Articles
മൂല്യവിദ്യാഭ്യാസ രംഗത്തെ പുതുവിപ്ലവം

മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നത് അവന്റെ സംസ്‌കാരമാണ്. മൂല്യവിദ്യാഭ്യാസത്തിലൂടെയാണ് സംസ്‌കാരം ലഭിക്കുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ മൂല്യസംവേദനം ഉള്‍ക്കൊള്ളാത്ത ഒരു പാഠ്യപദ്ധതിയും ലോകത്തില്ല. മൂല്യ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതിനാല്‍ മുസ്‌ലിം സമൂഹം പ്രത്യേക മൂല്യവിദ്യാഭ്യാസ സമ്പ്രദായം പിന്തുടര്‍ന്നു പോരുന്നു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
ഇന്ത്യയില്‍ മൂല്യ വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യമാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ മൂല്യവിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ബോര്‍ഡിനു കീഴിലുണ്ട്. തിബ്‌യാന്‍ പ്രീ സ്‌കൂള്‍, മദ്‌റസ, ജാമിഅത്തുല്‍ ഹിന്ദ് എന്നീ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസ ശൃംഖലയെ ഏകോപിപ്പിച്ച് ഇതിലൂടെ ഏറ്റവും നല്ല പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും പ്രാഥമിക വിദ്യാഭ്യാസവും യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസവും ലഭ്യമാക്കാന്‍ ബോര്‍ഡിനു കഴിഞ്ഞു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് സമസ്തയിലെ പുനഃസംഘടനയോടെയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നത്. പ്രാഥമിക മത വിദ്യാഭ്യാസ രംഗത്ത് ബോര്‍ഡ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അന്താരാഷ്ട്ര രംഗത്ത് നിലവിലുള്ള ഖത്തുന്നസ്ഖ് നടപ്പാക്കി. നഴ്‌സറി തലം മുതല്‍ കേരളീയ സാഹചര്യത്തിനനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ രചിച്ചു. ലളിതമായ അറബി ഭാഷയിലുള്ള പുതിയ പുസ്തകങ്ങള്‍ നടപ്പാക്കി. മൂല്യ നിര്‍ണയ രീതി ഉടച്ചുവാര്‍ത്തു. അധ്യാപക ട്രെയിനിംഗിലും മോണിറ്ററിംഗിലും ശാസ്ത്രീയ രീതികള്‍ നടപ്പാക്കി. ശാസ്ത്രീയമായ പ്രീസ്‌കൂള്‍ സംവിധാനം എന്ന നിലയില്‍ തിബ്‌യാനും, മത-ഭൗതിക സമന്വയ വിദ്യാഭ്യാസം ഫലപ്രദമായി നല്‍കുന്നതിന് ചുക്കാന്‍ പിടിക്കുന്ന ജാമിഅത്തുല്‍ ഹിന്ദും വന്നതോടെ ബോര്‍ഡ് വിദ്യാഭ്യാസ മേഖലയില്‍ വലിയ ശക്തിയായിത്തീര്‍ന്നു.
അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ലോക ഭാഷകളിലും മിക്ക ഇന്ത്യന്‍ ഭാഷകളിലും ബോര്‍ഡ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യക്കാര്‍ക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളും ബോര്‍ഡിന്റെ സിലബസ് പിന്തുടരുന്നുണ്ട്.
പരിഷ്‌കരിച്ച പുസ്തകങ്ങള്‍
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പുസ്തകങ്ങളാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിട്ടുള്ളത്. എല്ലാ പുസ്തകങ്ങള്‍ക്കും രണ്ട് ഭാഗങ്ങള്‍ വീതമുണ്ട്. കുട്ടികള്‍ക്ക് അഭ്യാസങ്ങള്‍ ചെയ്യാനുള്ള സ്‌പെയ്‌സും പുസ്തകത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പാഠപുസ്തകം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമാകുകയും പുസ്തക ഭാരം കുറയുകയും ചെയ്യും എന്നതാണ് ഇതിന്റെ മെച്ചം.
ഒന്നാം ക്ലാസിലെ തഫ്ഹീമുല്‍ ഖിറാഅ അക്ഷര-ഭാഷാ പഠനത്തിനും ഖുര്‍ആന്‍ പാരായണ പരിശീലനത്തിനും അറബി മലയാളത്തിന്റെ പ്രാഥമിക പഠനത്തിനും സൗകര്യം ലഭിക്കും വിധം സമഗ്രമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഖുര്‍ആന്‍ പഠനത്തിന് ഇത് വലിയ ഉത്തേജനം നല്‍കും.
രണ്ട് മുതല്‍ അഞ്ച് വരെ തജ് വീദുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ പുതിയ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ പഠിക്കേണ്ട മുഴുവന്‍ ഭാഗങ്ങളും തജ്്വീദുല്‍ ഖുര്‍ആനില്‍ തന്നെ ഉള്ളതിനാല്‍ മുസ്ഹഫ് വേറെ ആവശ്യമില്ല.
3,4,5 ക്ലാസുകളില്‍ തജ്്വീദുല്‍ ഖുര്‍ആനിനൊപ്പം മുസ്ഹഫും ആവശ്യമാണ്. എന്നാല്‍ നിയമം മനസ്സിലാക്കാനും പാരായണ പരിശീലനത്തിനും ആവശ്യമായ ആയത്തുകളും മറ്റും വേണ്ടത്ര അഭ്യാസത്തില്‍ നല്‍കിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ തജ് വീദുല്‍ ഖുര്‍ആനിനു പുറമെ ദുറൂസുല്‍ ഇസ്‌ലാം എന്ന ഒരു പുസ്തകം കൂടിയുണ്ട്. ഫിഖ്ഹ്, അഖീദ, അഖ്‌ലാഖ്, താരീഖ് എന്നീ വിഷയങ്ങള്‍ വിഷയ വിഭജനമില്ലാതെ ഇതില്‍ നല്‍കിയിരിക്കുന്നു. മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ തജ്്വീദുല്‍ ഖുര്‍ആനിനു പുറമെ അഹ്കാമു ഇസ്‌ലാം, ദുറൂസുല്‍ ഇസ്‌ലാം എന്നീ പുസ്തകങ്ങള്‍ കൂടിയുണ്ട്. അഹ്കാമുല്‍ ഇസ്‌ലാമില്‍ കര്‍മശാസ്ത്ര വിഷയങ്ങളാണുള്ളത്. ദുറൂസുല്‍ ഇസ്‌ലാമില്‍ വിഷയ വിഭജനമില്ലാതെ അഖീദ, അഖ്‌ലാഖ്, താരീഖ്, അറബി ഭാഷാ പഠനം എന്നിവ ഇടകലര്‍ത്തി നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തിച്ചു പഠിക്കുക, ജീവിതത്തിലൂടെ പഠിക്കുക എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അറബി ഭാഷാ പഠനം മതപഠനത്തിന് അവിഭാജ്യ ഘടകമാണ്. സ്വാഭാവികമായി ഭാഷ പഠിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പുതിയ പരിഷ്‌കരണത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ ഹദീസ്, ചരിത്രം, കഥ, കവിത എന്നിവയിലൂടെ ഭാഷ അവതരിപ്പിക്കുകയും അഭ്യാസങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.
കിതാബുല്‍ മുഅല്ലിം
പുസ്തകത്തിന്റെ അര്‍ഥവും വ്യാപ്തിയും ശരിയായി ഉള്‍ക്കൊള്ളുകയും പഠന-പാഠന പ്രവര്‍ത്തനങ്ങളിലൂടെ അത് പ്രകാശിപ്പിക്കാന്‍ അധ്യാപകന്‍ പ്രാപ്തനാകുകയും ചെയ്താല്‍ മാത്രമേ ഏത് മികച്ച പാഠപുസ്തകവും വിജയിക്കൂ. നല്ല അധ്യാപക സഹായിയുടെ പ്രസക്തി ഇവിടെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ക്ലാസുകളിലേക്കും കിതാബുല്‍ മുഅല്ലിം തയ്യാറാക്കിയിട്ടുള്ളത്. അധ്യാപകര്‍ക്ക് ആവശ്യമുള്ള വിശദീകരണങ്ങള്‍, അവലംബങ്ങള്‍, പഠന പാഠന തന്ത്രങ്ങള്‍, പാഠാസൂത്രണം, മാതൃകകള്‍, വാര്‍ഷികാസൂത്രണം, അധ്യാപനങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവയെല്ലാം കിതാബുല്‍ മുഅല്ലിമിലുണ്ട്.
നമ്മുടെ പ്രാഥമിക മത പാഠശാലകളില്‍ മികച്ച പഠനം നടക്കാനാവശ്യമായ കാര്യങ്ങളെല്ലാം സമന്വയിപ്പിച്ച പരിഷ്‌കരണമാണ് വിദ്യാഭ്യാസ ബോര്‍ഡ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ശരിയായ അര്‍ഥത്തില്‍ ഇത് പ്രാവര്‍ത്തികമായാല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.