Connect with us

Kerala

പഴയ നാണയങ്ങള്‍ക്കും കറന്‍സിക്കും മോഹവില; വലവിരിച്ച് തട്ടിപ്പ് സംഘങ്ങള്‍

Published

|

Last Updated

കോഴിക്കോട് | പഴയ നാണയങ്ങള്‍ക്കും കറന്‍സി നോട്ടുകള്‍ക്കും മോഹവില നല്‍കുന്നതായുള്ള പ്രചാരണത്തിന് പിന്നില്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം പ്രചാരണത്തിലൂടെ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നതായാണ് വിവരം. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വെച്ച ബാംഗ്ലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ലക്ഷത്തിലേറെ രൂപ നഷ്ടമായ സംഭവം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരള പോലീസ് ഈ സംഘങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പഴയ നാണയങ്ങള്‍ക്ക് വന്‍ വില പ്രഖ്യാപിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് നാണയ, സ്റ്റാമ്പ് ശേഖരണ രംഗത്തെ വിവിധ സൊസൈറ്റികളും ക്ലബ്ബുകളും കൂട്ടായ്മകളും വ്യക്തമാക്കുന്നു. ചില വെബ് സൈറ്റുകള്‍ അവരുടെ പക്കലുള്ള ചില നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ഇത്ര വിലയുണ്ട് എന്നു പ്രഖ്യാപിക്കാറുണ്ട്. ചില അപൂര്‍വ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്നവര്‍ മോഹവില നല്‍കി അതു സ്വന്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലെങ്കിലും പലരുടേയും കൈവശം ഉണ്ടാവാന്‍ സാധ്യതയുള്ള ചില നാണയങ്ങളും നോട്ടുകളും കാണിച്ച് മോഹവില നല്‍കുമെന്നു പ്രചരിപ്പിക്കുന്നതു തട്ടിപ്പുകാരാണെന്ന് കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി അംഗമായ ലീജു ചിറയത്ത് സിറാജ് ലൈവിനോടു പറഞ്ഞു. പ്രമുഖ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ആധികാരികമെന്ന നിലയില്‍ നല്‍കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം കേരളാ പോലീസ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പഴയ നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ നിരവധി വാര്‍ത്തകള്‍ വരുന്നതു ശ്രദ്ധയില്‍ പെട്ട ശേഷമായിരുന്നു പോലീസിന്റെ അറിയിപ്പ്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകള്‍ക്ക് മോഹവില വാഗ്ദാനം ചെയ്യുന്നതിനു പിന്നില്‍ വന്‍ തട്ടിപ്പാണ് അരങ്ങേറുന്നതെന്നു പോലീസ് പറയുന്നു.

ഓണ്‍ലൈനിലെ പരസ്യം കണ്ട് തന്റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പനക്ക് വെച്ച ബംഗളൂരുവിലെ വീട്ടമ്മക്ക് ഓണ്‍ലൈനിലെ സംഘം ഓഫര്‍ ചെയ്തത് പത്ത് ലക്ഷം രൂപയാണ്. പിന്നീട് തട്ടിപ്പുകാര്‍ ഒരു കോടി രൂപ നല്‍കാം എന്ന ഓഫറുമായി പ്രത്യക്ഷപ്പെട്ടു. ആ ഓഫര്‍ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍ ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടക്കേണ്ടിവരുമെന്ന് തട്ടിപ്പുകാര്‍ വീട്ടമ്മയെ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി വീട്ടമ്മ ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് താന്‍ തട്ടിപ്പിനിരയായി എന്ന വിവരം വീട്ടമ്മ തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ഒരു പ്രമുഖ ചാനലിന്റെ വെബ്സൈറ്റില്‍ ഇത്തരമൊരുവാര്‍ത്ത പ്രാധാന്യത്തോടെ വന്നിരുന്നു. കോയിന്‍ ബസാര്‍.കോം എന്ന വെബ് സൈറ്റ് പഴയ അഞ്ചു രൂപ നോട്ടിന് 30,000 രുപ നല്‍കുന്നു എന്നായിരുന്നു വാര്‍ത്ത. ഒരു വശത്ത് ട്രക്ടറിന്റെ ചിത്രവും 786 എന്ന ഭാഗ്യ നമ്പറും ഉള്ള നോട്ടുകള്‍ക്കാണ് ഈ വിലകിട്ടുക എന്നായിരുന്നു വാര്‍ത്ത. മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയിരുന്ന 1977-79 കാലത്ത് അച്ചടിച്ച അന്നത്തെ ഫിനാന്‍ സെക്രട്ടറി ഹീരുഭായ് എം പട്ടേല്‍ ഒപ്പിട്ട ഒരു രൂപ നോട്ടിന് 45,000 രൂപ നല്‍കുമെന്നും നേരത്തെ ഇതേ സൈറ്റ് വാഗ്ദാനം നല്‍കിയിരുന്നതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതു മൂലം നിരവധിപ്പേര്‍ തട്ടിപ്പുകാരുടെ ഇരകളാവുന്നതായി പോലീസ് പറയുന്നു.

കേരളത്തില്‍ നാണയം, സ്റ്റാമ്പ് എന്നിവ ശേഖരിക്കുന്നവരുടെ നിരവധി പൊതു വേദികളുണ്ട്. ദേശീയ തലത്തിലുള്ള നിരവധി സംഘടനകളിലും ഇവരൊക്കെ അംഗങ്ങളാണ്. നാണയങ്ങള്‍, സ്റ്റാമ്പുകള്‍ എന്നിവയുടെ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ഇത്തരം ഗ്രൂപ്പുകളിലൊന്നും മോഹവിലക്ക് നോട്ടുകള്‍ വില്‍ക്കുന്നതിന്റെ ഒരു സാധ്യതയും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പലതരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഒരു വശം മാത്രമാണ് നോട്ടുകള്‍ ഉപയോഗിച്ചുള്ളതെന്ന് അവര്‍ പറയുന്നു.

Latest