Business
ഷാർജ മുവൈലയിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
ഷാർജ | ലുലു ഗ്രൂപ്പിൻ്റെ 198ാം ഹൈപ്പർ മാർക്കറ്റ് ഷാർജ മുവൈലയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസാണ് ഈ വർഷത്തെ ലുലു ഗ്രൂപ്പിൻ്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവഹിച്ചത്.
170,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നാല് നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിശാലമായ ഫുഡ് കോർട്ട്, എക്സ്ചേഞ്ച്, ജ്വല്ലറി, ഫാർമസി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഷാർജ മുവൈലയിലേയും സമീപ പ്രദേശങ്ങളിലെയും സ്വദേശികൾക്കും താമസക്കാർക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നൽകുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് പ്രകടമാണ്. ഭരണനേതൃത്വത്തിൻ്റെ യഥാസമയമുള്ള ഇടപെടലുകൾ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിലും കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇ- കൊമേഴ്സ് സ്റ്റോറുകൾ ഉൾപ്പെടെ 12 ഹൈപ്പർമാർക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളിൽ തുറന്നത്. യു എ ഇയിൽ മാത്രം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇരുപതിലധികം ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. ഷാർജ ബുത്തീന, സംനാൻ, ദുബായ് സിലിക്കോൺ ഒയാസിസ്, സത്വ, മൻകൂൽ, സൂഖ് വർസാൻ, ദുബായ് സൗത്ത്, അബുദാബി റിയാദ് സിറ്റി, അൽ വത്ബ തുടങ്ങിയവ ഉൾപ്പെടെയാണിത്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, ലുലു ഡയറക്ടർ എം എ സലീം, ലുലു ഷാർജ റീജ്യനൽ ഡയറക്ടർ നൗഷാദ് എം എ, ലുലു കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു,
---- facebook comment plugin here -----