Connect with us

Health

സൈബർ അഡിക്ഷൻ; ലക്ഷണങ്ങളറിയാം, വേണം മുൻകരുതൽ

Published

|

Last Updated

ലഹരി ആസക്തി രോഗം പോലെ അനുദിനം വർധിച്ചുവരുന്ന കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ, ഗെയിം അഡിക്ഷനാണ് ഇന്നത്തെ കൗമാര യുവതീ യുവാക്കളിൽ പടർന്നുപിടിച്ചിട്ടുള്ള മാരകരോഗം. അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു ഇവ. കമ്പ്യൂട്ടർ സാങ്കേതികവിദ്യ വളരെയേറെ വികാസം പ്രാപിച്ച ഇക്കാലത്ത്, കമ്പ്യൂട്ടറിനു മുന്നിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകൾ ദിനംപ്രതി കൂടിവരികയാണ്. ഇത്തരത്തിലുള്ള കമ്പ്യൂട്ടർ പ്രണയം നിങ്ങളുടെ ജോലി, ജീവിതം, ബന്ധങ്ങൾ എന്നിവയിൽ കാതലായ മാറ്റങ്ങളുണ്ടാക്കുമെന്നതിൽ തർക്കമില്ല. നമുക്ക് നേരിട്ട് കാണാനും കേൾക്കാനും സ്പർശിക്കാനും കഴിയുന്ന സുഹൃത്തുക്കളേക്കാളേറെ ഓൺലൈൻ സൗഹൃദങ്ങൾ ഇഷ്ടപ്പെടൽ, കമ്പ്യൂട്ടർ ഗെയിമുകളിൽനിന്നും മറ്റും വിട്ടുനിൽക്കാൻ കഴിയാത്ത അവസ്ഥ, ഐപ്പോഡ്, സ്മാർട്ട്‌ഫോൺ, പ്ലേസ്റ്റേഷൻ എന്നിവയുടെ അമിത ഉപയോഗം എന്നിവയെല്ലാം നിങ്ങൾ കമ്പ്യൂട്ടറിന് അടിമയാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്റർനെറ്റ് അഡിക്ഷൻ, ഓൺലൈൻ അഡിക്ഷൻ എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ഒരു മുൻകരുതലെന്നോണം അറിഞ്ഞിരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്.

ശരിയായ രീതിയിലും ഉത്തരവാദിത്വത്തോടെയും ഉപയോഗിച്ചാൽ മികച്ച സാമൂഹിക ബന്ധങ്ങൾ നിലനിർത്താനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഇന്റർനെറ്റ്. എന്നിരുന്നാലും ഓൺലൈൻ ബന്ധങ്ങൾ ചിലപ്പോൾ യഥാർഥ ജീവിതത്തിലെ ബന്ധങ്ങളെക്കാൾ തീവ്രമാകാറുണ്ട്. മനസ്സിലെ ഭാവനകളെ പൂർണമായും സ്വതന്ത്രമാക്കാനുള്ള വേദികളായാണ് ഓൺലൈൻ സൗഹൃദങ്ങളെ ഇന്റർനെറ്റ് അടിമകൾ കാണുന്നത്. പ്രായം, ലിംഗം, ശരീരപ്രകൃതി, ജോലി, വിവാഹം, സ്വഭാവം എന്നിവയെക്കുറിച്ച് കളവ് പറയുന്നവരാണ് ഓൺലൈൻ സൗഹൃദങ്ങളിലെ ഭൂരിഭാഗവും. അത്തരം തട്ടിപ്പുകൾ വെളിപ്പെടുന്നത് പലപ്പോഴും നേരിൽ കാണുമ്പോൾ മാത്രമായിരിക്കും.

ഇന്റർനെറ്റ് വഴിയുള്ള അശ്ലീലവും ലൈംഗികതയും ആസ്വദിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. മണിക്കൂറുകളോളം സ്വകാര്യമായി യഥാർഥ ജീവിതത്തിൽ തികച്ചും അസാധ്യമായ കാര്യങ്ങളിൽ മുഴുകാൻ ഇന്റർനെറ്റ് പ്രേരിപ്പിക്കുന്നു. ഇന്റർനെറ്റ് വഴി അശ്ലീല ദൃശ്യങ്ങൾ കാണുക, അശ്ലീലഭാഷണങ്ങളിൽ മുഴുകുക എന്നിവയിലൂടെ യഥാർഥ ജീവിതത്തിൽനിന്നും അകന്നുപോകുന്ന അവസ്ഥ സംജാതമാകും. ആരോഗ്യപരമായ ലൈംഗികത നിയമപരമായ ബന്ധങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ളതാണ്. ഇന്റർനെറ്റ് വഴിയുള്ള അശ്ലീലതയിലും ലൈംഗികതയിലും മുഴുകുന്നത് കുടുംബബന്ധം, സുഹൃത്ബന്ധങ്ങൾ, ജോലി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റർ മുതലായ സാമൂഹിക ശൃംഖലകളിലും ചാറ്റിംഗിലും മുഴുകി അമിതമായി സമയം കളയുന്നത് അടുത്ത ബന്ധങ്ങളേയും സുഹൃത്തുക്കളേയും ഇല്ലാതാക്കുന്നു.

ഓൺലൈൻ ചൂതാട്ടം

ചൂതാട്ടം എന്ന സംഗതിക്ക് യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ അതിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഇന്റർനെറ്റ് വഴിയുള്ള ചൂതാട്ടം വളരെ എളുപ്പമായതിനാൽ അതിന് അടികളാകുന്നവരുടെ എണ്ണവും ഇന്ന് കൂടിവരികയാണ്. സാമ്പത്തികവും ജോലിസംബന്ധവുമായ പ്രശ്‌നങ്ങളായിരിക്കും മിക്കപ്പോഴും അവരെ കാത്തിരിക്കുന്നത്.

ഗെയിമിന് അടിമയാകൽ

ഇന്റർനെറ്റ് വഴിയോ അല്ലാതെയോയുള്ള സോളിറ്റൈയ്ർ, മൈൻസ്‌സ്വീപ്പർ തുടങ്ങിയ കമ്പ്യൂട്ടർ ഗെയിമുകളും ലഹരി പിടിപ്പിക്കുന്ന മറ്റ് ചില കമ്പ്യൂട്ടർ പ്രോഗ്രാമുകളും ആളുകളെ ഇവക്ക് അടിമയാക്കുന്നവയാണ്. ഇവയിൽ സൈബർ രതി, ഓൺലൈൻ ചൂതാട്ടം, സൈബർ ബന്ധങ്ങൾ എന്നിവക്ക് അടിമയാകുന്നവരാണ് ഏറെയും.

ഒരു മൊബൈലിലോ ലാപ്‌ടോപ്പിലോ വിരലൊന്നമർത്തിയാൽ അറിവിന്റെയും വിനോദത്തിന്റെയും വിസ്മയലോകം തുറക്കുന്ന സംവിധാനമാണ് ഇന്റർനെറ്റ്. എല്ലാ വ്യക്തികളുടെയും ഇന്റർനെറ്റ് ഉപയോഗം ഒരുപോലെയല്ല. ജോലി സംബന്ധമായ കാര്യങ്ങൾക്കോ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുമായുള്ള ആശയവിനിമയത്തിനോ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, നിങ്ങളുടെ സമയം, ജോലി, കുടുംബ ബന്ധങ്ങൾ, മറ്റ് പ്രധാന കാര്യങ്ങൾ എന്നിവക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ മുഴുകുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ നിറഞ്ഞ ജീവിതത്തിനിടയിലും ഇന്റർനെറ്റ് ഉപയോഗം ഒരു ലഹരിയായി കരുതുന്നവർ ഒരു പുനർവിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്.

---- facebook comment plugin here -----

Latest