Connect with us

Kerala

കള്ളപ്പണക്കടത്ത് കേസില്‍ ഇ ഡി അന്വേഷണം; ബി ജെ പി നേതാക്കളെ കുരുക്കിയേക്കും

Published

|

Last Updated

കോഴിക്കോട് | കൊടകര കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന കുറ്റപത്രത്തിലെ ആവശ്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ കുരുക്കിലാക്കും. കേന്ദ്ര ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനുള്ള നീക്കം ഏശുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കേസില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ ഇ ഡിക്ക് ഹൈക്കോടതി ആവശ്യപ്പെട്ട രണ്ടാഴ്ച സമയം തീരുകയാണ്.

കള്ളപ്പണം കവര്‍ച്ച ചെയ്ത കേസില്‍ ബി ജെ പി സംസ്ഥാന പ്രഡിന്റ് കെ സുരേന്ദ്രനും മകനുമടക്കം 19 ബി ജെ പി നേതാക്കളെ സാക്ഷികളാക്കിയാണ് ഇരിങ്ങാലക്കുട കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പോലീസ് മൊഴിയെടുത്ത 19 ബി ജെ പി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവില്‍ നിന്നാണ് ബി ജെ പിക്ക് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രത്തിലുള്ളതായാണ് വിവരം.

തട്ടിയെടുത്ത പണത്തിന്റെ ബാക്കി കണ്ടെത്താനുണ്ട്. ഈ രണ്ട് കാര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കവര്‍ച്ച കേസാണ് പോലീസ് അന്വേഷിച്ചത് പണത്തിന്റെ സ്രോതസ്സും ലക്ഷ്യവും അന്വേഷിക്കേണണ്ടത് ഇ ഡി ആണ്. ഈ കുറ്റപത്രം അടിസ്ഥാനമാക്കി ഇ ഡി അന്വേഷണം ഫലപ്രദമായി നടന്നാല്‍ ഇപ്പോള്‍ സാക്ഷിപ്പട്ടികയിലുള്ള പലരും പ്രതിപട്ടികയിലേക്കു മാറുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര മേല്‍പ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവര്‍ന്നുവെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി ജെ പിയെത്തിച്ച ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

കേസ് അന്വേഷണത്തിന്റെ പുരോഗതി കൂടി മനസ്സിലാക്കി സത്യവാങ്ങ് മൂലം സമര്‍പ്പിക്കാനാണ് ഇ ഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നതെന്ന് ഹരജിക്കാരന്‍ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സിറാജ് ലൈവിനോടു പറഞ്ഞു.

ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച ജസ്റ്റിസ് അശോക് മേനോനുമുമ്പാകെ രണ്ടാം തവണയാണ് ഇ ഡി സമയം നീട്ടി ആവശ്യപ്പെട്ടത്. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സാധ്യതകള്‍ ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന പോലീസും ഇ ഡിക്കു കത്തു നല്‍കിയിരുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അടക്കമുളളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പിന്‍വലിഞ്ഞതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം പത്തുദിവസത്തിനുളളില്‍ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് മറുപടി നല്‍കിയില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും പിന്നീട് ആവശ്യപ്പെടുകയായിരുന്നു. ഇതംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നല്‍കി.

കേസില്‍ കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ കോഴിക്കോട് സ്വദേശിയും ആര്‍ എസ് എസ് നേതാവുമായ ധര്‍മ്മരാജന്‍ രംഗത്തെത്തിയിരുന്നു. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരനോട് പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ ഹരജി വന്നതിന്റെ പശ്ചാത്തല്‍ ഇ ഡി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കേസിന്റെ എഫ് ഐ ആര്‍ പോലീസില്‍ നിന്ന് ഇ ഡി ശേഖരിച്ചു. അന്വേഷണ വിവരങ്ങളും പരിശോധിച്ചിരുന്നു.

കൊടകര ഹവാല ഇടപാട് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മടിച്ചു നില്‍ക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സ്വര്‍ണക്കളളക്കടത്തുകേസിലും ഡോളര്‍ ഇടപാടിലും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പോലും വേഗത്തിലുളള അന്വേഷണത്തിനിറങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കൊടകര കേസ് വന്നപ്പോള്‍ മൗനം പാലിച്ചത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest