Connect with us

Kerala

തീരം വിഴുങ്ങാന്‍ കേന്ദ്രത്തിന്റെ 'ബ്ലൂ ഇക്കോണമി'; 25 കോടി ആളുകളെ ബാധിക്കും; കടലിന്റെ മക്കള്‍ ആശങ്കയില്‍

Published

|

Last Updated

കോഴിക്കോട് | കടല്‍ അത്താണിയായ മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍ക്കുമേല്‍ പുതിയ ആശങ്ക പടരുന്നു. കടലില്‍ നിന്നു വന്‍ സമ്പത്ത് ഉല്‍പ്പാദനം ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്ലൂ ഇക്കണോമി പദ്ധതിയാണ് തീരമേഖലയില്‍ പുതിയ ഭീതി പടര്‍ത്തുന്നത്.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും നാല്‍പ്പത് ലക്ഷം മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ഉതകുന്നതാണെന്ന് പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിയുടെ വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ കടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് വിവിധ തരത്തിലുള്ള ആശങ്കകള്‍ ഉയരുന്നത്. നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി കേന്ദ്ര ഭൗമമന്ത്രാലയം 2021 ഫെബ്രുവരി 17നാണ്ു വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.

കടലുമായി ബന്ധപ്പെട്ട നീല സമ്പദ് വ്യവസ്ഥ എന്ന ബ്ലു ഇക്കോണമി യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യത്ത് അമ്പത് മീറ്റര്‍ കരഭാഗത്ത് താമസിക്കുന്ന 25 കോടി ആളുകളുടേയും അതിലെ 40 ലക്ഷം മത്സ്യത്തൊഴിലാളികളുടെയും ഏക ഉപജീവന മാര്‍ഗമായ മത്സ്യബന്ധനം അട്ടിമറിക്കപ്പെടും എന്നാണ് ആദ്യത്തെ ആശങ്ക. മറ്റ് അനുബന്ധ മേഖലകള്‍ ഉള്‍പ്പെടെ 160 ലക്ഷം പേരാണ് കടലിനെ ആശ്രയിച്ച് ജീവിക്കുന്നത്.

കടലില്‍ നിന്നു പരമാവധി വരുമാനമുയര്‍ത്താനുള്ള പദ്ധതി നടപ്പാക്കുമ്പോള്‍ അതു കടലിന്റെ കോര്‍പറേറ്റ് വല്‍ക്കരണത്തിനാണ് വഴിയൊരുക്കുകയെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ ഫണ്ട് അഡ്മിനിസ്‌ട്രേഷനി(കില)ലെ വിദഗ്ധര്‍ സിറാജ് ലൈവിനോടു പറഞ്ഞു. 1963 മുതല്‍ നടപ്പാക്കിയ ഇന്തോ നോര്‍വീജിയന്‍ പദ്ധതിയിലാണ് കടലില്‍ വ്യാപകമായി ട്രോളറുകള്‍ കൊണ്ടുവന്നതും മത്സ്യസമ്പത്തിന്റെ വലിയ നാശത്തിനു വഴിയൊരുക്കിയതും എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തെ ഇത്തരത്തില്‍ ചൂഷണം ചെയ്യാന്‍ തുടങ്ങുന്നതോടെ പരമ്പരാഗത മത്സ്യ ബന്ധനവും ജീവിത രീതിയും തകിടം മറിയാനുള്ള സാധ്യതയാണുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമുദ്ര ജൈവ, അജൈവ സമ്പത്തുക്കളും മറ്റ് അനുബന്ധ സേവനങ്ങളും മുഖേന രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദനത്തില്‍ സമുദ്രവിഭവങ്ങളുടെ പങ്ക് നിലവിലെ 1.1 ശതമാനത്തില്‍നിന്ന് 4.1 ശതമാനം ഉയര്‍ത്തുക, തീരദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുക, തീര പ്രദേശത്തിനും സമുദ്രസമ്പത്തിനും സുരക്ഷ വര്‍ധിപ്പിക്കുക എന്നീ നാലു കാര്യമാണ് ബ്ലു ഇക്കോണമിയുടെ കാതലായി പറയുന്നതെങ്കിലും ഉല്‍പ്പാദന വര്‍ധന ലക്ഷ്യമിടുന്ന പദ്ധതികള്‍ എങ്ങിനെയായിരിക്കും എന്നതാണു ആശങ്ക സൃഷ്ടിക്കുന്നത്.

ബ്ലൂ ഇക്കണോമി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴുമേഖലയിലായി അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ഭൗമമന്ത്രാലയത്തിന് 4,077 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആഴക്കടല്‍ ധാതുനിക്ഷേപം, മറ്റ് അമൂല്യ അജൈവ സമ്പത്തുക്കളുടെ പര്യവേക്ഷണവും നിര്‍ണയവും, മത്സ്യസമ്പത്ത് പര്യവേക്ഷണ സമ്പത്ത് തിട്ടപ്പെടുത്തല്‍, കടല്‍ജലത്തില്‍നിന്ന് വൈദ്യുതി, ശുദ്ധജലം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യ വികസനം, വ്യാവസായിക മത്സ്യബന്ധന പര്യവേക്ഷണങ്ങള്‍, ഗവേഷണങ്ങള്‍ക്കാവശ്യമായ ആധുനികയാനം നിര്‍മാണം എന്നിവയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടമായി 2021 -27ല്‍ 2823 കോടിയാണ് ചെലവ്.

ഏഴ് മേഖലകളിലായി അഞ്ഞൂറില്‍പ്പരം പേജുള്ള ബ്ലൂ ഇക്കണോമി വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടുകളില്‍ ഫെബ്രുവരി 27നകം അഭിപ്രായങ്ങള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. 10 ദിവസത്തിനുള്ളില്‍ ബൃഹത്തായ റിപ്പോര്‍ട്ടുകള്‍ പഠിച്ചു നിര്‍ദേശം നല്‍കുക അസാധ്യമായതിനാല്‍ തീയതി നീട്ടിക്കിട്ടാന്‍ സംഘടനകളും വ്യക്തികളും കത്ത് നല്‍കിയിട്ടും അംഗീകരിച്ചില്ല. 2021 ജൂണ്‍ 16ന് കേന്ദ്ര മന്ത്രിസഭ ആഴക്കടല്‍ ദൗത്യങ്ങള്‍ക്ക് അംഗീകാരവും സാമ്പത്തികസഹായവും പ്രഖ്യാപിച്ചുകഴിഞ്ഞു.

ഐക്യരാഷ്ട്രസംഘടനയുടെ 2012ലെ റിയോ ഉച്ചകോടിയില്‍ സ്ഥിരീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീല സമ്പദ് വ്യവസ്ഥ എന്ന ആശയം രൂപംകൊണ്ടത്. സമുദ്രത്തിലെ ജൈവ അജൈവ സമ്പത്തുകള്‍ സുസ്ഥിരമായി ഉപഭോഗം നടത്തി സമ്പദ്വ്യവസ്ഥ പോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഊര്‍ജം, ജലം, ആഹാരം, ധാതുക്കള്‍, ഹൈഡ്രോകാര്‍ബണ്‍ ലോഹങ്ങള്‍ എന്നിവയുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമുദ്രങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ബ്ലു ഇക്കോണമി. പദ്ധതിയുടെ കരട് തയ്യാറാക്കലില്‍ മത്സ്യമേഖലയിലെ ശാസ്ത്രജ്ഞന്‍മാര്‍, ഗവേഷകര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി ആലോചന നടത്തിയിട്ടില്ലെന്നാണ് ആരോപണം.

നിലവില്‍ സമുദ്രമത്സ്യമേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. 202130ല്‍ അമ്പത് ലക്ഷം ടണ്‍ മത്സ്യം അധികമായി വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ബ്ലു ഇക്കോണമിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടലില്‍ മത്സ്യക്കൃഷി നടത്തിപ്പ് കോര്‍പറേറ്റുകള്‍ക്കു മാത്രം സാധ്യമായ കാര്യമാണ്. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാകില്ല. തീരദേശജനത ഇവിടെ നിന്നു പലായനം ചെയ്യേണ്ടിവരും. മത്സ്യസമ്പത്ത് വന്‍ ശോഷണം നേരിടുകയും തീരദേശം റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കരങ്ങളിലേക്ക് ഒതുങ്ങുംകയും ചെയ്യും എന്നതായിരിക്കും ഇതിന്റെ പ്രത്യാഘാതം എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലാഭം നോക്കിയുള്ള ഖനനം കടലിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും ആഗോളഭീമന്‍മാര്‍ കടല്‍ കൊള്ള ചെയ്യുമെന്നുമാണ് ആശങ്ക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest