Connect with us

Kerala

'സ്‌കോളർഷിപ്പ് അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സാമൂഹിക നീതിയെ അട്ടിമറിക്കാനേ സഹായിക്കൂ'

Published

|

Last Updated

കോഴിക്കോട് | പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സാമൂഹിക നീതിയെയും സമതയെയും അട്ടിമറിക്കാനേ സഹായിക്കൂവെന്ന് എസ് വൈ എസ് ജന.സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിർദേശിച്ചത്. ആ റിപ്പോർട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. ഈ വിഷയത്തിൽ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:

പാലോളി കമ്മറ്റി റിപ്പോർട്ടിനെ എൽ ഡി എഫും സർക്കാരും തള്ളിക്കളഞ്ഞോ?

പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സാമൂഹിക നീതിയെയും സമതയെയും അട്ടിമറിക്കാനേ സഹായിക്കൂ. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിർദേശിച്ചത്. ആ റിപ്പോർട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. പാലോളി കമ്മറ്റി റിപ്പോർട്ടിനെ എൽ ഡി എഫും സർക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണം. ഇല്ലെങ്കിൽ ആ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണം.

ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല. ഈ വിഷയത്തിൽ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണ്.

വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ല. ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനർഹർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തും.