Connect with us

Articles

വൈജ്ഞാനിക വിപ്ലവത്തിന്റെ നേർസാക്ഷ്യം

Published

|

Last Updated

പണ്ഡിതൻമാരും അനുയായികളും ഇന്ത്യയിലുടനീളം ദീനീ രംഗത്ത് എമ്പാടും പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും വേണ്ടത് ചെയ്തിട്ടുണ്ട്. പക്ഷേ നിർമാണ പ്രവർത്തനങ്ങൾക്ക് നിറം നൽകാനോ പുതിയ മുന്നേറ്റങ്ങൾക്ക് രൂപം നൽകാനോ സാധിക്കാത്ത വിധം വൈദേശിക ശക്തികളെ പ്രതിരോധിക്കാൻ മുഴുസമയവും ഒരു നൂറ്റാണ്ട് മുമ്പ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിരോധം വിജയിച്ചു. ഇതര മത വിഭാഗങ്ങൾക്ക് ഒപ്പം അല്ലെങ്കിൽ അവരെക്കാൾ മുന്നിൽ മുസ്്ലിം പണ്ഡിതൻമാർ പടിഞ്ഞാറൻ കോളനികൾക്കെതിരെ ഗർജിച്ചു. സമരം ചെയ്തു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.

മതങ്ങൾക്കിടയിൽ സാമ്രാജ്യത്വശക്തികൾ ഉണ്ടാക്കിയ വിഭജനത്തിന്റെ സ്വാധീനം സ്വാതന്ത്ര്യത്തിന് ശേഷവും നിലനിന്നു. മതസൗഹാർദം പുനഃസ്ഥാപിക്കാൻ ഇന്ത്യയിലെ മുസ്്ലിംകൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള മുസ്്ലിം നേതാക്കൾ നന്നായി ഉത്സാഹിച്ചു. സമസ്തയുടെ ഉലമാക്കൾ നേതൃത്വം നൽകാൻ സജീവമായി രംഗത്തുണ്ടായിരുന്നു.

പക്ഷേ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇസ്്ലാം വിഭാവനം ചെയ്യുന്ന വിശാലവും സമഗ്രവുമായ ആശയങ്ങൾക്ക് ഇന്ത്യയുടെ മതേതരത്വ നിലപാടുകൾക്ക് അനുസരിച്ചു നടപ്പാക്കാൻ ഒരു മർകസ് ഇവിടെ ആവശ്യമുണ്ടായിരുന്നു . ആ പരിമിതി പരിഹരിക്കാൻ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദും മർഹൂം ഇ കെ ഹസൻ മുസ്്ലിയാരും മർഹൂം അവേലത്ത് അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങളും സ്വപനം കണ്ട പത്തിന പദ്ധതികൾ ഉൾക്കൊള്ളുന്ന മർകസ് 1978 ഏപ്രിൽ 18ന് കാരന്തൂരിൽ ശിലയിട്ടു.

പരിശുദ്ധ മക്കയിൽ നിന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനിയിൽ തന്റെ ഗുരുവായ ശൈഖ് ഇബ്‌നു ഹജറുൽ ഹൈതമിയെ കൊണ്ടുവന്ന് ആരംഭിച്ച പള്ളി ദർസുകൾ പിന്നീട് ക്ലിക്കായത് പ്രശസ്തമാണല്ലോ. അതിന്റെ രണ്ടാം ഘട്ടമാണ് എസ് വൈ എസ് ജനറൽ സെക്രട്ടറിയായിരുന്ന കാന്തപുരം ഉസ്താദിൽ നിന്ന് മുസ്്ലിം കേരളം കണ്ടത്. പരിശുദ്ധ മസ്ജിദുൽ ഹറാമിലെ മുദർരിസും ലോകപ്രശസ്ത പണ്ഡിതനുമായ സയ്യിദ് അലവി അൽ മാലികി അവർകളെ കേരളത്തിലേക്ക് ക്ഷണിച്ചു. ആ പരിശുദ്ധ കരങ്ങൾ കൊണ്ട് സുന്നി സാംസ്‌കാരിക കേന്ദത്തിന് തുടക്കം കുറിച്ചതോടെ മുസ്്ലിം നവോത്ഥാനത്തിന്റെ പുതിയൊരു യുഗം പിറക്കുകയായിരുന്നു.

ഇസ്്ലാം വിഭാവനം ചെയ്യുന്ന യഥാർഥ നിലപാടുകൾ പരമ്പരാഗതമായി നമുക്ക് ലഭിച്ച സുന്നി മാർഗം തന്നെയാണെന്നും ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം ചെയ്ത് വക്രീകരിക്കുന്ന പുതിയ ആശയക്കാർ സത്യ വഴിയിൽ നിന്ന് തെറ്റിയവർ ആണെന്നും മർകസ് കരുതുന്നു. അത്തരക്കാരെ സത്യവഴിയിലേക്ക് കൊണ്ടുവരാൻ ദീനീ വിദ്യാഭ്യാസം ലളിതമായ രൂപത്തിൽ ജനങ്ങളിൽ എത്തണം, എത്തിക്കണം. ഖുർആൻ പഠനം ഭൗതിക പഠനത്തോടൊപ്പം സുഗമമായി സാധ്യമാകണം. ഒരു കുടക്കീഴിൽ ദീനും ദുനിയാവും മനസ്സിലാക്കണം. തൊഴിൽ പഠിക്കാനും എല്ലാ മതവിഭാഗങ്ങൾക്കും സൗഹൃദത്തോടെ പഠിക്കാനും ഭാവി മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസ രീതി വരണം. വൃത്തിയുള്ള സ്‌കൂൾ കെട്ടിടങ്ങൾ ഉണ്ടാകണം. സ്‌കൂൾ പഠന ശേഷം ഗ്രാജ്വേഷനും പോസ്റ്റ് ഗ്രാജ്വേഷനും വേണം. നിയമത്തിലും വൈദ്യശാസ്ത്രത്തിലും എൻജിനീയറിംഗിലും തുടർപഠനം ലഭ്യമാക്കണം. ഇതെല്ലാം മർക്കസ് സാധിച്ചെടുത്തു.

പത്തിന പരിപാടികൾ പിന്നീട് ഇരുപതിന പരിപാടികളായി ഭരണഘടനയിൽ ഭേദഗതി വരുത്തി. നോളജ് സിറ്റിയും വിവിധ സമൂഹങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികളും മർകസ് സ്ഥാപിച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങളുടെ കരളിൽ വിദ്യയുടെ സമൃദ്ധി രൂപപ്പെട്ടു. ഇന്ത്യൻ മുസ്്ലിംക്ക് അഭിമാനമായ മഹത്തായ സാംസ്‌കാരിക കേന്ദ്രം, കൾച്ചറൽ സെന്റർ നോളജ് സിറ്റിയിൽ ഉയർന്നുവരികയാണ്. മർകസിലൂടെ കേരളത്തിലെ സുന്നികൾക്ക് ലഭ്യമായത്, വിജ്ഞത്തിന്റെയും സംസ്‌കാരത്തിന്റെയും നവീനമായ മുന്നേറ്റമാണ്. ആ മുന്നേറ്റം കൂടുതൽ ശോഭയോടെ എല്ലായിടത്തേക്കും പ്രചരിപ്പിക്കാൻ മർകസ് ഡേ എന്ന പേരിൽ, ഏപ്രിൽ 18 ലെ സ്ഥാപകദിനം ആചരിക്കുകയാണ്. എല്ലാ സുഹൃത്തുക്കളും സഹകരിക്കണം. കൾച്ചറൽ സെന്ററിന്റെ അഭിമാനകരമായ പൂർത്തീകരണത്തിന് യൂനിറ്റുകളിൽ നിന്ന് നിർദേശിക്കപ്പെട്ട വിഹിതം മർകസിനായി സ്വരൂപിക്കണം. പൊതുജനങ്ങളാണ് മർകസിന്റെ കരുത്ത്. മർകസിന്റെ രീതി ശാസ്ത്രം സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റമാണ്. അതിനാൽ, ഇങ്ങോട്ടുള്ള വിമർശനങ്ങൾ വരുമ്പോൾ പോലും, വളരെ നല്ല നിലയിലാകണം പ്രതികരണങ്ങൾ. വിജ്ഞാനിയുടെ ഭാഷയും രീതിയുമാണല്ലോ മർകസിന്റെ ഉത്പങ്ങളുടെയും സ്‌നേഹജനങ്ങളുടെയും രീതി. ഗവണ്മെന്റിൽ നിന്ന് വിദ്യാഭ്യാസ പരമായി ലഭിക്കാനുള്ള അവകാശങ്ങൾ നാം പരമാവധി നേടിയെടുക്കുന്നു. സമുദായത്തിന്റെ പ്രശ്നങ്ങൾ സജീവമായി സർക്കാറുകളെ ഉണർത്തുന്നു. നിരവധി വിഷയങ്ങളിൽ നാം പരിഹാരം കണ്ടല്ലോ. ഋജുവായ മർകസിന്റെ സമീപനം അനേകായിരങ്ങളിൽ സത്യസന്ദേശം പ്രചരിപ്പിക്കുന്നതിന് നിമിത്തമായി. അല്ലാഹു ഏൽപ്പിച്ച അമാനത്താണ് മർകസ്. നാടിന്റെ നാനാ ഭാഗങ്ങളിലും മർകസും കാന്തപുരം ഉസ്താദും നമുക്കും നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയ പ്രാർഥനാമന്ദിരങ്ങൾ, കുഴൽ കിണറുകൾ, യതീംഖാനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വെൽഫെയർ പദ്ധതികൾ തുടങ്ങിയവ മർകസിനോട് കൂടുതൽ വിധേയത്വം ഉണ്ടാക്കാൻ, നമ്മുടെ ഏറ്റവും വലിയ അടയാളങ്ങൾ ആയി ഉയർത്തിക്കാണിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കാൻ സുന്നി സമൂഹത്തിനും ഇസ്്ലാമിക സമൂഹത്തിനും കഴിയില്ല.

ഇന്ന് മർകസ് ദിനാചരണം നടക്കുന്നതിന് തിളക്കം കൂടുതലുണ്ട്. ശൈഖുനാ ഉസ്താദ് രചിച്ച പുതിയ കൃതി, സ്വഹീഹുൽ ബുഖാരിയുടെ എട്ട് വാല്യങ്ങളടങ്ങിയ ശറഹ് തദ്കീറുൽ ബാരി എന്ന ഗ്രന്ഥം ഇന്ന് പ്രകാശിതമാകുകയാണ്. ഈ കൃതി പണ്ഡിതരും വിദ്യാർഥികളും കൈവശപ്പെടുത്തണം. മർകസിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ഈ ദിനം ഉപയോഗിക്കണമെന്നും അഭ്യർഥിക്കുന്നു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest