Connect with us

Kerala

യൂസഫലി വാടക കുടിശ്ശിക അടച്ചു; കട വീണ്ടും തുറന്ന് പ്രസന്ന

Published

|

Last Updated

കൊച്ചി | മറൈന്‍ ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കടയുടെ വാടക കുടിശ്ശിക പൂര്‍ണമായി അടച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഒമ്പത് ലക്ഷത്തോളം രൂപയാണ് പ്രസന്ന നല്‍കാനുണ്ടായിരുന്നത്. ഇതില്‍ ജി സി ഡി എ ഇളവ് അനുവദിച്ചിരുന്നു. ഇതു പ്രകാരമുള്ള 6,32,462 രൂപയാണ് അടച്ചത്. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് കട ജി സി ഡി എ അടപ്പിക്കുകയായിരുന്നു.തുക നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് കട വീണ്ടും തുറന്നു. കട തുറക്കാനായതില്‍ പ്രസന്ന അതിയായ സന്തോഷം പ്രകടിപ്പിച്ചു. യൂസഫലിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജി സി ഡി എ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധനങ്ങള്‍ പുറത്തിട്ടത്. അന്നു മുതല്‍ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. പ്രസന്നയുടെ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായം ഉറപ്പ് നല്‍കുകയായിരുന്നു. ജി സി ഡി എ അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പണം അടച്ച് കട തുറപ്പിക്കുമെന്ന് ലുലു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും യൂസഫലി അറിയിച്ചു.
ഇന്നലെ തന്നെ കുടിശ്ശിക തുക മുഴുവന്‍ അടയ്ക്കുവാന്‍ ജി സി ഡി എയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തിനു സമീപം വോക്വേയില്‍ തന്തോണിത്തുരുത്ത് സ്വദേശിനിയായ പ്രസന്ന ആരംഭിച്ച കട വാടക കുടിശ്ശികയുടെ പേരില്‍ ജി സി ഡി എ അടപ്പിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് നാല് ദിവസത്തോളമായി വീട്ടില്‍ പോകാതെ വോക്വേയില്‍ കഴിയുകയായിരുന്നു അമ്പത്തിനാലുകാരിയായ പ്രസന്ന. മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അഞ്ച് വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട നിര്‍മിക്കാനുള്ള അനുമതി ജി സി ഡി എ നല്‍കിയത്.

തുടര്‍ന്ന് 3.25 ലക്ഷം രൂപ വായ്പയെടുത്ത് പ്രസന്ന തന്നെയാണ് ചെറിയ കട നിര്‍മിച്ചത്. ജി സി ഡി എയ്ക്ക് തറവാടക നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും വന്നതോടെ കടപൂട്ടി. പിന്നീട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വോക്വേ നവീകരണം തുടങ്ങിയതിനാല്‍ കട തുറക്കാനായില്ല. ഈ സമയത്തെയും മുമ്പത്തെയും വാടക നല്‍കിയില്ലെന്നു കാണിച്ചാണ് കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ ജി സി ഡി എ ഉപകരണങ്ങള്‍ പുറത്തെടുത്തു വച്ച് കട സീല്‍ ചെയ്തത്.

Latest