Connect with us

Religion

പാപമോചനത്തിന്റെ പകലിരവുകൾ

Published

|

Last Updated

അതിരുകളില്ലാത്ത അനവധി അനുഗ്രഹങ്ങളുടെ കലവറയായ പുണ്യ റമസാനിലെ രണ്ടാം ദശകത്തിന്റെ പകലിരവുകളിൽ വിശ്വാസിയുടെ അധരങ്ങൾ പാപമോചന മന്ത്രങ്ങളാൽ മുഖരിതമാകണം. റമസാന്‍ രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെതാണെന്ന് (മഗ്ഫിറത്ത്) പ്രവാചകൻ(സ) പഠിപ്പിച്ചിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ അടിസ്ഥന ലക്ഷ്യവും പാപമോചനമാണ്. കാരണം, പാപപങ്കിലമായ ഹൃദയത്തിൽ സംസ്കരണം സാധ്യമല്ല. സംസ്കരണത്തിലൂടെ ഹൃദയശുദ്ധി(തഖ്‌വ) നേടിയവർക്കാണ് സ്വർഗപ്രവേശം. അല്ലാഹു പറയുന്നു: “നിശ്ചയം ഹൃദയത്തെ ശുദ്ധീകരിച്ചവന്‍ വിജയിച്ചിരിക്കുന്നു, അതിനെ മലിനമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. (സൂറതുശ്ശംസ്: 9, 10)
റമസാൻ പാപമോചനത്തിനുള്ള അനന്തമായ അവസരങ്ങളാണ് തുറന്നു നൽകുന്നത്.

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: “ആരെങ്കിലും റമസാന്‍ മാസത്തില്‍ ഈമാനോടുകൂടിയും പ്രതിഫലമാഗ്രഹിച്ചും നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും” (ബുഖാരി).
സ്രഷ്ടാവിന് ഏറെ ഇഷ്ടമുള്ള കര്‍മങ്ങളിലൊന്നാണ് സൃഷ്ടികളുടെ പാപമോചന തേട്ടം. പ്രപഞ്ചത്തിലെ ഉൽകൃഷ്ട ജീവിയായ മനുഷ്യന് സുകൃതങ്ങളിലൂടെ മാലാഖമാരോളം ഉയരാനും വിവേചനബുദ്ധിയില്ലാത്ത പ്രവൃത്തികൾ മുഖേന മൃഗങ്ങളേക്കാൾ അധഃപതിക്കാനും കഴിയും. തിന്മയിലേക്ക് വഴുതി വീഴുകയെന്നത് മനുഷ്യപ്രകൃതമാണ്. അറിഞ്ഞും അറിയാതെയും അനവധി അബദ്ധങ്ങളിൽ ആപതിക്കുന്നതിനുള്ള പിശാചിന്റെ കെണിവലകളാണ് മനുഷ്യന് ചുറ്റുമുള്ളത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം ലഭിച്ചവർക്കേ പാപമുക്ത ജീവിതം നയിക്കാനാകൂ. അനസ്(റ) വിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ആദം സന്തതികൾ തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരും” (തിര്‍മിദി).

മാതാപിതാക്കൾ സന്താനങ്ങളോട് കാണിക്കുന്നതിനേക്കാൾ പതിന്മടങ്ങ് വാത്സല്യമാണ് ഉടമയായ അല്ലാഹുവിന് അടിമകളോടുള്ളത്. എത്ര വലിയ തെറ്റുകൾ ചെയ്തവരാണെങ്കിലും നിരാശപ്പെടാതെ അവന്റെ കാരുണ്യത്തെ സമീപിക്കണമെന്നതാണ് അവന്റെ ആഗ്രഹം. ഖുർആൻ പറയുന്നു: “പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാണ് ഏറെ പൊറുക്കുന്നവനും കരുണാനിധിയും”. (അസ്സുമർ: 53).
ചെയ്ത പാപങ്ങൾ പർവതസമാനമാണെങ്കിലും അല്ലാഹുവിനോട് കേണപേക്ഷിക്കുന്ന പക്ഷം എല്ലാം അവൻ പൊറുക്കുക തന്നെ ചെയ്യും. ഭൂമി നിറയേ പാപങ്ങൾ ചെയ്ത് അവനെ സമീപിച്ചാലും അതൊന്നും ഗൗരവമായെടുക്കാതെ ഭൂമി നിറയേ പാപമോചനവുമായി അവൻ അടിമയെ സമീപിക്കും. അകാരണമായി നൂറ് പേരെ കൊല നടത്തിയ മനുഷ്യനും തൗബയുടെ വാതിൽ തുറക്കപ്പെട്ടിട്ടുണ്ട്.

ജീവിതത്തിലുടനീളം ശീലമാക്കേണ്ട പ്രധാന ആരാധനയാണ് പാപമോചനത്തേട്ടം. ആരാധനാ കര്‍മങ്ങളുടെ തൊട്ടുടനെ പാപമോചന മന്ത്രം ഉരുവിടണമെന്ന് ഖുർആനും ഹദീസും സാക്ഷ്യപ്പെടുത്തുന്നു. ഉടമയുമായുള്ള സമ്പൂർണ അഭിസംബോധനയായ നിസ്‌കാര ശേഷം മൂന്ന് തവണ ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയാൻ നബി(സ) കൽപ്പിച്ചിട്ടുണ്ട്. (മുസ്്ലിം). വിശ്വാസികളുടെ അടയാളങ്ങളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയതിൽ രാത്രിയുടെ യാമങ്ങളിലുള്ള പാപമോചനത്തെ നിരവധി സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. “ക്ഷമാലുക്കളും സത്യവാന്മാരും ഭക്തന്മാരും ചെലവഴിക്കുന്നവരും നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരുമാണവർ (ആലു ഇംറാന്‍: 17)
ഹജ്ജ് കര്‍മങ്ങൾക്കൊടുവിലും പാപമോചനം വേണമെന്ന് അല്ലാഹു പറയുന്നു: “പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെനിന്നാണോ, അവിടെനിന്നുതന്നെ നിങ്ങളും മടങ്ങുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുവിന്‍.” (അല്‍ബഖറ: 199). സദസ്സുകൾ പിരിയലും ഖുർആൻ പാരായണം അവസാനിപ്പിക്കലും പാപമോചനത്തോടെയാവൽ തിരുനബി(സ)യുടെ ചര്യയാണ്. ഒരു സദസ്സില്‍ നിന്നും എഴുന്നേല്‍ക്കാന്‍ നബി(സ) ഉദ്ദേശിച്ചാല്‍ ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അന്‍ലാഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക’ എന്ന് ചൊല്ലാറുണ്ടായിരുന്നു. (അബൂദാവൂദ്)
പാപമോചന തേട്ടങ്ങൾക്ക് തിരുവാക്യങ്ങളിൽ വന്ന നിരവധി വചനങ്ങളുണ്ട്. യഥാർഥത്തിൽ പാപമോചനത്തിന് ഭാഷകൾക്കും വചനങ്ങൾക്കുമപ്പുറം ഹൃദയത്തിന്റെ നൊമ്പരമാണ് വേണ്ടത്. എങ്കിലും അസ്തഗ്ഫിറുല്ലാ അല്‍ അളീം (ഉന്നതനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനമഥിക്കുന്നു), അല്ലാഹുമ്മഗ്ഫിർലീ ദുനൂ ബീ യാറബ്ബൽ ആലമീൻ” (ലോകരക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ) തുടങ്ങിയ പ്രയോഗങ്ങൾ പ്രവാചകര്‍ പഠിപ്പിച്ച പ്രാർഥനകളില്‍ വളരെ പ്രധാനപ്പെട്ടതാണ്.

ആരാധനാകര്‍മങ്ങള്‍ പാപം പൊറുക്കുന്നതിനുള്ള കാരണങ്ങളാണ്. സത്കർമങ്ങളും സ്വദഖകളും പാപങ്ങളെ മായ്ച്ചുകളയും. ജനങ്ങളോട് വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറുന്നവന് പാപമോചനം ലഭിക്കും. മാതാപിതാക്കളെ പരിചരിക്കല്‍, മൃഗങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കല്‍ തുടങ്ങിയവ പാപമോചനത്തിന്റെ വഴികളാണെന്ന് പ്രവാചകന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
പാപമോചന പ്രാർഥന പതിവാക്കുന്നവർക്ക് എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷയും മനഃപ്രയാസങ്ങളിൽ നിന്ന് ആശ്വാസവും ചിന്തിക്കാത്ത മാർഗങ്ങളിലൂടെയുള്ള ജീവിതോപാധിയും ലഭിക്കും. കൂടാതെ നരകമുക്തി, മഴലഭ്യത, സാമ്പത്തിക നേട്ടം, സന്താനലബ്ധി, ആരോഗ്യസുരക്ഷ, പരീക്ഷണത്തില്‍ നിന്ന് കാവല്‍, അല്ലാഹുവിന്റെ പൊരുത്തം തുടങ്ങിയവയെല്ലാം ഇസ്തിഗ്ഫാറിലൂടെ ലഭിക്കും. ഇബ്നുഅബ്ബാസില്‍ (റ) നിന്ന്‌ നിവേദനം: നബി (സ)പറഞ്ഞു: “വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖങ്ങളില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന്‌ ആഹാരം നല്‍കുന്നതുമാകുന്നു”. (അബൂദാവൂദ്)
പാപപങ്കിലമായ ഹൃദയം ശുദ്ധിയാകണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ അതിന് മൂന്ന് നിബന്ധനകളാണുള്ളത്. ഒന്ന്, ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാകൽ. തെറ്റില്‍ മുഴുകിക്കൊണ്ടിരിക്കുമ്പോഴുള്ള പശ്ചാത്താപത്തിനു പ്രസക്തിയില്ല. പാപത്തില്‍നിന്ന് വിരമിക്കാതെ തൗബയുടെ വചനങ്ങള്‍ ഉരുവിടുന്നവന്‍, പശ്ചാത്തപിക്കുന്നു എന്നു പറയുന്നവന്‍ സ്രഷ്ടാവിനെ പരിഹസിക്കുകയാണ് ചെയ്യുന്നത്.
രണ്ട്, ചെയ്തുപോയ തെറ്റിന്റെ പേരിലുള്ള ഖേദം (തൗബ). ജനങ്ങളുടെ സ്തുതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനം തൗബയായി പരിഗണിക്കപ്പെടുകയില്ല. തൗബയെക്കുറിച്ച് നബി (സ) പറഞ്ഞതു തന്നെ ഖേദമെന്നാണ്. തന്നില്‍നിന്ന് അരുതായ്മകൾ സംഭവിച്ചുപോയല്ലോ എന്നുള്ള നീറ്റല്‍ തന്നെയാണ് പശ്ചാത്താപമെന്ന് ചുരുക്കം.

മൂന്ന്, തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കൽ. അതോടൊപ്പം സൃഷ്ടികളോട് പൊറുക്കാനും പൊറുപ്പിക്കാനുമുള്ള സന്‍മനസ്സ് കൂടി വേണം. അവർക്കുള്ള ബാധ്യതകൾ കൂടി പൂർത്തിയാക്കണം. എങ്കിലേ പശ്ചാത്താപ പ്രാര്‍ഥനയുടെ നിബന്ധനകള്‍ പൂര്‍ണമാകുകയുള്ളൂ.
പാപമോചനത്തിനുള്ള സുവർണാവസരമാണ് റമസാന്‍. റമസാന്‍ സമാഗതമായിട്ടും പാപം പൊറുപ്പിക്കാത്തവനെ അല്ലാഹു അവന്റെ റഹ്്മത്തിനെ തൊട്ട് വിദൂരത്താക്കട്ടെ എന്ന ജിബ്‌രീലി(അ)ന്റെ പ്രാർഥനയും തിരുനബി(സ)യുടെ ആമീനും നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. റമസാന്‍ കഴിഞ്ഞിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ എന്ന് മറ്റൊരു ഹദീസിലുണ്ട്. പ്രപഞ്ചനാഥൻ നമ്മെ പാപമോചിതരിൽ ഉർപ്പെടുത്തി അനുഗ്രഹിക്കട്ടെ!

Latest