Connect with us

Gulf

ഹാജിമാർ ജംറതുൽ അഖബയിൽ കല്ലേറ് കർമം നടത്തി

Published

|

Last Updated

മക്ക | ഹാജിമാർ ഇന്ന് രാവിലെ മിനായിലെ ഒന്നാം ജംറയായ ജംറത്തുൽ അഖബയിൽ ഒന്നാം ദിവസത്തെ കല്ലേറ് കർമം പൂർത്തിയാക്കി. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം ഒരു രാത്രി മുഴുവൻ മുസ്ദലിഫയിൽ രാപ്പാർത്ത് പ്രാർഥനകളിൽ കഴിഞ്ഞാണ് രാവിലെ ജംറയിൽ ഹാജിമാരെത്തിയത്.

കല്ലേറ് കർമത്തിന് ശേഷം ഹാജിമാർ ബലിയറുത്ത് കഅബാലയത്തിലെത്തി. കർമങ്ങൾക്ക് ശേഷം മിനായിൽ തിരിച്ചെത്തി. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലാണ് കഴിയുക. നേരത്തേ കല്ലേറ് കർമം നടത്തുന്നതിന് മുസ്ദലിഫയിൽ നിന്നായിരുന്നു കല്ലുകൾ ശേഖരിച്ചിരുന്നത്. കൊവിഡ്  ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വർഷവും അണുവിമുക്തമാക്കിയ കല്ലുകളാണ് ജംറകളിൽ എറിയാൻ  നൽകിയത്.

തിരക്കുകൾ ഒഴിവാക്കുന്നതിനായി ഈ വർഷം ജംറയുടെ നാല് പ്രവേശന കവാടങ്ങളും തുറന്ന് കൊടുത്തിതിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഓരോ മുത്വവിഫുകൾക്ക് കീഴിലെ ഹാജിമാർക്കും വ്യത്യസ്ത സമയങ്ങൾ നൽകിയാണ് തിരക്കുകൾ നിയ്രന്തിച്ചത്. നിലവിൽ ഒരേ സമയം അഞ്ചുലക്ഷം ഹാജിമാർക്ക് കല്ലേറ് നടത്താവുന്ന സംവിധാനമാണ് ജംറയിലുളളത്. നാല് നിലകളിലായുള്ള ജംറകളുടെ എല്ലാ നിലകളില്‍ നിന്നും കല്ലെറിയുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. നാല് നിലകളിലുമായി 11 പ്രവേശനകവാടങ്ങളും പുറത്ത് കടക്കുന്നതിനായി 12 വഴികളും അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവർത്തനത്തിനുള്ള ഹെലിപാഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

ദുല്‍ഹിജ്ജ 11, 12 ദിവസങ്ങളില്‍ ജംറകളിലും അഖബയിലും  ജംറതുൽ വുസ്തയിലും കല്ലേറ് കർമം പൂർത്തിയാവുന്നതോടെ ഹാജിമാർ ദുൽഹിജ്ജ 12ന് പുണ്യഭൂമിയോട് വിടചൊല്ലുന്നതോടെ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് പരിസമാപ്തിയായാകും.

സിറാജ് പ്രതിനിധി, ദമാം

Latest