Connect with us

Kottayam

ലോക്ക്ഡൗൺ; ബസുകൾ നിരത്തൊഴിഞ്ഞിട്ട് ഒരു മാസം

Published

|

Last Updated

കോട്ടയം | കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ബസുകൾ നിരത്തൊഴിഞ്ഞിട്ട് ഒരു മാസം. രണ്ട് ലോക്ക്ഡൗണിലുമായി ബസുകൾ കട്ടപ്പുറത്തായതോടെ വൻ നഷ്ടത്തിലാണ് ഉടമകൾ. കൊവിഡ് ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ പിൻവലിച്ച് ബസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ കുറവ് മൂലം നഷ്ടത്തിലായിരുന്നു സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല. ഇതിനുപിന്നാലെയുണ്ടായ കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും സർവീസ് പൂർണമായും നിലച്ചതോടെ നിലംപതിച്ചിരിക്കുകയാണ് വ്യവസായം.

നികുതി ഉൾപ്പെടെ സകല തിരിച്ചടവുകളും അവതാളത്തിലായെന്ന് ഉടമകൾ പറയുന്നു. പലരും ഫിനാൻസ് കമ്പനി വായ്പയിലാണ് ബസ് വാങ്ങിയത്. സർവീസ് നിലച്ചിട്ടും ബേങ്കുകളിൽ നിന്നും ഫിനാൻസുകളിൽ നിന്നും ലോൺ അടക്കുന്നതിനുള്ള നിർദേശങ്ങളും ഫോൺ സന്ദേശങ്ങളും എത്തുന്നുണ്ട്. സർവീസ് മുടങ്ങിയിരിക്കുകയാണെങ്കിലും എല്ലാ മാസവും ലോൺ അടക്കാതിരിക്കാൻ കഴിയില്ല. അരലക്ഷം രൂപ വരെ ബേങ്ക് സി സി അടക്കണം. 30,000 രൂപയോളം വരും ഇൻഷ്വറൻസ് തുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തെ റോഡ് നികുതി പല ഉടമകളും അടച്ചിട്ടുമില്ല. പുതിയ സർക്കാർ ഇതിന് ഇളവ് നൽകുന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാവും ബസുടമകൾ നീങ്ങുക.

ഈ പ്രതിസന്ധികൾക്കെല്ലാം പിറകെ, ഡീസലിന് 90 രൂപ കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം എങ്ങനെ സർവീസ് നടത്തുമെന്ന ചോദ്യവും ഉടമകൾ ഉയർത്തുന്നു.