Articles
ഇന്ത്യയിലേക്ക് വരുമ്പോള്‍ പേടിയാണ് മുദ്ര

2016 നവംബറിലാണ് സംഭവം. യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനത തിരഞ്ഞെടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാധ്യമങ്ങളോട് ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയുണ്ടായി. “വോട്ടര്‍മാര്‍ അവരുടെ തീരുമാനമെടുത്തു എന്നതാണ് ശരി. അമേരിക്കന്‍ തിരഞ്ഞെടുപ്പിലോ അതിന്റെ ഫലത്തിലോ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. സോഷ്യല്‍ മീഡിയ വഴി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്.”
ജനുവരി ആറാം തീയതി ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ ഐ ടി കമ്പനികള്‍ നിരോധിച്ചപ്പോഴാണ് ഈ പ്രഖ്യാപനം ഓര്‍മ വന്നത്. യു എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടുകൊണ്ട് ട്രംപ് അനുയായികള്‍ നടത്തിയ കലാപം ആഗോളതലത്തില്‍ വലിയ വിമര്‍ശങ്ങളാണ് ഏറ്റുവാങ്ങിയത്. ഇത്തരമൊരു ജനാധിപത്യവിരുദ്ധ നീക്കത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തേ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി സിയില്‍ ഇത്രമേല്‍ ഗൗരവത്തിലുള്ള സുരക്ഷാ ലംഘനങ്ങള്‍ നടന്നത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരേയുള്ള ആക്രമണം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ തന്നെ നിലപാടുകളെയാണ് മാരകമായി പരുക്കേല്‍പ്പിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചത്. ഒപ്പം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ആമസോണ്‍ വെബ് സര്‍വീസ്, സ്‌നാപ് ചാറ്റ്, റെഡിറ്റ്, ട്വിച്ച്, ലിക്വിഡ് വെബ് എന്നിവയും തങ്ങളുടെ പോളിസിക്ക് വിപരീതമായി ഉള്ളടക്കം വന്നതിനാലും കലാപത്തിന് പ്രേരിപ്പിച്ചതിനാലും ട്രംപിന്റെയും സഹകാരികളുടെയും സോഷ്യല്‍ മീഡിയഅക്കൗണ്ടുകള്‍ മരവിപ്പിക്കുകയുണ്ടായി. തന്റെ തോല്‍വി ഔദ്യോഗികമായി സമ്മതിച്ചതിനാലും കലാപം ഉണ്ടാക്കരുതെന്ന് അനുകൂലികളോട് പ്രഖ്യാപനം നടത്തിയതിനാലും ചില കമ്പനികള്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ വീണ്ടും അനുവദിച്ചെങ്കിലും സമൂഹ മാധ്യമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ അക്കൗണ്ടുകള്‍ക്കെതിരെ ഇത്രമേല്‍ വ്യാപകമായി നടപടികളുണ്ടാകുന്നത്.
എന്തുകൊണ്ടാണ് ജനാധിപത്യ വിരുദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് പങ്കുവഹിച്ച ഇന്ത്യയിലെ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നീക്കം നടത്താന്‍ ഇതേ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കഴിയാത്തത്? അത്തരമൊരു അന്വേഷണമാണ് ദി അറ്റ്‌ലാന്റിക് മാഗസിന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച “ട്രംപിനെ വിലക്കി, അടുത്തതാര്” എന്ന പഠനത്തില്‍ വിശദീകരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ നടപടിയില്‍ അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെടുന്ന പ്രസ്തുത റിപ്പോര്‍ട്ട് പക്ഷേ, ചില സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ ഇതേ നടപടികളുമായി മുന്നോട്ടുപോകാനുള്ള ശേഷിയില്ലായ്മയില്‍ വലിയ ആശങ്കകളുണ്ടെന്നാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളെ, പ്രത്യേകിച്ച്, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഐ ടി-മീഡിയ കമ്പനികളെ എത്രമേല്‍ ഭീകരമായാണ് മോദിയും വലതുപക്ഷ രാഷ്ട്രീയ സംവിധാനവും കീഴടക്കിയിരിക്കുന്നതെന്ന് ഹാര്‍വാര്‍ഡ് ബെര്‍ക്ക്മാന്‍ ക്ലീന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി മേധാവി എവിലിന്‍ ഡ്യൂക്ക് എഴുതിയ മാധ്യമ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികളെ തിരഞ്ഞെടുപ്പ് വിജയത്തിനായി വളരെ കൃത്യമായി ഉപയോഗിച്ച രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ഒപ്പം, അത്തരം മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ അജന്‍ഡകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളായി നിലനിര്‍ത്താനുള്ള നിയമ നീക്കങ്ങളും നയങ്ങളും രൂപപ്പെടുത്തി. തനിക്കെതിരെയോ തന്റെ സര്‍ക്കാറിനെതിരെയോ നടക്കുന്ന ഓരോ നീക്കവും കൃത്യമായി അനലൈസ് ചെയ്യാനും അത്തരം വിവരങ്ങളും ഉള്ളടക്കങ്ങളും കൃത്യസമയത്ത് നീക്കം ചെയ്യാനുമുള്ള പോളിസികള്‍ ഇത്തരം കമ്പനികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അജന്‍ഡകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്നു. ഇന്ത്യയില്‍ ബിസിനസ് നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് ഒരു കമ്പനിയും നീങ്ങില്ലെന്ന ഉറപ്പിന്മേലാണ് അത്തരം പോളിസികള്‍ നടപ്പാക്കാനും വിജയിപ്പിക്കാനും സാധിക്കുന്നത്. രാജ്യസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ഏജന്‍സികളും ഡാറ്റാ അനലൈസിംഗ് വിഭാഗങ്ങളും ഈ ലക്ഷ്യത്തിനായി കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ദേശീയ, പ്രാദേശിക പത്രങ്ങളെയും ന്യൂസ്ചാനലുകളെയും നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ വിദേശ ഐ ടി സംരംഭങ്ങളെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ 2020 ആഗസ്റ്റിലാണ് Facebook HateSpeech Rules Collid With Indian Politics എന്ന തലക്കെട്ടില്‍ മുഴുനീളന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എത്രമേല്‍ വലിയ ജനാധിപത്യവിരുദ്ധത നടന്നാലും കേന്ദ്രസര്‍ക്കാറിനെതിരെയോ ബി ജെ പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ക്കെതിരെയോ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് ഒരുക്കമല്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്. ബി ജെ പി നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കുമെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദീകരണം. ബി ജെ പിക്കാരുടെ വിദ്വേഷ പ്രഭാഷണങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ അത് കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് സാധ്യതകള്‍ തകര്‍ക്കും എന്ന് ഫേസ്ബുക്ക് എക്സിക്യൂട്ടീവ് പറഞ്ഞതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരെയും മുമ്പുണ്ടായിരുന്നവരെയും ഉദ്ധരിച്ചുകൊണ്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഇന്ത്യയിലെ സംഘ്പരിവാരവും ഏറെക്കുറെ വെറുപ്പിന്റെ രാഷ്ട്രീയ അജന്‍ഡകളാണ് നടപ്പാക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. അമേരിക്കയിലെ അതിശക്തമായ നിയമവ്യവസ്ഥിതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളും താരതമ്യേന ദുര്‍ബലവും രാഷ്ട്രീയ പ്രേരിതവും സര്‍വോപരി കോര്‍പറേറ്റ് മേധാവിത്വവുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഫേസ്ബുക്കും മോദിയുടെ ഫേസ്ബുക്കും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയേണ്ടത്. ഒരുപക്ഷേ, ട്രംപിനേക്കാള്‍ ജനവിരുദ്ധ രാഷ്ട്രീയ തീരുമാനങ്ങളും ജനാധിപത്യവിരുദ്ധതയും മോദിയുടെ രാഷ്ട്രീയത്തില്‍ വ്യക്തമായി കാണാമെങ്കിലും തന്റെ നയനിലപാടുകള്‍ക്ക് മീതെ പറക്കാനുള്ള ഒരു ചെറിയ സാധ്യത പോലും അനുവദിക്കാതിരിക്കാനുള്ള ജാഗ്രതയും സംവിധാനങ്ങളും സന്നാഹങ്ങളും നേരത്തേ ഒരുക്കിക്കഴിഞ്ഞുവെന്നതാണ് മോദിയുടെ വിജയം. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനികളുടെ പ്രധാന പരിമിതിയും അതുതന്നെ. അത്തരം പരിമിതികള്‍ മറികടക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ബിസിനസ് പ്രതിസന്ധിയിലാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഐ ടി കമ്പനികളെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.