്ബെക്കിസ്ഥാൻ ടീമിനെ പരിശോധിച്ചത്‌ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി.

പ്രവേശന യോഗ്യത നേടിയിട്ടും ചില സ്കോട്ടിഷ് ആരാധകരുടെ യാത്രാ അനുമതികൾ പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റദ്ദാക്കി. വൻവിലകൊടുത്ത്‌ ടിക്കറ്റുകൾ വാങ്ങി താമസ സൗകര്യം ബുക്ക് ചെയ്തിരുന്ന നിരവധിയാളുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌ വൻ സാമ്പത്തിക നഷ്ടം വരുത്തി. യഥാർഥ ഡിസൈൻ രാഷ്ട്രീയ ഇമേജറി നിയമങ്ങൾ ലംഘിക്കുന്നതായി ഫിഫ വിധിച്ചതിനെ തുടർന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഹെയ്തിക്ക് ജേഴ്‌സികൾ പുനർരൂപകൽപ്പന ചെയ്യേണ്ടിവന്നു. കൊളംബിയൻ വിതരണക്കാരായ സെയ്റ്റ നിർമിച്ച ഷർട്ടുകളിൽ ഹെയ്തിയൻ പതാകക്കൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കിയ സംഭവമായ 1803ലെ വെർട്ടിയേഴ്‌സ് യുദ്ധത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു.

ഫ്ലോറിഡയിലെ രണ്ട് സൗഹൃദ സന്നാഹ മത്സരങ്ങളിൽ കളിക്കാർ അതാണ്‌ ധരിച്ചിരുന്നത്‌. പക്ഷേ, യുദ്ധരംഗം രാഷ്ട്രീയ സന്ദേശമായി വ്യാഖ്യാനിക്കാമെന്ന് ഫിഫ തീരുമാനിക്കുകയും മാറ്റങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഹെയ്തിയൻ പ്രതിരോധശേഷിക്കുള്ള ആദരസൂചകമായാണ് ഡിസൈൻ ഉദ്ദേശിച്ചതെന്നും രാഷ്ട്രീയ പ്രസ്താവമല്ലെന്നും സെയ്റ്റ വിശദീകരിച്ചെങ്കിലും അഭ്യർഥന മാനിച്ച്‌ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 1974ന് ശേഷമുള്ള ആദ്യ ലോകകപ്പിൽ കളിക്കുന്ന ഹെയ്തിക്ക് നിർണായക നിമിഷത്തിലാണ് ഈ മാറ്റം.

ഓർമപ്പെടുത്തൽ, ഐക്യദാർഢ്യം, അവബോധം എന്ന നിലയിൽ മെക്സിക്കോയിലെ ടിജുവാനയിൽ എത്തിയ ഇറാൻ കളിക്കാർ 168 എന്ന പിന്നുകൾ ധരിച്ചതിന്റെ ചിത്രങ്ങൾ വൈകാരികമായിരുന്നു. ടെഹ്‌റാനിലെ അമേരിക്കൻ കടന്നാക്രമണത്തിന്റെ ആദ്യ ദിനമായ 2026 ഫെബ്രുവരി 28ന്‌ മിനാബിലെ ഷാജറെ ത്വയ്യിബെ എലിമെന്ററി വിദ്യാലയത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തെ അനുസ്മരിപ്പിക്കുന്ന ഓൺലൈൻ ഹാഷ്‌ടാഗ്‌ പകർത്തിയ രൂപകൽപ്പനയാണത്. മാർച്ച്‌ മാസത്തിലെ അന്താരാഷ്ട്ര ഇടവേളയിൽ നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തിന് മുമ്പ് ദേശീയ ഗാനത്തിനിടെ ഇറാനിയൻ സ്റ്റാർട്ടിംഗ് ലൈനപ്പ് സ്‌കൂൾ ബാഗുകൾ ഓർമയുടെ പ്രതീകമായി ഉയർത്തിപ്പിടിക്കുകയുമുണ്ടായി.

ഐക്യരാഷ്ട്രസഭയെ അപേക്ഷിച്ച് ജനപ്രീതിയില്ലാത്ത ഫിഫയിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്നു. അതിനാൽ ലോകം പോകുംപോലെ ആഗോള ഫുട്ബോളും ചലിക്കുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ആതിഥേയ രാജ്യവും കൂട്ടാളികളും പല രാജ്യങ്ങളുമായും പ്രത്യേകിച്ച്‌ പങ്കെടുക്കുന്നതിൽ ഒന്നുമായി സജീവമായി യുദ്ധത്തിൽ ഏർപ്പെടുന്നത്. ഈ ടൂർണമെന്റ്ഒരു ശതമാനത്തിന്റെ ലോകകപ്പാണോയെന്നും ആഗോളതലത്തിൽ സ്പോർട്സ് വാഷിങ്‌ എന്ന ബ്രെഡും സർക്കസും മാത്രമാണോയെന്നും ചില കായിക നിരീക്ഷകർ ചോദിച്ചിട്ടുണ്ട്‌. ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള ടാങ്കറിൽ യു എസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങളും മരിച്ചത്‌ ഭയാനകമായി.

എണ്ണ കൊണ്ടുപോകുകയായിരുന്ന കപ്പലിൽ യു എസ് സൈന്യം കൃത്യമായ ആക്രമണമാണ്‌ നടത്തിയതെന്നാണ്‌ ഇന്ത്യൻ പ്രതികരണം. ഏപ്രിൽ 13ന് ഇറാനുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിന് യു എസ് ഉപരോധം ആരംഭിച്ചു. അമേരിക്കൻ സേനയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് യു എസ് വിമാനം കപ്പലിന്റെ എൻജിൻ മുറിയിലേക്ക് കൃത്യതയുള്ള വെടിക്കോപ്പുകൾ പ്രയോഗിച്ചതായി യു എസ് മിലിട്ടറി സെൻട്രൽ കമാൻഡ് (സെന്റ്കോം) സമ്മതിച്ചു. മനുഷ്യബോധത്തിന്റെ മധ്യത്തിൽ കൊളോണിയൽ വംശഹത്യാ സാന്നിധ്യമാണിത്. രേഖപ്പെടുത്തിയതോ അല്ലാത്തതോ ആയ ചരിത്രത്തിലെ ഏറ്റവും മോശം ക്രൂരതകൾ സാധാരണവത്കരിക്കാനാണ്‌ ശ്രമം. ലജ്ജയും മനഃസാക്ഷിയും പശ്ചാത്താപവും ഖേദവുമില്ല, കടപ്പാടില്ല ഒന്നിനോടും ആരോടും; അതിന്റെ ഇരുണ്ട ആഗ്രഹങ്ങളല്ലാതെ.

Content Highlights

The 2026 FIFA World Cup has commenced amid rising geopolitical controversies and widespread local protests in Mexico against corporate exploitation. Multiple international players and officials from African nations and Iran faced severe travel restrictions and humiliating interrogation experiences by US authorities. Critics highlight that the tournament exposes global inequalities and sports washing rather than fostering true international unity.

Latest