Connect with us

Kerala

പിളര്‍പ്പ് സി പി എം നിരീക്ഷിക്കുന്നു; യഥാര്‍ഥ ഐ എന്‍ എല്‍ മുന്നണിയില്‍ തുടരും

Published

|

Last Updated

കോഴിക്കോട് | ഐ എന്‍ എല്‍ പിളര്‍പ്പ് യാഥാര്‍ഥ്യമായതോടെ കാല്‍നൂറ്റാണ്ടുകാലം ഇടതുമുന്നണിക്കൊപ്പം നിന്ന യഥാര്‍ഥ വിഭാഗത്തെ കണ്ടെത്താന്‍ സി പി എം തയാറാവും. ഇരു വിഭാഗത്തേയും മുന്നണിയില്‍ നിര്‍ത്തുന്ന രീതിയായിരിക്കില്ല സി പി എം സ്വീകരിക്കുക എന്ന സൂചനയാണ് ലഭിക്കുന്നത്. യഥാര്‍ഥ ഐ എന്‍ എല്‍ ഏത് എന്നു നിര്‍ണയിക്കാന്‍, അവരുടെ അഖിലേന്ത്യാ കമ്മിറ്റി തീരുമാനത്തെ സി പി എം ആശ്രയിക്കില്ലെന്നാണ് വിവരം. അഖിലേന്ത്യാ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ യഥാര്‍ഥ പാര്‍ട്ടിയെ കണ്ടെത്താന്‍ സി പി എം സ്വന്തം സംവിധാനങ്ങള്‍ ഉപയോഗിച്ചേക്കും. സി പി എം ജില്ലാ ഘടകങ്ങള്‍ വഴിയുള്ള അന്വേഷണത്തിലൂടെ യഥാര്‍ഥ പാര്‍ട്ടിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം സി പി എമ്മിനെ സമീപിക്കുമെന്നും സൂചനയുണ്ട്.

ഐ എന്‍ എല്‍ പിളര്‍പ്പിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി സാന്നിധ്യം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ, സി പി എം കര്‍ശന നിലപാടാകും സ്വീകരിക്കുക. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ തന്നെ സി പി എമ്മിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഐ എന്‍ എല്ലിലെ ഒരു വിഭാഗം ഇതിനുള്ള നിരവധി തെളിവുകള്‍ ഇടതുമുന്നണിയില്‍ ഹാജരാക്കുന്നതോടെ സി പി എമ്മിന് വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവും.

ഐ എന്‍ എല്‍ ഭരണഘടന പ്രകാരം സംസ്ഥാന പ്രസിഡന്റാണ് പാര്‍ട്ടിയുടെ നായകന്‍ എന്നതിനാല്‍ പ്രസിഡന്റിനൊപ്പം നില്‍ക്കുന്ന പക്ഷത്തെ മുന്നണിക്കു ഗൗരവമായി പരിഗണിക്കേണ്ടിവരും. പാര്‍ട്ടി പിളര്‍ന്നാല്‍ രണ്ടു വിഭാഗത്തേയും പുറത്തു നിര്‍ത്തുന്ന രീതി സി പി എം മുമ്പ് സ്വീകരിച്ചിട്ടുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം ഏതെന്നു വ്യക്തമാകുന്ന മുറക്ക് മുന്നണിയില്‍ പ്രവേശിപ്പിക്കും. കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്ന് ഇറക്കിവിട്ട ചരിത്രവും സി പി എമ്മിനുണ്ട്.

ഐ എന്‍ എല്‍ പിളര്‍പ്പില്‍ ബാഹ്യ ശക്തികളുടെ സാന്നിധ്യമുണ്ടെന്നു വ്യക്തമാകുന്ന സാഹചര്യത്തില്‍ രണ്ടു വിഭാഗത്തേയും ഒരേ സമയം മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. പാര്‍ട്ടിയിലെ ഏക എം എല്‍ എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലിനെ കൈവിടേണ്ടി വന്നാലും സി പി എം കര്‍ശനമായ നിലപാടായിരിക്കും ഇക്കാര്യത്തില്‍ സ്വീകരിക്കുക. മന്ത്രിസഭാ പ്രവേശനം ലഭിച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ മുന്നണിക്ക് ക്ഷതമേല്‍പ്പിക്കുന്ന വിവിധ നീക്കങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അഹമ്മദ് ദേവര്‍ കോവിലിനു വേണ്ടി സി പി എം നിലപാട് മയപ്പെടുത്താനുള്ള സാധ്യത കുറവാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ജീവകാരുണ്യ വിഭാഗമായ റിഹാബ് ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ് എ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ എന്നു കാണിക്കുന്ന വെബ്സൈറ്റ് രേഖ.

പാര്‍ട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നു തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രസിഡന്റിന്റെ വിഭാഗം. ഇവര്‍ ആഗസ്റ്റ് മൂന്നിനു കോഴിക്കോട്ട് സംസ്ഥാന കൗണ്‍സില്‍ വിളിച്ചു കൂട്ടുന്നുണ്ട്. ഇതില്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നതോടെ അവര്‍ ഔദ്യോഗിക വിഭാഗമായി മാറും എന്നാണു കരുതുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ ദേവര്‍കോവിലിനെ ഒഴിവാക്കിയാലുള്ള പ്രശ്നം പരിഹരിക്കാന്‍ വഹാബ് പക്ഷത്തിന്റെ പിന്തുണയോടെ പി ടി എ റഹീമിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.

എല്‍ ഡി എഫില്‍ ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്, അദ്ദേഹത്തിന്റെ മരണത്തോടെ പിളര്‍ന്നിരിക്കയാണ്. ഈ ഗ്രൂപ്പുകളും മറു വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നില്‍കിയിട്ടുണ്ട്്. ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടു തന്നെയാവും ഐ എന്‍ എല്ലിന്റെ കാര്യത്തിലും ഉണ്ടാവുക.

 

Latest