Connect with us

Book Review

പാരിസ്ഥിതികാവബോധത്തിന്റെ ജൈവ സന്ദേശം

Published

|

Last Updated

ജൈവം – പി സുരേന്ദ്രൻ

മലയാളി വായനക്കാർക്ക് മുഖവര ആവശ്യമില്ലാത്ത എഴുത്തുകാരനാണ് പി സുരേന്ദ്രൻ. സാഹിത്യരചനകൾ ഒരിക്കലും ഒഴിവുദിവസ വിനോദമാക്കാതെ സമൂഹവുമായി സംവദിക്കുന്ന മാനുഷികതയുടെ സന്ദേശങ്ങളാക്കാൻ എപ്പോഴും ശ്രമിക്കുന്നയാൾ, വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫാഷിസത്തിനെതിരേ തെരുവിൽ കലഹം കൂട്ടുന്നവരുടെ കൂട്ടത്തിലും സുരേന്ദ്രന്റെ സജീവ സാന്നിധ്യമുണ്ടാകും. പ്രകൃതിയേയും ജൈവ, ആവാസ വ്യവസ്ഥകളേയും കാർന്നുതിന്നുന്ന അതിവികസനമെന്ന അർബുദത്തിനെതിരെ സർഗാത്മകതയുടെ കീമോതെറാപ്പിയുമായി ഒരു മുഴം മുമ്പേനടന്ന പി സുരേന്ദ്രന്റെ പരിസ്ഥിതി സംബന്ധമായ ഏറ്റവും വായിക്കപ്പെട്ട പച്ചപ്പിന്റെ ദർശനം മുന്നോട്ടു വെക്കുന്ന സൃഷ്ടിയാണ് “ജൈവം”.

133 പേജുകൾ മാത്രമുള്ള ഈ നോവലിന്റെ പുനർ വായനക്ക് ഇപ്പോഴും പ്രസക്തി ഏറെയാണ്. ജൈവം വികസ്വര ലോകത്തിന്റെ മണ്ണിന്റെ മണമുള്ള പാരിസ്ഥിതിക നോവലാണെന്ന് ഈ പുസ്തകത്തിന്റെ പിൻകുറിപ്പിൽ ജി മധുസൂദനൻ കുറിക്കുന്നത് വെറും ആലങ്കാരികതയല്ലെന്ന് താളുകൾ മറിയുമ്പോൾ ഏവരേയും എളുപ്പത്തിൽ ബോധ്യപ്പെടുത്തും.

വൈഗയെന്ന വരണ്ട ഭൂമിയെ എങ്ങനെ പച്ചപ്പിലേക്ക് പുനരാനയിക്കാം എന്ന പരീക്ഷണത്തിനിറങ്ങിയ കവിയുടെയും മുമ്പേ വൈഗയിലെത്തിയ മാർഗരറ്റിന്റെയും വ്യത്യസ്തമായ സഞ്ചാരപഥങ്ങളിലൂടെ വായനക്കാർക്ക് മുമ്പിൽ അനാവൃതമാകുന്ന ലോകം കാലാതിവർത്തിയായ ഒരു കലാസൃഷ്ടിയായി മലയാളത്തിൽ അടയാളപ്പെടുകയാണ് ജൈവത്തിലൂടെ.

കവികളും പാരിസ്ഥിതികവാദികളും ഉയർത്തുന്ന കാൽപ്പനിക സ്വപ്നങ്ങളേക്കാൾ പ്രായോഗികമായ പദ്ധതികളാണ് പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാനമെന്ന് വൈഗയുടെ ഉദാഹരണത്തിലൂടെ ജൈവം മുന്നോട്ടു വെക്കുന്ന ആശയമാണ്. അതുകൊണ്ടാകും വിളഭൂമിയുടെ സമൃദ്ധിയിലേക്ക് ഇറങ്ങിവരുന്ന ആനകളേയും പന്നികളേയും ഓടിക്കാൻ തകരപ്പാട്ട കൊട്ടി ആർപ്പുവിളിക്കാൻ പറ്റിയ കവിതകളാണ് കുറത്തിയും കാട്ടാളനുമെന്ന് മാർഗരറ്റ് കവിസുഹൃത്തിനോട് പറയുന്നത്.

പ്രത്യക്ഷത്തിൽ ഇതൊരു പരിഹാസ സൂചകമായി തോന്നാമെങ്കിലും കവിതയെ താഴ്ത്തിക്കെട്ടലല്ല ഇവിടെ ലക്ഷ്യമാക്കുന്നത്. കവിതയുടെ വന്യമായ ശക്തിയെ അംഗീകരിക്കുന്നതിനോടൊപ്പം പ്രായോഗികമായ മറ്റു മാർഗങ്ങൾ അവലംബിക്കേണ്ടതിലേക്കും ഇത് വിരൽ ചൂണ്ടുന്നു.

“വൈഗയിലേക്ക് ഞാനും വരാം. വരണ്ടുപോയെങ്കിലും അവിടെ ഒരു പുഴയുണ്ടെന്നല്ലേ പറഞ്ഞത്. കവിജന്മമാണെന്റെത്. ചോര കൊണ്ട് ഞാൻ പുഴയെ തൊടും. അപ്പോൾ പുഴ ഒഴുകാൻ തുടങ്ങും.” കവി മാർഗരറ്റിനോട് ഇങ്ങനെയും പറയുന്നുണ്ട്. അത് സൂചിപ്പിക്കുന്നത് ഏതു വരൾച്ചക്കിടയിലും ഒരു കവിക്ക് പച്ചപ്പിനെ കണ്ടെടുക്കാതെ തരമില്ല എന്നു തന്നെയാണ്.

മലയാളത്തിൽ ഇക്കോപൊളിറ്റിക്്സിന്റെ നോവൽപ്രാധാന്യം ഏറെ ഉൾക്കൊണ്ട ഒരു സാഹിത്യ സൃഷ്ടികൂടിയായ ജൈവം വരണ്ട ഭൂമികളിൽ പച്ചപ്പിനെ തേടുമ്പോൾ വിപ്ലവത്തിന്റെ കാപട്യങ്ങളിൽ അഭിരമിച്ച് ദിശാബോധം നഷ്ടപ്പെട്ട എഴുപതുകളുടെ രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ദുരവസ്ഥയേയും അഭിമുഖീകരിക്കുന്നുണ്ട്. പ്രതീക്ഷകൾ ഉയർത്തി അതിനേക്കാൾ വേഗത്തിൽ നിരാശയിലേക്കും അതുവഴി ജീർണതയിലേക്കും മൂക്കുകുത്തിയ വിപ്ലവത്തിന്റെ കാപട്യത്തിന് ഒരു തിരുത്തുകൂടി അന്വേഷിക്കുന്നുണ്ട് ഈ നോവൽ. അതുപോലെ സ്ത്രീകൾക്ക് മാത്രമായി ഒരു വിമോചന സങ്കൽപ്പം മുന്നോട്ടുവെക്കുന്ന കേവല ഫെമിനിസം സ്വീകാര്യമല്ലെന്നും സമർത്ഥിക്കുന്ന ജൈവത്തിലെ സമത്വ സന്ദേശം ലിംഗ, വർഗ മാനദണ്ഡങ്ങൾക്കപ്പുറം മാനവികമായ തലത്തെയാണ് ലക്ഷ്യം വെക്കുന്നത്.
ലാഭത്തിലധിഷ്ഠിതമായ അതി വികസനത്തിന്റെ താളപ്പിഴകൾ പ്രകൃതിയുടെ ജൈവാവസ്ഥയെത്തന്നെ തകിടംമറിച്ച് വെയിലേറ്റു കരിഞ്ഞ വൈഗകൾ രൂപപ്പെടുന്നു.

അത്തരം മരുഭൂവത്കരിക്കപ്പെട്ട ഭൂമിയിലേക്ക് പിന്നെ കടന്നുവന്നവരിൽ ചിലർ തോറ്റ ആദർശങ്ങളുടെ ശവപ്പറമ്പിൽനിന്ന് പുതിയ ചൂഷണത്തിന് വഴിതേടുന്ന ബുദ്ധിജീവി പരിവേഷമുള്ള കല്ലൂർ രാഘവനെപ്പോലുള്ളവരുമാണ്.
ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത “സമാന്തരം” എന്ന വിപ്ലവ പ്രസിദ്ധീകരണത്തിന്റെ മറവിൽ വിദേശ ഫണ്ടിംഗ് ലക്ഷ്യമാക്കി തന്ത്രങ്ങൾ മെനയുന്ന കല്ലൂർ രാഘവൻ അതിൽ വിജയിക്കാതാകുന്നു. പിന്നീട് മാർഗരറ്റിനെ പിന്തുടർന്ന് രാഘവനും വൈഗയെ തന്നെ ലക്ഷ്യമാക്കുന്നു.

കുഷ്ഠരോഗികൾ വല്ലാതെ പെരുകിയ വൈഗയിൽ വലിയൊരു ദുരിതാശ്വാസ പദ്ധതിയുടെ മറവിൽ ഫണ്ടിംഗ് സാധ്യത മുന്നിൽക്കണ്ടാണ് കല്ലൂർ രാഘവൻ വൈഗയിലെത്തുന്നത്. സുവിശേഷവും വിപ്ലവവും സമാസമം ചേർത്ത് വേറൊരു തരത്തിൽ ഫണ്ടിംഗ് തേടുന്ന ഫാദർ ഡാമിയനും അവിടെയുണ്ട്. കുഷ്ഠരോഗികളെ പരിചരിച്ചു കൊണ്ട് നിസ്വാർഥ സേവനവുമായി ഡോ. ഡേവിഡിന്റെ ക്ലിനിക്കും വൈഗയിൽ പ്രവർത്തിക്കുന്നു. ഇവർക്കിടയിൽ കവിയും മാർഗരറ്റും അനുഭവിക്കുന്ന ധർമസങ്കടങ്ങളാണ് ജൈവം എന്ന നോവലിന്റെ പാരിസ്ഥിതികവും മാനവികതവുമായ രാഷ്ട്രീയ ദർശനത്തെ മുന്നോട്ടുവെക്കുന്നത്.
തന്റെ കുടിലമോഹങ്ങൾക്ക് ഡോ. ഡേവിഡ് വിലങ്ങുതടിയായേക്കുമെന്ന് തോന്നിയ മാത്രയിൽത്തന്നെ ഡോക്ടറെ ഉൻമൂലനം ചെയ്യാൻ പദ്ധതി തയ്യാറാക്കുന്ന കല്ലൂർ രാഘവനിൽ നിന്നും വൈഗയെ രക്ഷിക്കൽകൂടി ലക്ഷ്യമാകുന്നതോടെയാണ് വൈഗയുടെ വരണ്ട മണ്ണിൽ പുതുമഴത്തുള്ളികൾ വീണ് മുളകൾ പൊട്ടി പച്ചപ്പുകൾ വളർന്നു പന്തലിക്കുന്ന സ്വപനങ്ങളെ താലോലിക്കാൻ കവിക്കും മാർഗരറ്റിനും കഴിയുന്നത്.

പ്രകൃതി ചൂഷണങ്ങളും പരിസ്ഥിതി മലിനീകരണങ്ങളും അതി വികസനവാദങ്ങളും അതിവിപ്ലവ വായ്ത്താരികളും തുടർന്നുകൊണ്ടേയിരിക്കുന്ന വർത്തമാനകാല സാഹചര്യം നിലനിൽക്കുന്ന ഏതുകാലത്തും ജൈവത്തിന്റെ പുനർവായനക്ക് ഏറെ പ്രസക്തിയുണ്ട്.

സുരേന്ദ്രന്റെ തന്നെ മായാപുരാണം, കാവേരിയുടെ പുരുഷൻ എന്നീ നോവലുകളുടെ ഒരു തുടർച്ചയെന്നോണം ജൈവം പാരിസ്ഥിതിക രാഷ്ടീയത്തിന്റെ കരുത്തുറ്റ ദർശനം മലയാളത്തിന് സമ്മാനിക്കുന്ന സവിശേഷമായ ഒരു സൃഷ്ടിയാണ്. പ്രസാധകർ ലോഗോസ് ബുക്സ്. വില 140 രൂപ.

Latest