Connect with us

Kerala

കെ എം ഷാജി സമര്‍പ്പിച്ചത് വ്യാജ ബില്ലെന്നു സംശയം; ഇഞ്ചികൃഷിയുടെ പത്തുവര്‍ഷത്തെ ഫീല്‍ഡ് റിപ്പോര്‍ട്ട് തിരിച്ചടിയാവും

Published

|

Last Updated

കോഴിക്കോട് | വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന മുസ്്ലിം ലീഗ് നേതാവ് കെ എം ഷാജി വിജിലന്‍സ് മുമ്പാകെ സമര്‍പ്പിച്ച രേഖയില്‍ കര്‍ണാടകയില്‍ ഇഞ്ചി വില്‍പ്പന നടത്തിയതിനു തെളിവായി ഹാജരാക്കിയ രേഖ വ്യാജമാണെന്നു കണ്ടെത്തിയതായി വിവരം. കര്‍ണാടകയിലെ ഇഞ്ചിക്കര്‍ഷകരില്‍ നിന്ന് വ്യാജമായി സംഘടിപ്പിച്ച ബില്ലാണ് ഇതെന്നു സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നത് എന്നാണു വിവരം. നിയമ സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് കെ എം ഷാജിയും മറ്റൊരു സുഹൃത്തും വ്യാജ ബില്‍ സംഘടിപ്പിക്കുന്നതിനായി കര്‍ണാടക യാത്ര നടത്തിയതിന്റെ വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്ന ഉടനെ ഷാജി പറഞ്ഞത് ഇഞ്ചികൃഷിയില്‍ നിന്നു തനിക്ക് വര്‍ഷാവര്‍ഷം വലിയ വരുമാനം ലഭിക്കുന്നുണ്ട് എന്നായിരുന്നു.ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്തതില്‍ നിന്ന് സമര്‍പ്പിച്ച പല രേഖകളും മൊഴികളും സംശയാസ്പദമാണെന്നു കണ്ടെത്തിയിരുന്നു. പരസ്യമായി പറഞ്ഞ ഇഞ്ചികൃഷിയുടെ രേഖകള്‍ എന്തുകൊണ്ടു വരുമാനത്തില്‍ കാണിക്കുന്നില്ലെന്ന് വിജിലന്‍സില്‍ നിന്നു ചോദ്യം ഉയര്‍ന്നപ്പോഴാണ് ഇഞ്ചികൃഷിയുടെ ബില്ലും രേഖയില്‍ പിന്നീട് ഉള്‍പ്പെടുത്തിയത്. ഇതാണ് ഇപ്പോള്‍ ഷാജിയെ കുരുക്കുന്നത്.

കൃഷിയില്‍ നിന്ന് സ്ഥിര വരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തില്‍ ഇഞ്ചികൃഷിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത് എന്നായിരുന്നു ഷാജിയുടെ മൊഴി. എന്നാല്‍ പ്രധാന വരുമാന സ്രോതസ്സായി പറഞ്ഞ കാര്യം രേഖയില്‍ ഇല്ലാത്തത് തിരിച്ചടിയാവുമെന്നു ഷാജിക്കു വിദഗ്ധോപദേശം ലഭിച്ചതിനു ശേഷമാണ് പിന്നീട് ഇഞ്ചിവിറ്റ ബില്ലുകള്‍ സംഘടിപ്പിച്ചത്.എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റില്‍ നിന്നു വിരമിച്ച കൊച്ചിയിലെ ഒരു ഉന്നതനുമായി കേസ് അന്വേഷണം സംബന്ധിച്ചു ഷാജി വിദഗ്ധോപദേശം തേടിയിരുന്നു എന്നു വിവരമുണ്ട്.
കെ എം ഷാജി വരവിനേക്കാള്‍ 166 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധന്. ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇഞ്ചി കര്‍ഷകര്‍ കടുത്ത യാതന അനുഭവിക്കുകയാണെന്ന ഫീല്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് സമാഹരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് നടത്തിയ ഇഞ്ചികൃഷിയില്‍ നിന്നു മെച്ചപ്പെട്ട വിളവും വിലയും ലഭിക്കാത്തതിനാല്‍ കര്‍ഷകരില്‍ പലര്‍ക്കും കനത്ത നഷ്ടമായിരുന്നു.

ഇതോടെ നിരവധി കര്‍ഷകര്‍ ഇഞ്ചികൃഷി അവസാനിപ്പിച്ചു. കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, കുടക്, ഷിമോഗ, നഞ്ചന്‍ഗോഡ്, എച്ച് ഡി കോട്ട തുടങ്ങിയ ജില്ലകളിലാണ് വയനാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നത്.

പാട്ടവും കൂലിലും ഉള്‍പ്പെടെ ഉത്പാദന ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോശം വിളവും വിലയും കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഏക്കറിനു കുറഞ്ഞത് 24,000 കിലോ ഗ്രാം(400 ചാക്ക്) വിളവും ചാക്കിനു(60 കിലോഗ്രാം) 1,500 രൂപ വിലയും ലഭിച്ചാലേ കൃഷി മുതലാകൂ. എന്നാല്‍ പ്രതികൂല കാലാവസ്ഥയും രോഗങ്ങളും നിരവധി കൃഷിയിടങ്ങളില്‍ വിളവ് കുറയുന്നതിനു കാരണമായി.

വര്‍ഷങ്ങളായി വയനാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഏക്കറിനു കേവലം 40 ചാക്ക് വിളവാണ് ലഭിച്ചത്. 30 ചാക്ക് ഇഞ്ചിവിത്താണ് ഒരേക്കറില്‍ കൃഷിയിറക്കുന്നതിനു ആവശ്യം. ഇഞ്ചി ചാക്കിനു 1000 രൂപ മുതല്‍ 1200 രൂപ വരെയായിരുന്നു 2018 കാലത്തെ വില. ഒരു ചാക്ക് ഇഞ്ചി പറിക്കുന്നതിന് അന്ന് 70-75 രൂപയായിരുന്നു കൂലി.

60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് ആറായിരം രൂപ വരെ വിലയെത്തിയ സീസണുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ കേവലം 900 രൂപയെന്ന റെക്കോര്‍ഡ് വിലയിടിവിനു കര്‍ഷകര്‍ സാക്ഷിയായിട്ടുണ്ട്. ഇതോടെ നിരവധി കര്‍ഷകര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷി അവസാനിപ്പിച്ച് മടങ്ങിയിട്ടുണ്ട്.

മലയാളികള്‍ കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്താന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. വയനാട്ടിലെ കുരുമുളകുകൃഷിയുടെ തകര്‍ച്ചയെത്തുടര്‍ന്നാണ് വയനാട്ടിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ അയല്‍ സംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിക്ക് തുടക്കമിട്ടത്.

ആദ്യഘട്ടങ്ങളില്‍ ഇങ്ങനെ പോയ ചില കര്‍ഷകര്‍ കൈവരിച്ച സാമ്പത്തിക അഭിവൃദ്ധി കണ്ടാണ് കൂടുതല്‍ ആളുകള്‍ കര്‍ണാകയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.പിന്നീട് വയനാടിനു പുറമേ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍നിന്നുള്ളവരും കൂട്ടത്തോടെ കര്‍ണാടകയില്‍ ഇഞ്ചി കൃഷക്കു പുറപ്പെട്ടു. ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു തുടക്കത്തില്‍ കര്‍ണാടകയില്‍ പാട്ടം. 2018 ആയപ്പോഴേക്കും 50,000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയായി പാട്ടത്തുക ഉയര്‍ന്നു.

മെച്ചപ്പെട്ട മണ്ണും ജലസേചനത്തിനു സൗകര്യവും ഉള്ള പ്രദേശങ്ങളിലാണ് ഉയര്‍ന്ന പാട്ടം. സമീപകാലംവരെ ആദിവസികളടക്കം തൊഴിലാളികളെ വയനാട്ടില്‍നിന്ന് എത്തിച്ചാണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നത്.
ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ആദിവാസി തൊഴിലാളികള്‍ വിദഗ്ധരായിരുന്നു. ഇങ്ങനെ ഇഞ്ചി കൃഷിക്കുപോയവര്‍ക്കു അര്‍ഹമായ കൂലിയും ഭക്ഷണവും ചികിത്സയും താമസവും നല്‍കാതെ പീഡിപ്പിച്ച നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെ ഇഞ്ചികൃഷി ഇടക്കാലത്ത് വിവാദമായിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ണാടകത്തില്‍ നിന്നുള്ള തൊഴിലാളികളെയാണ് ഇഞ്ചിപ്പാടങ്ങളിലെ ജോലിക്ക് ആശ്രയിക്കുന്നത്. 2018 കാലത്ത് പുരുഷ തൊഴിലാളിക്കു 350ഉം സ്ത്രീ തൊഴിലാളിക്ക് 250 രൂപയാണ് കൂലി നല്‍കിയത്. 50 രൂപ വച്ച് വര്‍ഷാവര്‍ഷം കൂലി വര്‍ധന ഉണ്ടായിട്ടുണ്ട്.
ഈ കാലയളവില്‍ മൈസൂരു, കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇഞ്ചികൃഷിക്ക് വ്യാപകമായ രോഗ-കീട ബാധ ഉണ്ടായതായും വിവരമുണ്ട്. ഇതിനു പുറമേ ഉണക്ക്, വെള്ളക്കേട് എന്നിവയും കൃഷിയെ ബാധിച്ചു തുടങ്ങി ഇഞ്ചുകൃഷിയുമായി ബന്ധപ്പെട്ട വിശദമായ ഫീല്‍ഡ് റിപ്പോര്‍ട്ടാണ് വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്. ഇതും ഷാജിയുടെ മൊഴികളും തമ്മിലും വലിയ പൊരുത്തക്കേടുകളുണ്ട്

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്