Connect with us

Kasargod

കശ്മീരിലേക്ക് ഒറ്റക്കൈ കൊണ്ട് സൈക്കിൾ യാത്ര; വൈകല്യത്തെ ജയിക്കാനുറച്ച് ഫാഹിസ് ഫർഹാൻ

Published

|

Last Updated

ഫാഹിസിന്റെ സൈക്കിൾ യാത്രയ്ക്ക് അഭിവാദ്യമർപ്പിക്കുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ഫൈസൽ സൂപ്പർ

കാഞ്ഞങ്ങാട് | വൈകല്യം തന്റെ ലക്ഷ്യത്തിനും, മാർഗത്തിനും തടസമല്ലെന്ന് തെളിയിക്കുകയാണ് പതിനെട്ടുകാരനായ ഫാഹിസ് ഫർഹാൻ. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഈ യുവാവ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള സാഹസിക യാത്രയിലാണിപ്പോൾ. ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാത്ത ഫാഹിസിന്റെ ഒറ്റക്കൈകൊണ്ടുള്ള സൈക്കിൾ യാത്ര കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തി. 3500 കിലോമീറ്റർ സഞ്ചരിച്ച് ഉത്തരേന്ത്യ മുഴുവൻ സൈക്കിൾ യാത്ര നടത്തിയ ശേഷം കശ്മീരിൽ പ്രവേശിക്കും.

സുഹൃത്ത് ജിൽഷാദിനൊപ്പം, ജൂലൈ നാലിനാണ് ഫാഹിസ് തിരൂരങ്ങാടിയിൽ നിന്നും യാത്ര പുറപ്പെട്ടത്. 2019ൽ ഊട്ടിയിലേക്ക് നടത്തിയ 340 കിലോമീറ്റർ യാത്രയും, കഴിഞ്ഞ വർഷം നവംബറിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ 850 കിലോമീറ്റർ സൈക്കിൾ യാത്രയും നൽകിയ ആത്മധൈര്യവമായാണ് ഫാഹിസ് ഉത്തരേന്ത്യ ചുറ്റിക്കറങ്ങിയുള്ള യാത്രയ്ക്കിറങ്ങിയത്. യാത്രയ്ക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെന്നും, പ്ലസ്ടു കഴിഞ്ഞ് വീട്ടിലിരിക്കുന്നതിനാൽ വിരസത ഒഴിവാക്കുന്നതിനാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന യാത്ര തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു.

അതേസമയം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സിൽ സൈക്കിൾ ഓട്ടത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. ഒരു സർക്കാർ ജോലി വേണമെന്നതും ആഗ്രഹമാണ്. തിരൂരങ്ങാടി പൈക്ക് റൂട്ട്സ് സൈക്കിൾ ക്ലബാണ് യാത്രയ്ക്ക് പ്രചോദനം നൽകിയത്. ദിവസം 80 കിലോമീറ്റർ വരെ യാത്ര ചെയ്യുകയാണ് ലക്ഷ്യം. കാഞ്ഞങ്ങാട്ടെ വ്യാപാരിയും, പൊതുപ്രവർത്തകനുമായ ഫൈസൽ സൂപ്പർ ആവശ്യമായ സഹായങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്. വെള്ളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽഖാദർ-നഹീമ ദമ്പതികളുടെ മകനാണ് ഫാഹിസ് ഫർഹാൻ.

Latest