Connect with us

Articles

ഇസ്‌റാഈലിനെ കാത്തിരിക്കുന്നത് ആഭ്യന്തര സംഘർഷമോ?

Published

|

Last Updated

നെതന്യാഹു അധികാരഭ്രഷ്ടനാകുമ്പോൾ ഇസ്‌റാഈലിൽ എന്തൊക്കെ സംഭവിക്കും? യെഹൂദ് ഒൽമെർട്ട് “ജറൂസലം പോസ്റ്റി”ൽ എഴുതിയ ലേഖനത്തിൽ നടത്തുന്ന നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. പതിറ്റാണ്ടിലേറെ നീണ്ട അധികാര സ്ഥാനം നഷ്ടപ്പെടുന്നുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ നെതന്യാഹുവിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന നിരീക്ഷണം. ജനാധിപത്യ വ്യവസ്ഥയിലൂടെ കരഗതമായ അധികാരം സ്വേച്ഛാധിപത്യപരമായി ഉപയോഗിക്കുന്ന എല്ലാ ഭരണാധികാരികളുടെയും പ്രശ്‌നമാണ് അത്. തനിക്ക് അധികാരം തന്നത് ജനങ്ങളാണെന്നും ഇങ്ങനെയൊരു വ്യവസ്ഥയുള്ളത് കൊണ്ടാണ് താൻ നേതാവായതെന്നും അവർ അംഗീകരിക്കാൻ തയ്യാറാകില്ല. തന്ന അധികാരം തിരിച്ചെടുക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന സത്യം അവർ വകവെച്ച് കൊടുക്കുകയുമില്ല. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് തോറ്റപ്പോൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അദ്ദേഹം തള്ളിപ്പറഞ്ഞു. അണികളെ ഇളക്കിവിട്ട് ക്യാപിറ്റോൾ ഹിൽ കൈയേറി. യു എസിലാകെ അക്രമത്തിന് പദ്ധതിയിട്ടു. ഇന്ത്യയിൽ ബി ജെ പിക്ക് കേന്ദ്ര അധികാരം നഷ്ടപ്പെടുന്ന ദിനം വരുമ്പോഴും ഇതു തന്നെയാകും സംഭവിക്കുക. അധികാര നഷ്ടത്തിന്റെ സൂചന ലഭിച്ചു തുടങ്ങുമ്പോൾ തന്നെ അവർ ജനാധിപത്യ സ്ഥാപനങ്ങളെയൊന്നാകെ തകിടം മറിക്കുമെന്ന് സമീപകാല നീക്കങ്ങൾ വ്യക്തമാക്കുന്നുണ്ടല്ലോ.

തന്നെ പുറത്താക്കി അധികാരത്തിൽ വരുന്ന സഖ്യത്തിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്യുകയാണ് നെതന്യാഹു ചെയ്യുന്നത്. ഈ സഖ്യം രാജ്യദ്രോഹികളുടേതാണെന്നും അവർ ഇസ്‌റാഈലിന്റെ മഹത്വം കുഴിച്ചു മൂടുമെന്നും അദ്ദേഹം നിരന്തരം ആക്രോശിക്കുന്നു. മൂന്ന് മാസത്തിലേറെയായി നെതന്യാഹു തുടരുന്ന ഈ പ്രചണ്ഡ പ്രചാരണം മരണത്തിലേക്കുള്ള ക്ഷണപത്രമാണെന്ന് ഒൽമെർട്ട് നിരീക്ഷിക്കുന്നു. നെതന്യാഹുവിന്റെ ആജ്ഞാനുവർത്തിയായ സയണിസ്റ്റ് തീവ്രവാദി ഇറ്റ്മർ ഗവിറിന്റെ നേതൃത്വത്തിൽ ശൈഖ് ജറാഹിൽ ഫലസ്തീൻ കുടുംബങ്ങളെ ആക്രമിച്ചതും ജൂത ഭീകര സംഘമായ ലഹവ ഗ്രൂപ്പിനെ ഇളക്കിവിട്ട് അൽ അഖ്‌സയിൽ സംഘർഷം സൃഷ്ടിച്ചതും ഹമാസിന്റെ പ്രതിരോധം ക്ഷണിച്ചു വരുത്തിയതുമെല്ലാം തന്റെ അധികാര നഷ്ടം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. ഹമാസിനെ തകർക്കാനെന്ന പേരിൽ ഗസ്സയിൽ ഒരിക്കൽ കൂടി മനുഷ്യക്കുരുതി നടത്തിയിട്ടും അറബ് രാജ്യങ്ങളുമായി ചരിത്രത്തിലൊരിക്കലുമില്ലാത്ത സൗഹൃദം സ്ഥാപിച്ചിട്ടും രാജ്യത്തിനകത്തെ അറബ് വംശജർക്കെതിരെ നിരവധി നിയമനിർമാണങ്ങൾക്ക് നേതൃത്വം നൽകിയിട്ടും താൻ ദേശീയ ഹീറോ ആയിമാറിയില്ലെന്നത് നെതന്യാഹുവിനെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് തനിക്ക് ശേഷം മരണമെന്ന ഭീകര പദ്ധതി നടപ്പാക്കാൻ തന്നെയാണ് നെതന്യാഹു ഒരുമ്പെടുക. മുൻ പ്രധാനമന്ത്രി യിത്‌ഴാക്ക് റബീൻ കൊല്ലപ്പെട്ടതിനെ ഉദാഹരിച്ചാണ് നെതന്യാഹുവിന്റെ മരണ നിർമാണ ശേഷി ഒൽമെർട്ട് വിശദീകരിക്കുന്നത്. റബീനെ കൊന്നത് നെതന്യാഹുവല്ല. ആ കൊലയിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്ന് ഏജൻസികളൊന്നും കണ്ടെത്തിയിട്ടുമില്ല. എന്നാൽ നെതന്യാഹുവിന്റെ വാക്കുകൾ കൊലപാതകത്തിന് തീവ്രവാദികളെ ഒരുക്കിയെടുക്കുന്നതായിരുന്നു. റബീനെ അദ്ദേഹം രാജ്യദ്രോഹിയായി അവതരിപ്പിച്ചു. ഒറ്റുകാരനെന്ന് മുദ്രകുത്തി. നിരന്തരം വിദ്വേഷ പ്രചാരണം നടത്തി. നാസി കുപ്പായമിട്ട ഭീകരനായി റബീനെ വരച്ചുവെച്ചു നെതന്യാഹുവിന്റെ തീ നിറച്ച വാക്കുകൾ. ഒടുവിൽ റബീൻ കൊല്ലപ്പെട്ടപ്പോൾ നെതന്യാഹു വിലപിച്ചു: “എന്റെ വാക്കുകൾക്ക് അങ്ങനെയൊരു അർഥമുണ്ടായിരുന്നില്ല. തോക്കെടുത്ത് വിധി നടപ്പാക്കാൻ ഞാൻ പറഞ്ഞിട്ടില്ല” കാൽ നൂറ്റാണ്ടിനിപ്പുറം, വിശാല (വിചിത്ര)സഖ്യത്തിലെ നേതാക്കളും ഇതേ വിധിയിലേക്ക് തള്ളിവിടപ്പെട്ടേക്കാമെന്നാണ് യഹൂദ് ഒൽമെർട്ട് പറഞ്ഞു വെക്കുന്നത്. തന്നെ ഉൾക്കൊള്ളാത്ത സഖ്യം ദേശദ്രോഹികളുടെ കൂടാരവും അതിന്റെ നേതാക്കൾ ഇസ്‌റാഈൽവിരുദ്ധ ശക്തികളുടെ തോഴൻമാരുമാണെന്ന് നെതന്യാഹു ആക്രോശിക്കുമ്പോൾ ഏറ്റു വിളിക്കാൻ ആയിരങ്ങൾ തെരുവിലുണ്ട്. അവർ സയണിസ്റ്റ് തീവ്രവാദികളാണ്. ഒരുതരം ഉൻമാദം പിടിപെട്ടവർ. എന്തും ചെയ്യാൻ മടിക്കാത്തവർ. ഇസ്‌റാഈൽ ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്.
സത്യത്തിൽ നെതന്യാഹു കടന്നാക്രമിക്കുന്ന പുതിയ സഖ്യം അദ്ദേഹത്തിന്റെ തുടർച്ച തന്നെയാണ്. ഈ സഖ്യത്തെ വിശേഷിപ്പിക്കാൻ ഏറ്റവും നല്ല പ്രയോഗം അൽ ജസീറയിൽ മർവൻ ബിശാറ എഴുതിയതാണ്: “നെതന്യാഹുവിന്റെ നെതന്യാഹുമാർ”. യെഷ് ആറ്റിഡ് പാർട്ടി മേധാവിയും പ്രതിപക്ഷ നേതാവുമായ യെയിർ ലാപിഡ് ആണ് എട്ട് പാർട്ടികളുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാമിന പാർട്ടിയുടെ അധ്യക്ഷനും കടുത്ത മുസ്‌ലിംവിരുദ്ധനുമായ നഫ്താലി ബെന്നറ്റും ലാപിഡും രണ്ട് വർഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് തീരുമാനം. ആദ്യ ഊഴം ബെന്നറ്റിനായിരിക്കും. ഫലസ്തീൻ വിഷയത്തിൽ അടക്കം സർവ നിലപാടുകളിലും നെതന്യാഹുവിന്റെ നേർപതിപ്പാണ് ബെന്നറ്റ്. ഇദ്ദേഹം നേരത്തേ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിച്ചയാളുമാണ്. രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യെയിർ ലാപിഡ് നെതന്യാഹു മന്ത്രിസഭയിൽ നേരത്തേ അംഗമായിരുന്നു. ധനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന അവിഗ്‌ദോർ ലീബർമാനും നെതന്യാഹുവിന്റെ വലംകൈയായിരുന്നു. ഇസ്‌റാഈൽ അതിർത്തി വ്യാപനം പൂർത്തിയായില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവരെല്ലാം. ഇവരെ ദേശദ്രോഹികളെന്നും ചാരൻമാരെന്നും ഒറ്റുകാരെന്നും വിളിക്കുമ്പോൾ നെതന്യാഹു തന്നെത്തന്നെയാണ് ആക്ഷേപിക്കുന്നത്. ഫലസ്തീൻ വിഷയത്തിലടക്കം നയപരമായ ഒരു നിലപാടിലും നെതന്യാഹുവും നിയുക്ത ഭരണാധികാരികളും തമ്മിൽ ഒരു ഭിന്നതയുമില്ല. അധികാര നഷ്ടം മാത്രമാണ് പ്രശ്‌നം. ഇത്തരമൊരു സഖ്യത്തിൽ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടി അംഗമാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. നാല് അംഗങ്ങളുള്ള അറബ് ലിസ്റ്റ് ഭരണത്തിൽ പങ്കാളിയാകുന്നത് ഇസ്‌റാഈലിനകത്തുള്ള അറബികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് അബ്ബാസിന്റെ അവകാശവാദം. എന്നാൽ ഫലസ്തീൻ ആക്ടിവിസ്റ്റുകളും നേതാക്കളും മണ്ടത്തരം എന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. മൻസൂർ അബ്ബാസിനെ ചീത്ത വിളിക്കുന്നതിൽ അർഥമില്ല. ഒരു മാറ്റത്തിനും സാധിച്ചില്ലെങ്കിലും ഭരണത്തിൽ ഒരു അറബ് കക്ഷി ഉണ്ടാകുന്നുവെന്നത് പോസിറ്റീവായി കാണാവുന്നതാണ്.

വിചിത്രമായ സഖ്യമാണ് ഇസ്‌റാഈൽ ഭരിക്കാൻ പോകുന്നത്. ആ സഖ്യത്തിൽ തീവ്ര വലതുപക്ഷക്കാരുണ്ട്. മധ്യ വലതൻമാരുണ്ട്. അറബ് പാർട്ടിയുണ്ട്. പേരിനെങ്കിലും ഇടത് സാന്നിധ്യവുമുണ്ട്. എണ്ണം തികക്കാനുള്ള പരക്കം പാച്ചിലിനിടെ നെതന്യാഹു പല ഘട്ടങ്ങളിൽ ഈ പാർട്ടികളെയെല്ലാം സമീപിച്ചതാണ്. ആരും വഴങ്ങിയില്ല. അന്ന് ഇവരാരും “രാജ്യദ്രോഹി”കളായിരുന്നില്ല. അദ്ദേഹം ഇന്ന് ഏറ്റവും ക്രൂരമായി ആകഷേപിക്കുന്ന അറബ് ലിസ്റ്റിന്റെ പിറകേയും പോയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകൾ നടന്നിട്ടും നെതന്യാഹുവിന് നില മെച്ചപ്പെടുത്താൻ സാധിക്കാതിരുന്നതിനും സഖ്യ കക്ഷികളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനും ഒരു കാരണമേ ഉള്ളൂ. അഴിമതി.

പ്രമുഖ കമ്പനികൾക്ക് വേണ്ടി നിയമം മാറ്റിയെഴുതാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടും മൂന്ന് കേസുകളിലാണ് അദ്ദേഹം നിയമനടപടി നേരിടുന്നത്. ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കാവൽ പ്രധാനമന്ത്രിയായിരിക്കെ തന്നെ ശ്രമം നടത്തിയയാളാണ് നെതന്യാഹു. തിരിച്ചുവന്നിരുന്നെങ്കിൽ ഇമ്മ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. ഈ സാധ്യത അടക്കാനാണ് ബെന്നറ്റ്- ലാപിഡ് സഖ്യം ശ്രമിച്ചത്. ആ നേർത്ത ബിന്ദുവിൽ മാത്രമാണ് പുതിയ സഖ്യം കൈയടി അർഹിക്കുന്നത്. അതിലപ്പുറം അടിസ്ഥാന സ്വഭാവത്തിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ആര് ഭരിച്ചാലും താക്കോൽ സ്ഥാനങ്ങളിൽ തീവ്ര സയണിസ്റ്റുകൾ ഉണ്ടാകുമെന്ന നിലയിലേക്ക് ഇസ്‌റാഈൽ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ നെതന്യാഹുവിന്റെ പിന്തുണയോടെ ഇസ്‌റാഈലിൽ നടന്നുകൊണ്ടിരിക്കുന്ന അതിവൈകാരിക റാലികൾക്ക് മറ്റൊരു തലം കൂടിയുണ്ട്. പുതിയ ഭരണസഖ്യം ഫലസ്തീൻ ജനതക്ക് വേണ്ടിയോ രാജ്യത്തിനകത്തെ അറബ് സമൂഹത്തിന് വേണ്ടിയോ ചെറു ചുവടെങ്കിലും വെച്ചാൽ നാട് കത്തിച്ചാമ്പലാക്കുമെന്ന കൃത്യമായ സന്ദേശം ഈ നെതന്യാഹു അനുകൂല മുദ്രാവാക്യത്തിലടങ്ങിയിരിക്കുന്നു. 1995ൽ റബീനെ വധിച്ചത് അദ്ദേഹം ഓസ്‌ലോ കരാറിനായി നിലകൊണ്ടതിനാലായിരുന്നു. 1967ന് മുമ്പത്തെ അതിർത്തിയിലേക്ക് ഇസ്‌റാഈൽ പിൻവാങ്ങണമെന്നായിരുന്നുവല്ലോ ആ കരാറിലെ പ്രധാന വ്യവസ്ഥ. ഫലസ്തീൻ മണ്ണ് പൂർണമായി സ്വന്തമാക്കുകയെന്നത് ദൈവ ഹിതമാണെന്നും അത് നടപ്പാക്കാൻ കൂട്ടാക്കാത്ത റബീൻ പിശാചാണെന്നും തീവ്രവാദികൾ അന്ന് വിളിച്ചു പറഞ്ഞു. പിശാചിനെ ഇല്ലാതാക്കുന്നത് പുണ്യ കർമമാണല്ലോ. ദൈവം- പിശാച് വാദം ഇന്നും ഉയരുകയാണ്. ഇസ്‌റാഈലിലെ മനുഷ്യരെ ദൈവം രക്ഷിക്കട്ടേ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest