Ongoing News
ഭൂമിക്ക് സമീപത്തുകൂടി '2008 ഗോ 20' കടന്നുപോകും; വേഗത സെക്കന്‍ഡില്‍ എട്ട് കിലോമീറ്റര്‍

ന്യൂഡല്‍ഹി | ഭൂമിയുടെ സമീപത്ത് സ്റ്റേഡിയത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം എത്തുമെന്ന് നാസയുടെ അറിയിപ്പ്. ജൂലൈ 24 നാണ് ദ്രുത വേഗതയില്‍ സഞ്ചരിക്കുന്ന 2008 ഗോ 20 ഛിന്ന ഗ്രഹം എത്തുക. സെക്കന്‍ഡില്‍ എട്ട് കിലോമീറ്റര്‍ വേഗതയുള്ള ഛിന്നഗ്രഹം എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ളതാണെന്ന് നാസ വ്യക്തമാക്കുന്നു. ഛിന്നഗ്രഹം ഭൂമിയുടെ അരികിലൂടെ സഞ്ചരിക്കുമെങ്കിലും ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
അതിനിടെ, ഭൂമിയിലേക്ക് അടുത്ത 60 വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുമെന്നു കരുതുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഇരുപതിലധികം റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ചൈന ഒരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. 2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ലക്ഷ്യം. ബെനുവിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഇത് ഭീഷണി ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കഴിഞ്ഞ ജൂണില്‍ ഈഫല്‍ ടവറിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയിരുന്നു. അപകടകരമാകാന്‍ സാധ്യതയുള്ള വിഭാഗത്തിലായിരുന്നു ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്.