Connect with us

Articles

കൊവിഡാനന്തരം: ബദല്‍ ലോകം സാധ്യമാണ്‌

Published

|

Last Updated

കൊവിഡാനന്തരം ലോകം പുതിയ അവസ്ഥയിലേക്കായിരിക്കും പ്രവേശിക്കുക എന്ന് പലരും കണക്കുകൂട്ടുന്നു. ഇതിനകം 60 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു എന്ന് അവകാശപ്പെടുന്ന ഒരു ദൃശ്യം ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെട്ടു. കിടപ്പറയില്‍ കുട്ടിയെ ഉറക്കാന്‍ കഥകള്‍ പറഞ്ഞു ശീലിച്ച ഒരു രക്ഷിതാവിനോട് കുട്ടി ചോദിക്കുന്നു, ഇത്രയേറെ കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തരാന്‍ ഇത്രയും ചെറിയ ഈ വൈറസിന് കഴിഞ്ഞെങ്കില്‍ ഇതിലും ചെറിയ വൈറസിന് എന്തൊക്കെ പുതിയ കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തരാന്‍ കഴിഞ്ഞേക്കും. അര്‍ഥവത്താണ് കുട്ടിയുടെ ചോദ്യങ്ങള്‍. നമ്മള്‍ വലിയ വലിയ കാര്യങ്ങളുടെ പിന്നാലെ പായുന്നു. അവ നമുക്ക് പിടിതരാതെ ഓടിയകലുന്നു. ഇനി നമുക്ക് ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാം. അതായിരിക്കും കൂടുതല്‍ സന്തോഷവും സമാധാനവും തരിക.
പൊതുജനാരോഗ്യ സംരക്ഷണം ശമ്പളം പറ്റുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം മാത്രമാണെന്നും നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ നമുക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ലെന്ന മിഥ്യാധാരണയുടെ കരണത്തേറ്റ അടിയായിരുന്നു കൊവിഡ് 19ന്റെ താണ്ഡവ നൃത്തം. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന ലോക മുതലാളിത്തത്തിന്റെ യന്ത്രം മൊത്തം സ്തംഭിച്ചു. ഈ തുരുമ്പിച്ച യന്ത്രം ഉപേക്ഷിച്ച് തത്്സ്ഥാനത്ത് മറ്റൊരു ബദല്‍ യന്ത്രം പ്രവര്‍ത്തനക്ഷമമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും കൊവിഡാനന്തര ലോകം നമുക്കവസരം നല്‍കിയിരിക്കുന്നു.

ലോകം മാറുകയാണ്. കൊവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ലോകം അതിന് മുമ്പുള്ള ഒരു ലോകമല്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. യാത്രകള്‍ ഒട്ടൊക്കെ വെട്ടിച്ചുരുക്കപ്പെട്ടു. ജീവിതം വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. പണ്ട് വീട് രാത്രി ചേക്കേറാനുള്ള ഒരു സുരക്ഷിത സങ്കേതം മാത്രമായിരുന്നു നമുക്ക്. വീടുകള്‍ ഇന്നങ്ങനെ അല്ലാതായിരിക്കുന്നു. വീട് കൂട് മാത്രമല്ല പണിയിടങ്ങളും പാഠശാലകളും ആരാധനാ സ്ഥലങ്ങളും എല്ലാം കൂടി ആയിരിക്കുന്നു. കോണ്‍ഫറന്‍സുകളും കൂടിയാലോചനകളും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഷോപ്പിംഗ് മാളുകളിലേക്ക് പോകേണ്ടതില്ല, അവ നമ്മെ തേടി വീട്ടുവാതില്‍ക്കല്‍ എത്തിക്കൊള്ളും. കഴിഞ്ഞ മണ്ഡല കാലത്തവിടെ നടന്ന കോലാഹലങ്ങളൊന്നും ഈ മണ്ഡല കാലത്ത് നടക്കാനിടയില്ല.

അവികസിത നാടുകളെയല്ലാതെ വികസിത സമ്പന്ന രാജ്യങ്ങള്‍ക്കെതിരെ വൈറസിനൊരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നാശ്വസിച്ചിരുന്ന വന്‍ശക്തി രാജ്യങ്ങളുടെ കണക്കുകൂട്ടല്‍ പിശകി. ഒരു പ്രായക്കാരോടും ഒരു മതജാതിവിഭാഗങ്ങളോടും കൊവിഡ് പ്രത്യേകിച്ചൊരു വേര്‍തിരിവും പ്രകടിപ്പിച്ചില്ല. ഏതാനും മാസം രാജ്യം ആകെ അടച്ചിട്ടാല്‍ വൈറസ് പേടിച്ചു പോകുമെന്നും പാട്ടകള്‍ കൊട്ടിയോ വിളക്കുകള്‍ തെളിയിച്ചോ ഈ ഭീകരനെ ആട്ടിയകറ്റാമെന്നുമൊക്കെയുള്ള വ്യാമോഹങ്ങള്‍ വൃഥാവിലായി. പ്രസിദ്ധ നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി ഒരു പോര്‍ട്ടലില്‍ പ്രതികരിച്ചത് പോലെ, വൈറസ് ഒച്ചയും അനക്കവും ഒന്നും ഉണ്ടാക്കാതെ അന്തര്‍ ദേശീയ കച്ചവട കേന്ദ്രങ്ങളുടെ പാതയോരങ്ങളിലൂടെ സഞ്ചരിച്ച് മുമ്പില്‍ നടന്നവരെ കൂട്ടത്തോടെ ബന്ധിതരാക്കി, അവരുടെ വീടുകളിലേക്ക് പറഞ്ഞുവിട്ടു. വാണിജ്യ തലസ്ഥാനങ്ങള്‍ ആദ്യവും പിന്നാലെ മറ്റു പ്രാന്തപ്രദേശങ്ങളും അടച്ചുപൂട്ടപ്പെട്ടു. രാജ്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്നോണം കൊവിഡിന് മുമ്പില്‍ അടിയറവു പറഞ്ഞു.

മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നില്‍ക്കുന്ന പലതിനെയും തുടച്ചുമാറ്റാനുള്ള അവസരം സംജാതമായിരിക്കുന്നു. ഇതുവരെയും അന്യരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അവരുടേത് മാത്രമായിരുന്നു. ഇനിമേല്‍ ഓരോരുത്തരുടെയും ദുരിതങ്ങള്‍ എല്ലാവരുടെയും ദുരിതമാണെന്ന ബോധം ഉരുത്തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സൗജന്യ കിറ്റ് വിതരണമുള്‍പ്പെടെയുള്ള റേഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കൈവരിച്ച കുറ്റമറ്റ റേഷനിംഗ് സമ്പ്രദായം കേവലം വോട്ടുബേങ്കില്‍ കണ്ണുനട്ടുള്ള ഒരു താത്കാലിക പരിഷ്‌കാരമാണെന്ന് മുറവിളികൊണ്ട ഇപ്പോഴത്തെ പ്രതിപക്ഷത്തിന് കൈകഴുകാന്‍ ആകുമെന്ന് തോന്നുന്നില്ല. നാളെ അവര്‍ അധികാരത്തില്‍ വന്നാലും അവര്‍ക്കിത് തുടരേണ്ടി വരും. അല്ലാത്തപക്ഷം ആനുകൂല്യങ്ങളുടെ രുചിയറിഞ്ഞ ജനം അവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും അധികാരത്തില്‍ നിന്ന് വലിച്ചു താഴെയിടുകയും ചെയ്‌തെന്ന് വരും. പൊതുചികിത്സാസ്ഥാപനങ്ങള്‍ മാത്രമല്ല പൊതുവിദ്യാലയങ്ങളും കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞു. സ്വകാര്യ ചികിത്സാലയങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനൊത്ത് മാറുന്നില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.

ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിച്ചിരുന്നതും മൂടിവെച്ചതുമായ പലതും പുറം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ തലസ്ഥാന നഗരി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ജനങ്ങളെത്രമാത്രം ദാരിദ്ര്യം അനുഭവിക്കുന്നു എന്ന് നമ്മളറിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വന്തം നാട്ടിലേക്കുള്ള മരണപ്പാച്ചിലിന്റെയും തിരിച്ചുവരവിന്റെയും ദാരുണ ചിത്രം നമ്മുടെ മനസ്സില്‍ നിന്ന് മാറാതെ നില്‍ക്കുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് 475 കി.മീ അകലെയുള്ള കാണ്‍പൂരിലേക്ക് കാല്‍നടയായി മൂന്ന് പിഞ്ചു കുട്ടികളെയും കൂട്ടി അവരുടെ രക്ഷിതാക്കള്‍ പോയതും ദീര്‍ഘമായ നടത്തത്തിനിടയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വിയര്‍പ്പിലും പൊടിയിലും മുങ്ങി വരണ്ടു വിണ്ടുകീറി പുഴുവരിക്കുന്ന ശരീരവുമായി കാണപ്പെട്ടതു പോലുള്ള പല വാര്‍ത്തകളും കൊവിഡ് കാലമായതുകൊണ്ട് മാത്രമാണ് പുറംലോകം അറിഞ്ഞത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇത്തരം മരണങ്ങളെല്ലാം കൊവിഡ് കണക്കില്‍ ചേര്‍ത്ത ഭരണാധികാരികള്‍ ആശ്വസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഒട്ടുമിക്ക മരണങ്ങളുടെയും കാരണം ദാരിദ്ര്യവും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.

കൊവിഡ് 19നേക്കാള്‍ അപകടകാരികളായ ഒട്ടേറെ വൈറസുകള്‍ നമുക്കിടയില്‍ ഏറെക്കാലമായി സജീവമായിരുന്നു. ജാതി, മത, വര്‍ഗീയ, ലിംഗ വിവേചനങ്ങളെ ആസ്പദമാക്കിയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍. കൊവിഡിന് പ്രതിരോധ വാക്‌സിന്‍ തയ്യാറാക്കുന്ന ജോലിയില്‍ ശാസ്ത്രലോകം വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മേല്‍ പറഞ്ഞ വൈറസുകളെ ഉന്മൂലനം ചെയ്യുന്ന ജോലി സാമൂഹിക ശാസ്ത്രജ്ഞര്‍ തന്നെ ഏറ്റെടുക്കേണ്ടി വരും.

കാര്യങ്ങള്‍ ഒന്നും പഴയപടി ആയിട്ടില്ല. മനുഷ്യര്‍ക്ക് നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ കഴിയുന്നില്ല. പഴയത് പോലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അസാധ്യമാണെന്ന് വന്നിരിക്കുന്നു. എല്ലാവരും യുദ്ധക്കളത്തില്‍ മുറിവേറ്റ് വീഴുന്നു. ആഗോള ധനകാര്യ വ്യവസ്ഥയെ ആകെ കൊവിഡ് അട്ടിമറിച്ചിരിക്കുന്നു. ഇക്കണോമിക്‌സിന് പകരം കൊറോണമിക്‌സ് എന്നുവരെയുള്ള പ്രയോഗം നിലവില്‍ വന്നുകഴിഞ്ഞു.

ഡല്‍ഹിയിലെ വിദ്യാജ്യോതി കോളജിന്റെ പ്രിന്‍സിപ്പല്‍ ജോണ്‍ ആര്‍ പുഡോറ്റാ എഴുതുന്നു. ഞാനെന്റെ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഒരു ദൃശ്യമാണ് കഴിഞ്ഞ ദിവസം കണ്ടത്. വാര്‍ധക്യപീഠയില്‍ അകപ്പെട്ട ധാരാളം മനുഷ്യര്‍. അവരില്‍ 90 ശതമാനവും ഹിന്ദുക്കളാണ്. സ്ഥലം ഡല്‍ഹിയിലെ വാസിരിബാദ പോലീസ് ട്രെയിനിംഗ് സ്‌കൂളിന്റെ സമീപത്തുള്ള പൊതു നിരത്ത്. അവിടുത്തെ ഒരു മുസ്‌ലിം ജീവകാരുണ്യ സംഘടന മുന്‍കൈയെടുത്ത് സംഘടിപ്പിച്ച സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം. ആ പ്രദേശത്തെ ചില ക്രിസ്ത്യന്‍ സംഘടനകളും ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. വിശക്കുന്ന മനുഷ്യര്‍ ഹിന്ദുക്കളാകട്ടെ, ക്രിസ്ത്യാനികളാകട്ടെ, മുസ്‌ലിംകളാകട്ടെ അവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതില്‍ ഓരോരുത്തരും അവര്‍ക്കാകുന്ന കൈത്താങ്ങുകള്‍ നല്‍ക്കുക. മുസ്‌ലിംകളില്‍ വര്‍ഗീയത ആരോപിച്ച് കുളംകലക്കി മീന്‍പിടിക്കുന്നവര്‍ ഒരു നിമിഷം ഇതൊന്ന് ആലോചിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

Latest