Connect with us

Gulf

പ്രവാചക സ്മരണ പുതുക്കി ഹാജിമാര്‍; അറഫാ സംഗമത്തിന് തുടക്കം

Published

|

Last Updated

അറഫ | ലബ്ബൈക്കയുടെ മന്ത്രങ്ങളുരുവിട്ട് ഒരു രാത്രി മുഴുവന്‍ മിനായില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞ ഹാജിമാര്‍ സുബ്ഹി നിസ്‌കാരത്തിന് ശേഷം അറഫയിലെത്തിയതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും മിനായില്‍ നിന്നും അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അതിനാല്‍ അവരുടെ മുതവ്വിഫുകള്‍ക്ക് കീഴില്‍ പ്രത്യേകം തയാറാക്കിയ ബസുകളില്‍ സാമൂഹിക അകലം പാലിച്ചാണ് ഹാജിമാര്‍ അറഫയിലെത്തിയത്.

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങള്‍ ഹിജ്‌റ പത്താം വര്‍ഷമാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്. ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ട രണ്ടാം വര്‍ഷത്തിലായിരുന്നു ഒരു ലക്ഷത്തില്‍ പരം വരുന്ന സഹാബികളെ സാക്ഷി നിര്‍ത്തി ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍ വിദാ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചതും അറഫാ ദിനത്തിലാണ്. ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായാണ് ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഗ-വര്‍ണ-ദേശ-ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യരെ എല്ലാവരെയും അല്ലാഹുവിന്റെ മുമ്പില്‍ തുല്യരായി വിഭാവനം ചെയ്യുന്ന ഇസ്‌ലാമിന്റെ ചരിത്ര പ്രഖ്യാപനമാണ് ഹജ്ജതുല്‍ വിദാഇലെ പ്രസംഗത്തിലൂടെ നബി (സ) നിര്‍വഹിച്ചത്. ഇതിനെ അനുസ്മരിച്ച് കൊണ്ടാണ് എല്ലാ വര്‍ഷവും അറഫയിലെ മസ്ജിദുന്നമിറയില്‍ അറഫാ ഖുതുബ നടക്കുന്നത്

മിനായില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് അറഫാ മൈതാനി. ഒരു പകല്‍ മുഴുവന്‍ നീണ്ട പാപമോചന പ്രാര്‍ഥനയില്‍ മുഴുകി ളുഹറും അസറും അറഫയില്‍ വെച്ച് നിസ്‌കരിക്കും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് സുബ്ഹിയോടെ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ഹാജിമാര്‍ മിനായിലെ താമസ സ്ഥലത്തേക്ക് മടങ്ങും. അറഫയില്‍ സമ്മേളിക്കുന്ന ഹാജിമാരുടെ തീര്‍ഥാടകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോക മുസ്ലിംകള്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യും.

തീര്‍ഥാടകരുടെ സുരക്ഷയുടെ ഭാഗമായി കനത്ത നടപടികളാണ് ഈ വര്‍ഷം സ്വീകരിച്ചിട്ടുള്ളത്. ഹജ്ജ് സുരക്ഷാ സേനക്ക് പുറമെ സ്‌പെഷ്യല്‍ കമാണ്ടോകളും കര-വ്യോമ സേനയും സേവന രംഗത്തുണ്ട്. ആരോഗ്യ സുരക്ഷയുടെ ഭാഗമായി 18 നും 65 നും ഇടയില്‍ പ്രായമുള്ള സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 പേര്‍ക്ക് മാത്രമായി ഈ വര്‍ഷത്തെ ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു.

Latest