Connect with us

Status

ക്ലബ്ഹൗസ്: ചായക്കടക്കും സെമിനാർ ഹാളിനുമിടയിൽ

Published

|

Last Updated

ചർച്ചകളും ആലോചനകളും മലയാളികളുടെ കൂടെപ്പിറപ്പാണ്. ആനുകാലിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായം പങ്കുവെക്കുക എന്നത് ലോകത്തുടനീളമുള്ള മലയാളികളുടെ ശീലവും. നമ്മുടെ ജീവിത പരിസരങ്ങളെ ബാധിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മാത്രമല്ല വിനോദവും തമാശയും കരിയറും ഗവേഷണവുമെല്ലാം അത്തരം ചർച്ചകളുടെ ഭാഗമാകുകയും ചെയ്യാറുണ്ട്. മലയാളികളുടെ ഈ ശീലത്തെ കൃത്യമായി അഭിമുഖീകരിക്കുന്ന പ്രത്യേകതകളോടെയാണ് ക്ലബ്ഹൗസ് എന്ന സമൂഹ മാധ്യമത്തിന്റെ വരവ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഈ ഓഡിയോ ഡ്രോപ്പിംഗ് ആപ്പ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായത്. പണ്ട്, ചായക്കടയുടെ തിണ്ണയിലിരുന്ന് പറഞ്ഞിരുന്ന നാട്ടുവർത്തമാനവും ടൗൺഹാളിൽ വെച്ച് കേട്ട സെമിനാറുകളും ഈ ക്ലബ്ഹൗസിലിരുന്ന് ഇപ്പോൾ കേൾക്കുകയും പറയുകയുമാകാം.

എന്താണ് ക്ലബ്ഹൗസ്?

പത്ത് ദശലക്ഷത്തിലേറെ പേർ ഇതിനോടകം ഉപയോഗിച്ചുകഴിഞ്ഞ ക്ലബ്ഹൗസ് ആപ്പ് എന്താണ്? എങ്ങനെയാണ് ഈ ലോക്ക്ഡൗൺ കാലത്ത് ഇത് പോലൊരു ആപ്പ് നിങ്ങളുടെ ജീവിത്തെ മാറ്റിമറിക്കുന്നത്? പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നീ അമേരിക്കൻ മലയാളികൾ ചേർന്ന് രൂപം നൽകിയ ഓഡിയോ ചാറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ക്ലബ്ഹൗസ്. 2020 മാർച്ചിൽ ഐ ഒ എസ് പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ഈ ആപ്പ് അമേരിക്കയിൽ അതിവേഗമാണ് ശ്രദ്ധപിടിച്ചു പറ്റിയത്. 2021 മെയിൽ ആൻഡ്രോയ്ഡിലും ക്ലബ്ഹൗസ് വന്നതോടെയാണ് കേരളത്തിലടക്കം ഈ ആപ്പ് തരംഗമായത്. രാഷ്ട്രീയവും സൗഹൃദവും മതവും ആഘോഷവും ബിസിനസും മുതൽ പാചക നുറുങ്ങുകളും സൊറ പറച്ചിലും വരെ ഒരേ സമയം നടക്കുന്ന വിവിധ ചർച്ചാ മുറികളുടെ വേദിയാണ് ക്ലബ്ഹൗസ് എന്ന് പറയാം.

എന്താണ് നടക്കുന്നത്?

പൊതുവിഷയങ്ങളിലുള്ള ചർച്ചകളാണ് പ്രധാനമായി ക്ലബ്ഹൗസിലെ റൂമുകളിൽ നടക്കുന്നത്. ഏത് വിഷയത്തിലും ആർക്കും ഒരു റൂം ആരംഭിക്കാം. കേൾവിക്കാരാകാം. ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാം. അഭിപ്രായങ്ങൾ പങ്കുവെക്കാം. ക്ലബ് എന്ന ആശയത്തിലാണ് ചർച്ചാ വേദി സംഘടിപ്പിക്കുന്നത്. പരമാവധി 5000 അംഗങ്ങൾ വരെയാണ് ഒരു റൂമിൽ ഉണ്ടാകുക എന്നാണ് ക്ലബ്ഹൗസ് പറയുന്നതെങ്കിലും ചില ചർച്ചകളിൽ പത്തായിരത്തോളം ശ്രോതാക്കളുണ്ട്. ആപ്പ് ഉപയോഗിക്കുന്ന ആർക്കും വന്നുകയറി വിഷയം കേൾക്കാം. മോഡറേറ്ററുടെ അനുവാദത്തോടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാം.
റൂം സംഘടിപ്പിക്കുന്നയാളായിരിക്കും അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ ചേർന്ന ഗ്രൂപ്പോ ആയിരിക്കും ആ റൂമിലെ മോഡറേറ്റർമാർ. മോഡറേറ്റർക്ക് റൂമിൽ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമിൽ കയറിയാൽ അവിടെ നടക്കുന്ന എന്ത് സംസാരവും കേൾക്കാം. അഭിപ്രായങ്ങൾ പറയണമെങ്കിൽ കൈ ഉയർത്താം. അതിന് മോഡറേറ്റർമാർ സമ്മതം നൽകിയാൽ മൈക്ക് ബട്ടൺ ഓൺ ചെയ്ത് സംസാരിക്കാം. ശബ്ദം മാത്രമാണ് ആശയവിനിമയം സാധ്യമാക്കുന്ന ഏക മാധ്യമം. അതായത്, പ്രൊഫൈലുകൾ തമ്മിൽ ഇമേജ്, വീഡിയോ, ടെക്‌സ്റ്റ് ഒന്നും കൈമാറാൻ സാധിക്കില്ല. അതേസമയം, സ്വകാര്യ റൂമാണ് സെറ്റ് ചെയ്യുന്നതെങ്കിൽ ക്ഷണിക്കപ്പെട്ടവർക്കല്ലാതെ സംഭാഷണങ്ങൾ കേൾക്കാൻ കഴിയില്ല. ഓപ്പൺ (ആർക്കും ചേരാവുന്നത്), സോഷ്യൽ (നമ്മൾ ഫോളോ ചെയ്യുന്നവർക്കും അവരുടെ കമ്യൂണിറ്റിക്കും വേണ്ടി), പ്രൈവറ്റ് (തീർത്തും സ്വകാര്യമായ ഗ്രൂപ്പ്) എന്നിങ്ങനെയാണ് ക്ലബ്ഹൗസ് റൂമുകളുടെ സ്വഭാവം.

അക്കൗണ്ട് തുടങ്ങാം

ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ക്ലബ്ഹൗസിൽ അക്കൗണ്ട് തുടങ്ങാൻ ഒരാളുടെ ക്ഷണം ആവശ്യമാണ്. ടെക്‌സ്റ്റ് മെസേജ്, വാട്‌സ് ആപ്പ്, ഇൻസ്റ്റ മെസേജ് എന്നിവയിലൂടെയെല്ലാം മറ്റുള്ളവർക്ക് നിങ്ങളെ ക്ഷണിക്കാം. നിങ്ങൾക്ക് മറ്റുള്ളവരെയും ഇങ്ങനെ ക്ലബ്ഹൗസിലേക്ക് ഇൻവൈറ്റ് ചെയ്യാം. ഇൻവിറ്റേഷൻ ലഭിക്കാത്തവർക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നാൽ ക്ലബ്ഹൗസിൽ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ ചേർക്കാൻ സാധിക്കും. നിങ്ങളുടെ ഫോൺ നമ്പറും ഒ ടി പിയും ഉപയോഗിച്ച് യഥാർഥ ഐ ഡിയിൽ വേണം അക്കൗണ്ട് തുടങ്ങാൻ. നിങ്ങളുടെ താത്പര്യങ്ങളും ഇഷ്ടമേഖലകളും രേഖപ്പെടുത്താനും ക്ലബ്ഹൗസിൽ സൗകര്യമുണ്ട്. ക്ലബ്ഹൗസ് അൽഗോരിതം അതനുസരിച്ചുള്ള ചർച്ചകളിലേക്കും റൂമുകളിലേക്കുമാണ് നിങ്ങളെ നയിക്കുക. അക്കൗണ്ട് തുടങ്ങുമ്പോൾ നിങ്ങൾ നൽകുന്ന പ്രൊഫൈൽ പേര് പിന്നീട് മാറ്റാൻ സാധിക്കില്ല. വ്യക്തികൾക്ക് പുറമേ സ്ഥാപനങ്ങൾക്കും ക്ലബുകൾ തുടങ്ങാം. യഥാർഥ ലോഗോ, പേര്, ഫോട്ടോ എന്നിവ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം.

ഒരായിരം ചർച്ചകൾക്ക് നടുവിൽ

ഏത് ചർച്ച കേൾക്കണം എന്നതും എങ്ങനെ സംസാരിക്കണം എന്നതും നേരത്തേ തീരുമാനിക്കുന്നത് നല്ലതാണ്. ഒരായിരം ചർച്ചകൾക്ക് നടുവിൽ ഉപഭോക്താക്കൾ സെലക്ടീവ് ആയില്ലെങ്കിൽ സമയനഷ്ടം വളരെ വലുതാണ്. അതേസമയം, ഇഷ്ടവിഷയങ്ങളും താത്പര്യമുള്ള മേഖലകളും കണ്ടെത്തുക, അതനുസരിച്ചുള്ള ചർച്ചകളും സംഭാഷണങ്ങളും ശ്രദ്ധിക്കുക, വൈദഗ്ധ്യമുള്ള മേഖലകളിൽ സംസാരിക്കുക തുടങ്ങിയ മുൻകരുതലുകൾ ക്ലബ്ഹൗസിൽ കയറുന്നവർ ശ്രദ്ധിക്കണം. രാഷ്ട്രീയവും മതവും യുക്തിവാദവും വിനോദവും തന്നെയാണ് ക്ലബ്ഹൗസിൽ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ. രസകരമായ വിഷയങ്ങളും വൈവിധ്യമുള്ള സംവാദങ്ങളും കൊണ്ട് സമ്പന്നമാണെങ്കിലും ശ്രദ്ധയോടെ മാത്രം സമയം ചെലവഴിക്കേണ്ട വേദി കൂടിയാണ് ക്ലബ്ഹൗസ്.

ഫേസ്ബുക്കും ടെലഗ്രാമും ക്ലബ്ഹൗസിലേക്ക്

ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ക്ലബ്ഹൗസിലെ ഫീച്ചറുകൾ കൊണ്ടുവരുന്നു എന്നതാണ് ഒടുവിലെ വാർത്ത. ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ എന്തെങ്കിലും ഒരു ഫീച്ചർ ഹിറ്റായാൽ മറ്റ് പ്ലാറ്റ്‌ഫോമുകളും അത് അനുകരിക്കുന്നത് സാധാരണമാണ്. സ്‌നാപ്ചാറ്റ് അവതരിപ്പിച്ച സ്റ്റോറീസ് എന്ന ഫീച്ചർ ആണ് പിന്നീട് ഫേസ്ബുക്കും വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമുമൊക്കെ അനുകരിച്ചത്. ടിക് ടോക്ക് ഹിറ്റാക്കിയ വെർട്ടിക്കൽ ഷോട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമും യൂട്യൂബും എറ്റെടുത്തതും നമ്മൾ കണ്ടതാണ്. ഇപ്പോൾ ഏറെ ജനകീയമായി മാറിയ ഓഡിയോ ഓൺലി ആപ്ലിക്കേഷനായ ക്ലബ്ഹൗസിനെ അനുകരിക്കാൻ ഒരുങ്ങുകയാണ് മറ്റ് കമ്പനികൾ.

ഒരു ചർച്ചയുടെ ഭാഗമാകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഡിയോ-ചാറ്റിംഗ് സോഷ്യൽ നെറ്റ് വർക്കിംഗ് അപ്ലിക്കേഷൻ ഉപഭോക്താക്കളെ എളുപ്പത്തിൽ ആകർഷിക്കുന്നു എന്നതുതന്നെ കാരണം. സംസാരിക്കുന്ന ഏതൊരാൾക്കും തന്റെ അഭിപ്രായങ്ങൾ സൗകര്യപൂർവം പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിൽ ചർച്ചകളും ആലോചനകളും സംവാദങ്ങളും ഇഷ്ടപ്പെടുന്നവരെല്ലാം ഇത് ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു നീക്കം. മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കാൻ അവർക്ക് ഒരു റൂമിൽ ചേരാം. ടെലിഗ്രാമിലെ ഏത് ചാനലിനും ഒരു സമയം 2,00,000 ആളുകളെ വരെ ചേർക്കാൻ കഴിയും. കഴിഞ്ഞ വർഷം, ഈ സമയത്ത്, ടെലിഗ്രാം ചാനലുകളിൽ ഒരു ഡിസ്‌കഷൻ ബട്ടൺ ചേർത്തിരുന്നു. ഇപ്പോൾ, ചാനലുകളിൽ കോളിംഗ് സവിശേഷത വികസിപ്പിച്ചുകൊണ്ട് ഇത് ഈ ചർച്ചയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ സവിശേഷത ഏത് ചാനലിനെയും ഓഡിയോ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഓഡിയോ-ചാറ്റ് റൂമായി മാറ്റും. ക്ലബ്ഹൗസിലെന്നപോലെ ഗ്രൂപ്പ് ചാറ്റ് ചർച്ചകളിലും ടെലിഗ്രാമിന് കർശനമായ മോഡറേഷനുകൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടെലിഗ്രാം ഉടൻ തന്നെ ഈ വോയ്സ് ചാറ്റ് ചാനൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ടെലിഗ്രാം ഗ്രൂപ്പ് ചാറ്റിനെ വലിയ സംഭാഷണങ്ങളെ പിന്തുണക്കാൻ അനുവദിക്കുന്നു എന്നാണ് റിപ്പോർട്ട്.

അതേസമയം, ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ക്ലബ്ഹൗസ് പോലുള്ള സവിശേഷതക്കായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ലബ്ഹൗസിന് സമാനമായ ആപ്ലിക്കേഷനിൽ വോയ്സ് അധിഷ്ഠിത ചർച്ചകളും സംവാദങ്ങളും ഹോസ്റ്റുചെയ്യാനുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം ഉടൻ അവതരിപ്പിക്കും. ഉപയോക്താക്കൾക്ക് ഓഡിയോ സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. ട്വിറ്ററിൽ വരാനിരിക്കുന്ന സവിശേഷതയുടെ സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഓപ്ഷനിൽ മുകളിൽ വലത് കോണിൽ സ്ഥാപിച്ചിരിക്കുന്ന മൈക്രോഫോൺ ഐക്കണിൽ ഉപയോക്താക്കൾ ടാപ്പുചെയ്താണ് ഓഡിയോ ഡ്രോപ്പിംഗ് ചെയ്യേണ്ടതെന്നാണ് സ്‌ക്രീൻഷോട്ടിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വിശദാംശങ്ങൾ താമസിയാതെ പുറത്തുവരും.

ക്ലബ്ഹൗസിന്
പകരം വെക്കാവുന്ന ഇന്ത്യൻ ആപ്പുകൾ

ക്ലബ്ഹൗസിന് പകരം വെക്കാവുന്ന ഇന്ത്യൻ ആപ്പാണ് ഫയർ സൈഡ്. പ്രശസ്ത ഹ്രസ്വവീഡിയോ ആപ്പായ ടിക് ടോക്കിന് ബദലായെത്തിയ ഇന്ത്യൻ ആപ്പ് ചിങ്കാരി നിർമിച്ച സംഘമാണ് ഫയർസൈഡിന്റെയും പിന്നിൽ. ക്ലബ്ഹൗസിന് സമാനമായാണ് ഫയർസൈഡ് പ്രവർത്തിക്കുന്നത്. ആക്ടീവ് ചാറ്റ് റൂംസ്, ഫൈൻഡ് കൊവിഡ് ഹെൽപ്പ് ആൻഡ് റിസോഴ്സ്, സെർച്ച് ഫോർ കമ്മ്യൂണിറ്റീസ് എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഫയർസൈഡ് ആപ്പിലുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഫയർസൈഡ് ഉപയോഗിക്കാം. ലെഹർ ആണ് മറ്റൊരു ആപ്പ്. ക്ലബ്ഹൗസിന് വളരെ മുന്പ് 2018 മുതൽ തന്നെ ലഭ്യമായ ഐ ഒ എസ് ആൻഡ്രോയിഡ് ആപ്പാണ് ലെഹർ. ലൈവ് ഡിസ്‌കഷൻ ക്ലബ്സ് ഓൺ ഓഡിയോ ആൻഡ് വീഡിയോ എന്നാണ് ആപ്പിനെ പറ്റിയുള്ള വിവരണം. കേൾക്കാൻ മാത്രമല്ല കണ്ടുകൊണ്ട് ചർച്ച നടത്താൻ ലെഹറിലൂടെ സാധിക്കും.