Gulf
ജി സി സി ഉച്ചകോടിക്ക് ചരിത്രമുറങ്ങുന്ന പര്‍വത നിരകളുടെ നാട് ഒരുങ്ങി

അൽ ഉല | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ജനുവരി അഞ്ചിന് നടക്കുന്ന ജി സി സി ഉച്ചകോടിക്ക് ചരിത്രമുറങ്ങുന്ന പര്‍വത നിരകളുടെ നാട് ഒരുങ്ങി. ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഉച്ചകോടിക്ക് ചരിത്ര പ്രാധാന്യമുള്ള സ്ഥലം തിരഞ്ഞടുക്കുന്നത്. പത്താം തവണയാണ് സഊദി അറേബ്യ ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്.
ഗൾഫ് മേഖലയിലെ രാഷ്ട്രീയ, വികസന, സാമ്പത്തിക പ്രശ്‌നങ്ങളും വെല്ലുവിളികളും ഉച്ചകോടിയിൽ ചർച്ചചെയ്യും. ഉച്ചകോടിക്ക് മുന്നോടിയായി ബഹ്‌റൈനിൽ വെച്ച് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ പ്രിപ്പറേറ്ററി മീറ്റിംഗ് നടന്നിരുന്നു. ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ മീറ്റിംഗും പൂർത്തിയാക്കിയിരുന്നു.
ഖത്വര്‍ തര്‍ക്കം പരിഹരിക്കാനുള്ള വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ. ഖത്വറുമായുള്ള തർക്കം പരിഹരിക്കുന്നതിൽ നല്ല പുരോഗതി കൈവരിച്ചതായി നേരെത്തെ കുവൈത്ത് അറിയിച്ചിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ആതിഥേയ രാജ്യമായ സഊദി നേരിട്ടാണ് ക്ഷണിച്ചത്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണക്കത്ത് ജി സി സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫ് അമീറിന് നേരിട്ട് ക്ഷണപത്രം കൈമാറിയിരുന്നു. ഉച്ചകോടിയില്‍ മൂന്നു വര്‍ഷത്തിലേറെയായി ജിസിസി രാജ്യങ്ങൾക്കിടയിൽ തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ സഊദി, ബഹ്‌റൈൻ, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി ഖത്വറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ്. അംഗ രാജ്യങ്ങൾക്ക് പുറമെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ സീസിയും പങ്കെടുക്കുന്നുണ്ട്.
മദീന ഗവർണറേറ്റിലെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അൽ ഉല ചരിത്രപരമായ നഗരം കൂടിയാണ്. രാജ്യത്തെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ മദാഇൻ സാലിഹും ഈ പ്രദേശത്താണുള്ളത്. അൽ ഉല നഗരത്തിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് മദായിൻ സ്വാലിഹിലേക്കുള്ളത്.
---- facebook comment plugin here -----